വിദ്യാർത്ഥിയുടെ കൈ മുറിച്ചുമാറ്റിയ  സംഭവം: ഡോക്ടർക്കെതിരെ കേസെടുത്തു

Thursday 24 November 2022 8:40 AM IST

കണ്ണൂർ: ഫുട്‌ബോൾ കളിക്കിടെ വീണ് എല്ലുപൊട്ടി ചികിത്സയിലായിരുന്ന വിദ്യാർത്ഥിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ ഡോക്ടർക്കെതിരെ കേസെടുത്തു. തലശ്ശേരി ജനറൽ ആശുപത്രിയിലെ എല്ലുരോഗ വിദഗ്ദ്ധൻ ഡോ. വിജുമോനെതിരെയാണ് കേസെടുത്തത്. കുട്ടിയുടെ പിതാവിന്റെ പരാതിയെത്തുടർന്നാണ് ചികിത്സാപ്പിഴവിന് കേസെടുത്തത്.

പരാതിയെക്കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മിഷനും ഉത്തരവിട്ടിട്ടുണ്ട്. കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസർ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. ഡിസംബർ 23-ന് കണ്ണൂരിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.തലശ്ശേരി ചേറ്റംകുന്ന് സ്വദേശി സുൽത്താനാണ് ഒരു കൈ നഷ്ടമായത്. സുൽത്താനെ ആദ്യം ചികിത്സിച്ച തലശ്ശേരി ജനറൽ ആശുപത്രിയിലെ ഡോക്ടർമാരുടെ വീഴ്ച കാരണമാണ് കുട്ടിയുടെ കൈ മുറിച്ചുമാറ്റേണ്ടിവന്നതെന്നാണ് ബന്ധുക്കളുടെ പരാതി.

പാലയാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയാണ് സുൽത്താൻ. ഒക്ടോബർ 30 ന് വൈകിട്ടാണ് അപകടം നടന്നത്.തുടർന്ന് തലശേരി ജനറൽ ആശുപത്രിയിലെത്തിച്ചു.എല്ല് പൊട്ടിയിട്ടും ഒരാഴ്ച കഴിഞ്ഞാണ് ആശുപത്രിയിൽ നിന്ന് സർജറി നടത്താൻ പോലും തയ്യാറായത് . അപ്പോഴേക്കും കയ്യിലേക്കുള്ള രക്തയോട്ടം നിലച്ചിരുന്നു എന്നും ബന്ധുക്കൾ ആരോപിക്കുന്നു.