ട്രാഫിക് നിയമം ലംഘിച്ചതിന് വിജയ്‌ക്ക് പിഴ, പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത് സമൂഹമാദ്ധ്യമ ദൃശ്യങ്ങളിൽ നിന്ന്, വീഡിയോ

Thursday 24 November 2022 2:41 PM IST

ചെന്നൈ: അഞ്ച് വർഷത്തിന് ശേഷം തന്റെ ഫാൻസ് അസോസിയേഷൻ അംഗങ്ങളെ കാണാനെത്തിയതിന് പിന്നാലെ തമിഴ് ന‌ടൻ വിജയ്ക്ക് പിഴ ചുമത്തി ചെന്നൈ സിറ്റി ട്രാഫിക് പൊലീസ്. ടിന്റഡ് ഗ്ളാസ് ഒട്ടിച്ച വാഹനം ഉപയോഗിച്ചതിനാണ് താരത്തിന് പിഴ ചുമത്തിയത്.

ദളപതി വിജയ് മക്കൾ ഇയക്കം എന്ന ഫാൻസ് അസോസിയേഷന്റെ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു താരം. ചെന്നൈയിലെ പനയൂരിൽ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സമ്മേളനം. താരത്തെ ഒരുനോക്ക് കാണാനായി അനേകം ആരാധകർ തടിച്ചുകൂടുകയും ചെയ്തിരുന്നു. ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളുമെല്ലാം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ വിജയ് ഉപയോഗിച്ച എസ് യു വി കാറിൽ സൺ കൺട്രോൾ ടിന്റഡ് ഗ്ളാസ് ഉപയോഗിച്ചിട്ടുണ്ടെന്നും ഇത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി ഒരാൾ രംഗത്തെത്തുകയായിരുന്നു. ഗ്രേറ്റർ ചെന്നൈ ട്രാഫിക് പൊലീസിനെ ടാഗ് ചെയ്‌ത് പരാതിക്കാരൻ വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇത് ശ്രദ്ധയിൽപ്പെട്ട പൊലീസ് ടിന്റഡ് ഗ്ളാസ് നീക്കം ചെയ്യാൻ നിർദേശിക്കുകയും പിഴ ചുമത്തുകയുമായിരുന്നു. 500 രൂപയാണ് പിഴ.

മുൻപ് നികുതി അടയ്ക്കാത്തതിന്റെ പേരിലും താരത്തിന് പിഴ ലഭിച്ചിരുന്നു. ഇംഗ്ളണ്ടിൽ നിന്നും ഇറക്കുമതി ചെയ്ത റോൾസ് റോയിസിന് എൻട്രീ ടാക്‌സ് അടയ്ക്കാത്തതിന്റെ പേരിൽ മദ്രാസ് ഹൈക്കോടതി താരത്തിന് ഒരു ലക്ഷം രൂപയാണ് പിഴ ചുമത്തിയത്.