സംസ്ഥാന ടെലിവിഷൻ പുരസ്കാരം പ്രഖ്യാപിച്ചു; കൗമുദി  ടി വിയിലെ 'അളിയൻസി'ന് മൂന്ന് പുരസ്കാരങ്ങൾ

Thursday 24 November 2022 2:49 PM IST

സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങളിൽ മൂന്നു പുരസ്‌കാരങ്ങൾ നേടി കൗമുദി ടി വി സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ ഹാസ്യ പരിപാടിയായ അളിയൻസ്. മികച്ച കോമഡി പ്രോഗ്രാമിനുള്ള പുരസ്‌കാരം അളിയൻസ് കരസ്ഥമാക്കി. അളിയൻസിലെ മികച്ച അഭിനയത്തിന് ചലച്ചിത്ര താരം മഞ്ജു പത്രോസിന് ജൂറിയുടെ പ്രേത്യേക പരാമർശവും ലഭിച്ചു.

അളിയൻസ് സംവിധായകൻ രാജേഷ് തലച്ചിറക്ക് പതിനായിരം രൂപയും ശില്പവും പ്രശസ്തിപത്രവും ലഭിക്കും. അളിയൻസിന്റെ നിർമാതാവ് രാംജി കൃഷ്ണൻ ആറിന് പതിനയ്യായിരം രൂപയും ശില്പവും പ്രശസ്തിപത്രവും ലഭിക്കും. അളിയൻസിലെ തങ്കം എന്ന പ്രധാന കഥാപാത്രത്തെ അയത്ന ലളിതമായി അവതരിപ്പിച്ച അഭിനയ മികവിന് ആണ് മഞ്ജു പത്രോസിന് പുരസ്‌കാരം എന്ന് ജൂറി പരാമർശിച്ചു. ശില്പവും പ്രശസ്തി പത്രവുമാണ് മഞ്ജു പത്രോസിന് ലഭിക്കുക. ജീവിത മുഹൂർത്തങ്ങളെ സ്വാഭാവികത ചോരാതെയും, അതിഭാവുകത്വം ഇല്ലാതെയും മിതവും നൈസര്ഗികവും ആയ അഭിനയ ശൈലിയിലൂടെയും അവതരിപ്പിച്ചുകൊണ്ട് ഹാസ്യം ജനിപ്പിക്കുന്ന പരിപാടി എന്ന് അളിയൻസിനെ ജൂറി വിലയിരുത്തി.