മംഗളൂരു സ്ഫോടനത്തിന്റെ ഉത്തരവാദിത്തമേറ്റ് ഭീകര സംഘടനയുടെ കത്ത്; ലക്ഷ്യമിട്ടത് പ്രശസ്ത ക്ഷേത്രം

Thursday 24 November 2022 3:48 PM IST

ബംഗളൂരു: മംഗളൂരു സ്ഫോടനത്തിന്റെ ഉത്തരവാദിത്തമേറ്റ് ഭീകരസംഘടനയുടെ പേരിൽ കത്ത്. ഇസ്ലാമിക് റെസിസ്റ്രൻസ് കൗൺസിലിന്റെ പേരിലുള്ള കത്താണ് പൊലീസിന് ലഭിച്ചത്. പ്രതികൾ ലക്ഷ്യമിട്ടത് പ്രശസ്ത ക്ഷേത്രമെന്നും കത്തിൽ പറയുന്നു. സംഘടനയെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്.

മംഗളൂരു പൊലീസിന്റെ ഇന്റലിജൻസ് യൂണിറ്റിനാണ് കത്ത് ലഭിച്ചത്. മംഗളൂരു സ്ഫോടനത്തിന്റെ പൂർണ ഉത്തരവാദിത്തം ഇസ്ലാമിക് റെസിസ്റ്രൻസ് കൗൺസിൽ എന്ന സംഘടനയ്ക്കാണെന്നും കത്തിൽ പറയുന്നു. പ്രശസ്തമായ മഞ്ജുനാഥ ക്ഷേത്രത്തിൽ സ്ഫോടനം നടത്തുകയായിരുന്നു ലക്ഷ്യമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. കൂടാതെ പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതലയിലുള്ള അലോക് കുമാർ എസിപിയെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള വരികളും കത്തിലുണ്ട്. അദ്ദേഹത്തിന്റെ ജീവൻ തന്നെ അപകടത്തിലാക്കും എന്നാണ് എഴുതിയിരിക്കുന്നത്.

എന്നാൽ മുമ്പ് ഈ സംഘടനയെ പറ്റി കേട്ടിട്ടില്ലെന്നും മറ്റ് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് കർണാടക പൊലീസ് വ്യക്തമാക്കിയത്. സംഭവത്തിൽ ഊർജിത അന്വേഷണം ആരംഭിച്ചു.