തരൂ‌‌‌‌‌‌ർ പേടി; കോട്ടയത്ത് എ ഗ്രൂപ്പിൽ ഭിന്നത.

Friday 25 November 2022 12:00 AM IST

കോട്ടയം. കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന് അനഭിമതനായ ശശി തരൂരിന് കോട്ടയത്ത് യൂത്ത് കോൺഗ്രസ് സ്വീകരണം ഒരുക്കുന്നത് കൂടിയാലോചന നടത്താതെയെന്നാരോപിച്ച് കോൺഗ്രസിൽ ഭിന്നത. ഡി.സി.സി നേതൃത്വം അറിയാതുള്ള പരിപാടിക്കെതിരെ പ്രസിഡന്റ് നാട്ടകം സുരേഷ് മുതിർന്ന കോൺഗ്രസ് നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി ജോസഫ് എന്നിവ‌ർ രംഗത്തെത്തി. ഉമ്മൻചാണ്ടിയോട് ഏറെ അടുപ്പം പുലർത്തുന്ന യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റുകുര്യൻ ജോയിയാണ് ഈരാറ്റുപേട്ടയിൽ ഡിസംബർ മൂന്നിന് നടക്കുന്ന യൂത്ത് കോൺഗ്രസ് മഹാസംഗമത്തിലേക്ക് ശശി തരൂരിനെ ക്ഷണിച്ചത്. . പരിപാടിയിലേക്ക് ശശി തരൂരിനെ ക്ഷണിച്ചതായി അറിയില്ലെന്ന മറുപടിയാണ് നാട്ടകം സുരേഷും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും നൽകിയത്.

ഉമ്മൻചാണ്ടി ചികിത്സയുടെ ഭാഗമായി വിശ്രമത്തിലാണെങ്കിലും അദ്ദേഹം അറിയാതെ വിശ്വസ്തനായ ചിന്റുകുര്യൻ ജോയി തരൂരിനെ ക്ഷണിക്കില്ലെന്നാണ് എതിരാളികളുടെ പ്രചാരണം. തരൂരിലെ ചൊല്ലി എ ഗ്രൂപ്പിലെ ഭിന്നത മുതലെടുക്കാൻ നോക്കുന്ന ഐ വിഭാഗം കാഴ്ചക്കാരുടെ റോളിൽ നിൽക്കുകയാണ് .

പാലായിൽ കെ.എം.ചാണ്ടി അനുസ്മരണത്തിൽ പങ്കെടുക്കാൻ എത്തുന്ന ശശി തരൂരിനെ ഈരാറ്റുപേട്ട യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പാലിയേറ്റീവ് കെയർ ആംബുലൻസ് വിതരണോദ്ഘാടനത്തിന് ക്ഷണിച്ചു . തരൂർ സമ്മതിച്ചു. ഇതിനിടെയാണ് കോട്ടയത്ത് യൂത്ത് കോൺഗ്രസ് മഹാ സംഗമത്തിലേക്ക് ചിന്റു കുര്യനും ക്ഷണിച്ചത്. കോട്ടയത്ത് വരുമ്പോൾ വൈകുമെന്നതിനാൽ ഈരാറ്റുപേട്ടയിൽ പരിപാടി വയ്ക്കാനുള്ള തരൂരിന്റെ നിർദ്ദേശം സമ്മതിച്ച ചിന്റുകുര്യൻ, പരിപാടി സംബന്ധിച്ച വാട്സ് ആപ്പ് പോസ്റ്റിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ഫോട്ടോ ഒഴിവാക്കി. ഇത് വിവാദമായതോടെ സതീശന്റെയും തിരുവഞ്ചൂരിന്റെയും നാട്ടകം സുരേഷിന്റെയും ചിത്രമുള്ള പുതിയ പോസ്റ്റിടുകയായിരുന്നു.

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയ് പറയുന്നു.

"ഈരാറ്റുപേട്ടയിലെ പരിപാടിക്ക് ശശി തരൂരിന്റെ ഡേറ്റ് കിട്ടിയപ്പോൾ ജില്ലാ കമ്മിറ്റിയിൽ കൂടിയാലോചന നടത്തിയാണ് തീരുമാനമെടുത്തത്. യൂത്ത് കോൺഗ്രസ് സ്വതന്ത്ര്യ നിലപാടുള്ള സംഘടനയാണ്. ഡി.സി.സിയുമായി ആലോചിക്കേണ്ടതില്ല. സമ്മേളന നടത്തിപ്പുമായി ബന്ധപ്പെട്ട യൂത്ത് കോൺഗ്രസിന്റെ പ്ലാറ്റ്ഫോമിൽ അല്ലാതെ മറ്റൊരു ചർച്ചയും നടന്നിട്ടില്ല. യൂത്ത് കോൺഗ്രസിന്റെ അജണ്ട ഈ സമ്മേളനം വിജയിപ്പിക്കുക എന്നുള്ളതാണ്. മറിച്ചുള്ള പ്രചാരണത്തിൽ അടിസ്ഥാനം ഇല്ല.

Advertisement
Advertisement