തലസ്ഥാനത്ത് പ്രഭാതസവാരിക്കിടെ യുവതിയ്ക്ക് നേരെ വീണ്ടും ആക്രമണം; പ്രതി പിടിയിൽ
തിരുവനന്തപുരം: തലസ്ഥാനത്ത് പ്രഭാതസവാരിക്കിടെ യുവതിയെ ആക്രമിച്ച പ്രതി പിടിയിൽ. കരുമം സ്വദേശി ശ്രീജിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ വഞ്ചിയൂർ കോടതിക്ക് സമീപമുള്ള റോഡിലായിരുന്നു സംഭവം. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ വാഹനത്തിന്റെ നമ്പർ കണ്ടെത്തുകയും തുടർന്ന് പ്രതിയെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
രാവിലെ നടക്കാനിറങ്ങിയ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥയെ സ്കൂട്ടറിൽ എത്തിയ ഇയാൾ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ശബ്ദം ഉണ്ടാക്കിയതോടെ യുവതിയെ നിലത്ത് തള്ളിയിട്ട് പ്രതി കടന്നുകളഞ്ഞു. യുവതി അപ്പോൾ തന്നെ വഞ്ചിയൂർ സ്‌റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു.
കഴിഞ്ഞ മാസം തിരുവനന്തപുരം മ്യൂസിയം പരിസരത്ത് നടക്കാനിറങ്ങിയ സ്ത്രീയ്ക്ക് നേരെ ലെെംഗിക അതിക്രമം നടന്നിരുന്നു. സംഭവത്തിൽ ഇറിഗേഷൻ വകുപ്പിൽ താൽക്കാലിക ഡ്രെെവർ സന്തോഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.