ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ്: കോൺഗ്രസിനെ ആക്രമിച്ച് ആപ്പിനെ തൊടാതെ മോദി

Friday 25 November 2022 1:00 AM IST

ന്യൂഡൽഹി: ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ചിരവൈരികളായ കോൺഗ്രസിനൊപ്പം ആംആദ്‌മി പാർട്ടിയും വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും അതു പരസ്യമാക്കാതെയുള്ള പ്രചാരണമാണ് ഭരണകക്ഷിയായ ബി.ജെ.പി സ്വീകരിക്കുന്നത്. വിവിധയിടങ്ങളിൽ മാരത്തോൺ റാലികളുമായി കോൺഗ്രസിനെ കടന്നാക്രമിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ ആംആദ്‌മി പാർട്ടിയെയോ അരവിന്ദ് കേജ്‌രിവാളിനെയോ പ്രസംഗങ്ങളിൽ മനപൂർവം പരാമർശിക്കാതെ ഒഴിവാക്കുന്ന തന്ത്രമാണ് മോദിയുടേത്.

കഴിഞ്ഞ ദിവസത്തെ പ്രസംഗത്തിൽ 'ഡൽഹിയിൽ നിന്ന് വരുന്ന ആളുകൾ നിങ്ങളെ കബളിപ്പിക്കരുത്" എന്ന പരാമർശം മോദി നടത്തിയെങ്കിലും ആപ്പിന്റെ പേര് പറയാൻ തയ്യാറായില്ല.

മോദിയുടെ പ്രസംഗത്തിന്റെ 80 ശതമാനവും തന്റെ സർക്കാന്റെ പ്രകടനത്തെ കേന്ദ്രീകരിച്ചാണ്. മൂന്നു തവണ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ലഭിച്ച അനുഭവങ്ങളിലൂന്നിയാണ് പ്രസംഗം. താൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ നടപ്പാക്കിയ പദ്ധതികളെക്കുറിച്ചും അവ പിന്നീട് കേന്ദ്രതലത്തിൽ ഇടം നേടിയതിനെക്കുറിച്ചും അദ്ദേഹം പരാമർശിക്കുന്നുണ്ട്.

ഭരണം നിലനിറുത്താൻ ശ്രമിക്കുന്ന ബി.ജെ.പിക്ക് ആദ്യഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന ദക്ഷിണ ഗുജറാത്ത് പ്രധാനമാണ്. നിയമസഭയിലെ 182 സീറ്റുകളിൽ 35 എണ്ണവും ഇവിടെയാണ്. ഭരണവിരുദ്ധത ഒഴിവാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രിയും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപേ സംസ്ഥാനത്ത് സജീവമായിരുന്നു.

അതേസമയം പ്രചാരണത്തിൽ കോൺഗ്രസ് വൈകിയാണ് ഉണർന്നത്. ഹിമാചൽ പ്രദേശിൽ നിന്ന് വിട്ടുനിന്ന രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയ്‌ക്കിടെ ഗുജറാത്തിൽ ആദ്യഘട്ട പ്രചാരണം നടത്തി മടങ്ങി. മലയാളികളടക്കം ദക്ഷിണേന്ത്യൻ വോട്ട് ബാങ്ക് ഉറപ്പിക്കാൻ പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയും മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

 പിടിവള്ളിയായി മോർബി തൂക്കുപാലം

മോർബി തൂക്കുപാലം അപകടമടക്കമുള്ള ഭരണത്തിലെ അഴിമതിയാണ് ബി.ജെ.പിക്കെതിരെ കോൺഗ്രസും ആപ്പും ഉയർത്തുന്നത്. അതുകൊണ്ടു തന്നെ യു.പി.എ സർക്കാരിന്റെ അഴിമതികളാണ് പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രി അമിത്ഷായുടെയും പ്രസംഗങ്ങളിലുള്ളത്. തനിക്കെതിരെ കോൺഗ്രസ് നടത്തിയ വ്യക്തിപരമായ ആക്രമണങ്ങളെയും മോദി ചൂണ്ടിക്കാട്ടുന്നുണ്ട്.

അതേസമയം ബി.ജെ.പിക്കെതിരെ കെജ്‌രിവാളിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപേ ആപ്പ് പ്രചാരണം തുടങ്ങിയിരുന്നു. കേജ്‌രിവാൾ തന്നെയാണ് പാർട്ടിയുടെ പ്രചാരണത്തിന്റെ കുന്തമുന. ഒപ്പം സംസ്ഥാന നേതാവ് ഗോപാൽ ഇറ്റാലിയയുമുണ്ട്. കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലെത്തിയ ഹാർദിക് പട്ടേലിനൊപ്പം ബി.ജെ.പി വിരുദ്ധ പട്ടീദാർ പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായിരുന്ന നേതാവാണ് ഗോപാൽ.

Advertisement
Advertisement