കുഞ്ഞിന് വായയിൽ നിശ്ചയിച്ച ശസ്ത്രക്രിയ പകരം ജനനേന്ദ്രിയത്തിൽ നടത്തിയതായി പരാതി, ചികിത്സാ പിഴവെന്ന് ആരോപണം

Thursday 24 November 2022 11:06 PM IST

ചെന്നൈ: ഒരു വയസുള്ള കുഞ്ഞിന് വായയിൽ നടത്താൻ നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയ പകരം ജനനേന്ദ്രിയത്തിൽ നടത്തിയതായി പരാതി. മധുരയിലെ ഗവൺമെന്റ് രാജാജി ആശുപത്രിയിലെ ഡോക്ടർമാർക്ക് സംഭവത്തിൽ വീഴ്ച സംഭവിച്ചതായി ആരോപിച്ച് പിതാവ് ആർ. അജിത് കുമാർ രംഗത്തെത്തി. എന്നാൽ വിഷയത്തിൽ ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ല എന്ന് ഡീൻ ഡോ. എ രത്നവേൽ പ്രതികരിച്ചു.

ഈ മാസം 21-നായിരുന്നു കുഞ്ഞിനെ വായിൽ രൂപപ്പെട്ട സിസ്റ്റ് നീക്കം ചെയ്യാനായി ജിആർഎച്ചിൽ പ്രവേശിപ്പിച്ചത്. പിറ്റേ ദിവസം തന്നെ കുഞ്ഞിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. കുട്ടിയെ തിരികെ വാർഡിലേയ്ക്ക് പ്രവേശിച്ചപ്പോഴാണ് ജനനേന്ദ്രിയത്തിൽ ശസ്ത്രക്രിയ നടത്തിയ കാര്യം രക്ഷിതാക്കൾ ശ്രദ്ധിക്കുന്നത്. ഇതിനെക്കുറിച്ച് ഡോക്ടർമാരോട് തിരക്കിയെങ്കലും പ്രതികരിക്കാൻ കൂട്ടാക്കിയില്ല എന്നാണ് അജിത് കുമാർ പറയുന്നത്. വേറൊരു കുട്ടിയ്ക്ക് നടത്താനിരുന്ന ശസ്ത്രക്രിയയാണ് കുട്ടിയ്ക്ക് മാറി നടത്തിയത് എന്നാണ് പിതാവ് ആരോപിക്കുന്നത്.

അതേ സമയം ശസ്ത്രക്രിയ മാറി ചെയ്തു എന്ന ആരോപണം ഡീൻ ഡോ. എ രത്നവേൽ പാടേ നിഷേധിച്ചു. കുട്ടിയുടെ വായിലെ വളർച്ച മൂലം ശ്വസനത്തിന് ബുദ്ധിമുട്ട് കണ്ടെത്തിയതിനാൽ കഴിഞ്ഞ നവംബറിൽ ശസ്ത്രക്രിയ നടത്തിയിരുന്നെന്നും അതിന്റെ തുടർച്ചയായാണ് വീണ്ടും ശസ്ത്രക്രിയ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ശസ്ത്രക്രിയയുടെ സമയത്ത് കുട്ടിയുടെ ബ്ളാഡറിൽ തകരാർ കണ്ടെത്തിയിരുന്നു. ജനനേന്ദ്രിയത്തെ ബാധിക്കുന്ന 'ഫിമോസിസ്' എന്ന അവസ്ഥ കണ്ടെത്തിയതിന് പിന്നാലെ വീണ്ടും അനസ്തീഷ്യയും ശസ്ത്രക്രിയയും ഒഴിവാക്കാനാണ് രണ്ടും ഒരുമിച്ച് നടത്തിയത് എന്നും അല്ലാതെ പിഴവ് വന്നിട്ടില്ലെന്നുമാണ് ഡോ. രത്നവേലിന്റെ വിശദീകരണം . ആശുപത്രിയുടെ ഭാഗത്തെ ചികിത്സാ പിഴവ് ചൂണ്ടിക്കാട്ടി പിതാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.