നാട‌കം കിടിലൻ: ഡയലോഗ് കേട്ടവരുണ്ടോ?

Friday 25 November 2022 12:28 AM IST

ഇരിങ്ങാലക്കുട: മത്സരിച്ച നാടകങ്ങളെല്ലാം അവതരണഭംഗി കൊണ്ടും അഭിനയത്താലും മികച്ചതായിരുന്നെങ്കിലും ഡയലോഗ് കേട്ടവരുണ്ടോ എന്ന കാണികളുടെ ചോദ്യം, ഒടുവിൽ ബഹളത്തിലെത്തി. ഡോൺ ബോസ്‌കോ എച്ച്.എസ്.എസിൽ നടന്ന യു.പി വിഭാഗം നാടകമത്സരങ്ങൾ ഹാളിലെ പ്രതിദ്ധ്വനി കാരണം ഭൂരിഭാഗവും വിധികർത്താക്കൾക്ക് പോലും കേൾക്കാനാകാത്ത തരത്തിലായിരുന്നു. ഇതോടെ നാടകപ്രേമികളും നാടകപ്രവർത്തകരുമായ കാണികൾ എഴുന്നേറ്റ് നിന്ന് പ്രതിഷേധിച്ചു. സ്‌കൂൾ ഓഡിറ്റോറിയത്തിനുള്ളിലായിരുന്നു നാടക വേദി. ഒടുവിൽ യു.പി. നാടകം പൂർത്തിയാക്കി. ഇന്ന് ഹൈസ്‌കൂൾ വിഭാഗം മത്സരം നടത്തരുതെന്ന കാണികളുടെ ആവശ്യങ്ങളും പരാതികളും പരിഗണിച്ച് സംഘാടകർ മത്സരവേദി മാറ്റാനുള്ള ചർച്ചയിലാണ്. 11 ടീമുകളാണ് പങ്കെടുത്തത്. സമകാലിക വിഷയങ്ങൾ പ്രമേയമാക്കിയ നാടകങ്ങൾ മികച്ച നിലവാരം പുലർത്തി. മൊബൈൽ ഫോൺ ദുരുപയോഗം, പാരിസ്ഥിതിക പ്രശ്‌നങ്ങൾ, കൊവിഡ് മഹാമാരി തുടങ്ങി വിഷയങ്ങൾ പ്രമേയമായി. സന്തോഷ് ഏച്ചിക്കാനത്തിന്റെ സിങ്കപ്പൂർ എന്ന കഥയെ ആസ്പദമാക്കി 'കാക്കേ കാക്കേ കൂടെ എവിടെ ' രംഗവിഷ്‌കാരം അവതരിപ്പിച്ച കൊടുങ്ങല്ലൂർ കെ.കെ.ടി.എം. ജി.ജി.എച്ച്.എസ്.എസ് ഒന്നാം സ്ഥാനം നേടി. സമൂഹത്തിൽ കണ്ട് വരുന്ന ദുരാചാരങ്ങളെ ചോദ്യം ചെയ്യുന്ന നാടകം പ്രകടനം കൊണ്ട് വേറിട്ടതായി. കൊടുങ്ങല്ലൂർ നാടക സമിതിയുടെ സലീഷ് സുബ്രഹ്മണ്യമാണ് നാടകത്തിന് നേതൃത്വം നൽകിയത്. ദൃശ്യ ശബ്ദ വിന്യാസത്തിലൂടെ വേദിയിലെത്തിയ വരടിയം ഗവ.യു.പി സ്‌കൂളിന്റെ 'ഉറവകൾ ഉണ്ടായിരുന്നു' നാടകം രംഗാവിഷ്‌ക്കാരം കൊണ്ട് ശ്രദ്ധ നേടി. രൂക്ഷമായ കുടിവെള്ള, മാലിന്യ പ്രശ്‌നങ്ങൾ ഉൾപ്പെടെ സമകാലിക സംഭവങ്ങളെ തുറന്നു കാട്ടുന്നതായിരുന്നു 'ഉറവകൾ ഉണ്ടായിരുന്നു'. ഒ.എൻ.വിയുടെ ഭൂമിക്കൊരു ചരമഗീതം, സുഗതകുമാരിയുടെ 'ഒരു തൈ നടാം നമുക്കമ്മയ്ക്ക് വേണ്ടി..' തുടങ്ങി കവിതാശകലങ്ങളും നാടകത്തിന്റെ ഭാഗമായി.