കിരീടം ആർക്കെന്ന് ഇന്നറിയാം
തിരുവനന്തപുരം: റവന്യു ജില്ലാ കലോത്സവത്തിന്റെ മത്സരയിനങ്ങൾ അവസാനിക്കാൻ ഒരു ദിനം മാത്രം ശേഷിക്കേ കിരീടപ്പോരാട്ടത്തിൽ ഇഞ്ചോടിഞ്ച് മത്സരിച്ച് തിരുവനന്തപുരം നോർത്ത്- സൗത്ത് ഉപജില്ലകൾ. 543 പോയിന്റുമായി തിരുവനന്തപുരം സൗത്താണ് ഒന്നാം സ്ഥാനത്തുള്ളത്. 506 പോയിന്റുമായി തിരുവനന്തപുരം നോർത്ത് തൊട്ടുപിന്നിലുണ്ട്. കലോത്സവത്തിലെ ഗ്ളാമർ ഇനങ്ങളായ നാടോടിനൃത്തവും സംഘനൃത്തവും ഒപ്പനയും മോഹിനിയാട്ടവും കുച്ചുപ്പുടിയുമൊക്കെ അരങ്ങേറിയിട്ടും സൗത്ത് തങ്ങളുടെ ലീഡ് തുടർച്ചയായി രണ്ടാം ദിനവും നിലനിറുത്തി.ആദ്യ ദിനം റാങ്കിംഗിൽ ഒന്നാമതായിരുന്ന കിളിമാനൂർ 493 പോയിന്റുമായി ഇന്നും മൂന്നാം സ്ഥാനത്തുണ്ട്. 440 പോയിന്റുമായി നെടുമങ്ങാട് നാലാം സ്ഥാനത്തും 411 പോയിന്റോടെ ആറ്റിങ്ങൽ അഞ്ചാം സ്ഥാനത്തുമാണുള്ളത്. കലോത്സവത്തിലെ മത്സരങ്ങൾ ഇന്നു സമാപിക്കും.സമാപന സമ്മേളനം നാളെ കോട്ടൺഹിൽ ഗവ.ഗേൾസ് എച്ച്.എസ്.എസിൽ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.സ്‌കൂളുകളിൽ വഴുതക്കാട് കാർമ്മൽ ഗേൾസ് എച്ച്എസ്എസ് 173 പോയിന്റുമായി മുന്നേറുന്നു.148 പോയിന്റ് നേടിയ ആറ്റിങ്ങൽ കടുവയിൽ കെ.ടി.സി.ടി ഇ.എം എച്ച്.എസ്.എസ് തൊട്ടുപിന്നിലുണ്ട്. നെല്ലിമൂട് ന്യൂ എച്ച്.എസ്.എസ് (129), കോട്ടൺഹിൽ ഗവ.ഗേൾസ് എച്ച്.എസ്.എസ് (111), കിളിമാനൂർ ആർ.ആർ.വി ജി.എച്ച്.എസ്.എസ് (105) എന്നിവയാണ് ആദ്യ അഞ്ചു സ്ഥാനങ്ങളിലുള്ള മറ്റു സ്‌കൂളുകൾ. ഇന്ന് 1528 പേർ 12 വേദികളിലായി മത്സരിച്ചു.
കിരാതം കഥ പറഞ്ഞാടി
നന്ദന നേടിയത് ഒന്നാം സ്ഥാനം
തിരുവനന്തപുരം: കാർമൽ ഗേൾസ് എച്ച്.എസ്.എസിലെ പത്താം ക്ളാസുകാരി നന്ദന നായർ കിരാതം കഥ പറഞ്ഞ് എച്ച്.എസ് വിഭാഗം (പെൺ) ഓട്ടൻതുള്ളലിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ അതൊരു സ്വപ്ന സാക്ഷാത്കാരം കൂടിയായിരുന്നു. കലാ കുടുംബത്തിൽ നിന്ന് വരുന്ന നന്ദന ആദ്യമായാണ് ഓട്ടൽതുള്ളലിൽ മത്സരിക്കുന്നത്. അതിന് ഒന്നാം സമ്മാനവും നേടി. നന്ദനയുടെ അച്ഛൻ മുടവൻമുകൾ സൗത്ത് റോഡ് കൗസ്തുഭത്തിൽ ബാബാജി ആരോഗ്യവകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടർ മാത്രമല്ല തിരക്കുള്ള നടനും ഡബിംഗ് ആർട്ടിസ്റ്റുമാണ്.സീരിയലിൽ ഡബ് ചെയ്യാനായി പോകുന്നതിനിടെയാണ് മകൾക്ക് പിന്തുണയുമായി ബാബാജി എത്തിയത്.യൂണിവേഴ്സിറ്റി ജീവനക്കാരിയായ അമ്മ ലക്ഷ്മിയും സ്കൂൾ- കോളേജ് കാലത്ത് നാടകങ്ങളിലും മറ്റും സജീവമായിരുന്നു.
കോൺഗ്രസ് നേതാവ് കമ്പറ നാരായണന്റെ കൊച്ചുമകളാണ് നന്ദന.ഏഴു വർഷമായി ഭരതനാട്യം പഠിക്കുന്ന നന്ദന ഓട്ടൽതുള്ളൽ അഭ്യസിച്ചത് തുടർച്ചയായി 25 മണിക്കൂർ ഓട്ടൻതുള്ളൽ കളിച്ച് രണ്ട് തവണ ഗിന്നസ് റെക്കാഡിട്ട കുറിച്ചിത്താനം ജയകുമാറിനു കീഴിലാണ്. ഇന്ന് (വെള്ളി) മോണോ ആക്ടിലും നന്ദന മത്സരിക്കുന്നുണ്ട്.
അപ്പീലുമായി മത്സരിച്ച്
ഒന്നാം സ്ഥാനം നേടി കോട്ടൺഹിൽ
തിരുവനന്തപുരം: ഹയർസെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ സംഘഗാനത്തിൽ കോട്ടൺഹിൽ ഗവ.ജി.എച്ച്.എസ്.എസിലെ മിടുക്കികളുടെ ഒന്നാം സ്ഥാനത്തിന് ഇരട്ടി മധുരമുണ്ട്.സബ്ജില്ലയിൽ നിന്ന് അപ്പീൽ വഴിയാണ് കോട്ടൺഹിൽ വിദ്യാർത്ഥിനികളായ അപർണ കെ.എ (പ്ളസ്ടു), വൈഭവ സജയ്,സങ്കീർത്തന പി. മേനോൻ, അക്ഷര സി.ആർ,സിയാന മുഹമ്മദ്, ദേവകി, ആദിത്യ (എല്ലാവരും പ്ളസ് വൺ) എന്നിവർ ജില്ലയിൽ മത്സരിക്കാനെത്തിയത്. 'ഭൂവിതിൽ വരാമായ് വരും' എന്ന ഗാനം ഇവർക്ക് എ ഗ്രേഡും ഒന്നാം സ്ഥാനവും നേടിക്കൊടുത്തു.അദ്ധ്യാപികയായ പ്രിയങ്ക പ്രിയവിദ്യാർത്ഥികൾക്ക് പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു.
ലഭിച്ചത് 118 അപ്പീലുകൾ
തിരുവനന്തപുരം: റവന്യു ജില്ലാ കലോത്സവം മൂന്നാം ദിവസം പിന്നിടുമ്പോൾ വിവിധ ഇനങ്ങളിലായി ലഭിച്ച അപ്പീലുകളുടെ എണ്ണം നൂറ് കവിഞ്ഞു. ഇന്നലെ വൈകിട്ട് അഞ്ചു മണിവരെ 118 അപ്പീലുകളാണ് ലഭിച്ചത്. ഹൈസ്‌കൂൾ,ഹയർ സെക്കൻഡറി വിഭാഗം ഭരതനാട്യം,എച്ച്.എസ്.എസ് വഞ്ചിപ്പാട്ട്, എച്ച്.എസ് കേരളനടനം, തിരുവാതിര എന്നിവയ്ക്കാണ് കൂടുതൽ അപ്പീലുകൾ ലഭിച്ചത്. മത്സരഫലം പ്രഖ്യാപിച്ച് ഒരുമണിക്കൂറിനുള്ളിലാണ് അപ്പീൽ സമർപ്പിക്കേണ്ടത്.
വട്ടപ്പാട്ടിൻ മൊഞ്ചിൽ മുഴുകി കലോത്സവവേദി
തിരുവനന്തപുരം: വട്ടപ്പാട്ടിൽ ചരിത്രം തിരുത്തിക്കുറിച്ച് കൊർദോവ എച്ച്.എസ്.എസ് അമ്പലത്തറയിലെ വിദ്യാർത്ഥികൾ. കടുവയിൽ കെ.ടി.സി.ടി ഇ.എം.ആർ എച്ച്.എസ്.എസിനെ പിന്നിലാക്കിയാണ് കൊർദോവയിലെ അബ്ദുള്ള,സബീൽ, സെയ്യദലി,മുനീഫ്,അഫ്സൽ,സുഹൈൽ, സൽമാൻ,അബാൻ,ഹുവൈസ്,ഫർഹാൻ എന്നിങ്ങനെ 10 പേരടങ്ങുന്ന സംഘം ഒന്നാമതെത്തിയത്. കലോത്സവത്തിൽ ആദ്യമായി ഒന്നാം സ്ഥാനം നേടിയ സന്തോഷത്തിലാണ് കുട്ടികൾ. കഠിനാദ്ധ്വാനത്തിന്റെ ഫലമാണ് ഈ വിജയമെന്ന് കുട്ടികളും ഗുരുവായ 26 കാരൻ കിഴക്കേകോട്ട സ്വദേശി അജേല്ലും പറയുന്നു. യൂട്യൂബിൽ നിന്നും, കലോത്സവവേദികളിൽ നിന്നുമായാണ് അജേഷ് വട്ടപ്പാട്ട് പഠിച്ചത്. ദഫ് മുട്ട്,അറബനമുട്ട് എന്നീ കലകളും അജേഷിന് വഴങ്ങും.
ഭക്ഷണം കഴിക്കുന്നതും മത്സരയിനമാണേ
തിരുവനന്തപുരം: ജില്ലാ കലോത്സവ വേദിയിലെ ഭക്ഷണപ്പുരയിലും ഇന്നലെ സമ്മാനദാനം നടന്നു. വാങ്ങിയ ഭക്ഷണം പച്ചക്കറികളുൾപ്പെടെ മുഴുവൻ കഴിച്ച വിദ്യാർത്ഥികൾക്കാണ് ഫുഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമ്മാനം നൽകിയത്. ഈ ഇനത്തിൽ ആദ്യത്തെ പന്തിയിൽ തിരുവനന്തപുരം എസ്.എം.വി.എച്ച്.എസ്.എസിലെ എട്ടാം ക്ലാസുകാരൻ ഹനാനും അമ്പൂരി സെയിന്റ് തോമസ് യു.പി.സ്കൂളിലെ ഏഴാം ക്ലാസുകാരി അമൃതയും സമ്മാനം നേടി.കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറി അനിൽ വെഞ്ഞാറമ്മൂട് വിജയികൾക്ക് സമ്മാനമായി പേനകൾ നൽകി.വിദ്യാർത്ഥികൾ ഭക്ഷണം പാഴാക്കുന്നത് തടയാനാണ് ഇത്തരമൊരു വേറിട്ട മാർഗം സ്വീകരിച്ചതെന്നും ഫുഡ് കമ്മിറ്റി കൺവീനർ എൻ.സാബു പറഞ്ഞു. ഭക്ഷണശാലയിൽ സമ്മാനം ഏർപ്പെടുത്തിയതോടെ ഭക്ഷണം കളയുന്നതും കുറഞ്ഞു.
ഭരതനാട്യത്തിലും നാടോടിനൃത്തത്തിലും മികവായി അഭിനന്ദ്
തിരുവനന്തപുരം: ഉപജില്ലാ കലോത്സവത്തിൽ ഭരതനാട്യത്തിൽ അപ്പീൽ ജയിച്ച് ജില്ലയിലെത്തിയ അഭിനന്ദ് കൃഷ്ണൻ ഭരതനാട്യത്തിലും നാടോടിനൃത്തത്തിലും ഒന്നാമതെത്തി. ഹയർസെക്കൻഡറി വിഭാഗത്തിലെ ഇരുമത്സരങ്ങളിലും കടുത്ത പോരാട്ടത്തിനൊടുവിലാണ് നാലാഞ്ചിറ സെയിന്റ് ജോൺസ് സ്കൂളിലെ പ്ളസ് വിദ്യാർത്ഥിയായ വട്ടപ്പാറ സ്വദേശി അഭിനന്ദ് വിജയിച്ചത്.ജനുവരിയിൽ കോഴിക്കോട്ട് നടക്കുന്ന സംസ്ഥാന കലോത്സവത്തിൽ അഭിനന്ദ് എച്ച്.എസ്.എസ് വിഭാഗം ഭരതനാട്യത്തിലും നാടോടിനൃത്തത്തിലും ജില്ലയെ പ്രതിനിധീകരിക്കും.
പ്രസംഗ വേദിയിൽ ജി.എ.മിഥുൻ താരം
തിരുവനന്തപുരം: 'പാഠ്യപദ്ധതി പിരിഷ്കരണത്തിൽ വിദ്യാർത്ഥികളുടെ പങ്കും ആവശ്യകതയും' എന്ന വിഷയത്തിൽ കോരിത്തരിപ്പിക്കുന്ന പ്രസംഗത്തോടെ എച്ച്.എസ് ജനറൽ വിഭാഗത്തിൽ ജി.എ.മിഥുൻ ഒന്നാംസ്ഥാനം നേടി. മത്സരത്തിന് 5 മിനിറ്റ് മുമ്പാണ് പ്രസംഗ വിഷയം നൽകിയത്.പ്രതീക്ഷിച്ച് വന്ന വിഷയങ്ങൾ അന്ധവിശ്വാസവും ലഹരിയുമൊക്കെയായിരുന്നെങ്കിലും പുസ്തകങ്ങളും പത്രങ്ങളും സ്ഥിരമായി വായിക്കുന്നതാണ് തന്നെ വിജയിയാക്കിയതെന്ന് മിഥുൻ പറഞ്ഞു. പാഠ്യപദ്ധതി പരിഷ്കരണം സമകാലികമായ മാറ്രങ്ങളെയും മാറുന്ന കാലത്തെയും അഭിമുഖീകരിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന തരത്തിലാകണമെന്നാണ് മിഥുൻ പറഞ്ഞുവയ്ക്കുന്നത്. തിരുവല്ലം ബി.എൻ.വി.വി.എച്ച്.എസ്,എസ്. സ്കൂളിലെ ഹ്യുമാനിറ്റീസ് വിദ്യാർത്ഥിയായ മിഥുൻ നാലാം ക്ലാസ് മുതൽ പ്രസംഗ വേദികളിൽ സജീവമാണ്.