മകളുടെ മുഖത്ത് ചായമിട്ട് ഗുരുവായി അച്ഛൻ

Friday 25 November 2022 12:47 AM IST

ഇരിങ്ങാലക്കുട: മകളുടെ കലാമോഹങ്ങൾക്ക് ചായം പകരാൻ ഗുരുവായി അച്ഛൻ. ജില്ലാ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം ഓട്ടൻതുള്ളൽ മത്സരത്തിൽ പങ്കെടുക്കുന്ന ലക്ഷ്മി സുരേഷിനെ ഓട്ടൻതുള്ളൽ അഭ്യസിപ്പിക്കുന്നതും മുഖത്തെഴുതി അണിയിച്ചൊരുക്കി വേദിയിലെത്തിക്കുന്നതും അച്ഛനായ സുരേഷ് കാളിയത്താണ്.

ഗുരുവിന്റെ ശ്രദ്ധയും അച്ഛന്റെ വാത്സല്യവും ചേർത്ത് ലക്ഷ്മിക്ക് മുഖത്ത് ചായം ചാർത്തുന്ന സുരേഷ് അണിയറയിലെ വേറിട്ട കാഴ്ചയായി. 25 വർഷമായി കലാരംഗത്ത് സജീവമായ സുരേഷ് കഴിഞ്ഞ ഏഴ് വർഷമായി കലാമണ്ഡലത്തിൽ അദ്ധ്യാപകനാണ്. ചേലക്കര എസ്.എം.ടി ജി.എച്ച്.എസ്.എസിൽ പ്ലസ് വൺ ബയോ സയൻസ് വിദ്യാർത്ഥിനിയാണ് ലക്ഷ്മി. അഞ്ചാം ക്ലാസ് മുതൽ ഈ മിടുക്കി മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. മൂന്ന് വർഷമായി കേന്ദ്ര ഗവണ്മെന്റിന്റെ സി.സി.ആർ.ടി സ്‌കോളർഷിപ്പും കലാപഠനത്തിന് ഊർജ്ജമെന്നോണം ലക്ഷ്മിക്ക് ലഭിക്കുന്നുണ്ട്. എളനാട് സെന്റ് ജോൺസ് എച്ച്.എസിൽ ഹിന്ദി അദ്ധ്യാപികയായ ദീപ സുരേഷാണ് അമ്മ.

Advertisement
Advertisement