അൻവർ ഇബ്രാഹിം മലേഷ്യൻ പ്രധാനമന്ത്രി

Friday 25 November 2022 5:01 AM IST

ക്വാലാലംപ്പൂർ: ഏതാനും ദിവസങ്ങളായി തുടർന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് വിരാമമിട്ട് മലേഷ്യയുടെ പത്താമത്തെ പ്രധാനമന്ത്രിയായി പ്രതിപക്ഷ നേതാവ് അൻവർ ഇബ്രാഹിമിനെ (75) അൽ സുൽത്താൻ അബ്ദുള്ള രാജാവ് തിരഞ്ഞെടുത്തു. ഇന്നലെ പ്രാദേശിക സമയം വൈകിട്ട് അഞ്ചിന് നാഷണൽ പാലസിൽ വച്ച് രാജാവിന്റെ സാന്നിദ്ധ്യത്തിൽ അൻവർ സത്യപ്രതി‌ജ്ഞ ചെയ്ത് ചുമതലയേറ്റു. മുൻ പ്രധാനമന്ത്രി ഇസ്‌മയിൽ സാബ്രി യാക്കോബിന്റെ യുണൈറ്റഡ് മലയ്‌സ് നാഷണൽ ഓർഗനൈസേഷൻ (യു.എം.എൻ.ഒ) അൻവർ ഇബ്രാഹിമിന്റെ സഖ്യത്തിനൊപ്പം ചേരും.

222 അംഗ പാർലമെന്റലേക്ക് കഴിഞ്ഞ ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷമായ 112 സീറ്റ് നേടാൻ ആർക്കും കഴിഞ്ഞിരുന്നില്ല. അൻവർ ഇബ്രാഹിമിന്റെ സഖ്യമായ 'പകതൻ ഹരാപൻ" 82 സീറ്റുമായി മുന്നിലെത്തിയപ്പോൾ മുൻ പ്രധാനമന്ത്രി മുഹിയിദ്ദീൻ യാസിന്റെ ' 'പെരികതൻ നാഷണൽ' സഖ്യം 73 സീറ്റുമായി തൊട്ടുപിന്നിലെത്തി.

ആരും ഭൂരിപക്ഷം നേടാത്ത സാഹചര്യത്തിൽ ഇരുസഖ്യങ്ങളും ഒന്നിച്ച് സർക്കാർ രൂപീകരിക്കാൻ രാജാവ് നിർദ്ദേശിച്ചെങ്കിലും ഒരുമിച്ച് പ്രവർത്തിക്കാൻ തയ്യാറല്ലെന്ന് ഇരുകൂട്ടരും വ്യക്തമാക്കിയിരുന്നു. ഇന്നലെ മലേഷ്യൻ സംസ്ഥാനങ്ങളിലെ ഭരണാധികാരികളുമായി നടത്തിയ യോഗത്തിനൊടുവിലാണ് രാജാവ് അൻവറിനെ തിരഞ്ഞെടുത്തത്.

യു.എം.എൻ.ഒ അടങ്ങുന്ന ഭരണമുന്നണിയായ 'ബാരിസാൻ നാഷണൽ' തിരഞ്ഞെടുപ്പിൽ വെറും 30 സീറ്റിൽ ഒതുങ്ങിയിരുന്നു. അൻവറിനൊപ്പമോ യാസിനൊപ്പമോ സഖ്യത്തിനില്ലെന്നായിരുന്നു ബാരിസാൻ നാഷണലിന്റെ നിലപാട്. എന്നാൽ ഇന്നലെ തീരുമാനം മാറ്റുകയായിരുന്നു.

 തിരിച്ചുവരവ്

നാല് വർഷത്തിനിടെയുള്ള മലേഷ്യയുടെ നാലാമത്തെ പ്രധാനമന്ത്രിയാണ് അൻവർ ഇബ്രാഹിം. കാൽ നൂറ്റാണ്ടായി മലേഷ്യൻ രാഷ്ട്രീയത്തിൽ സജീവമാണ് പീപ്പിൾസ് ജസ്​റ്റിസ് പാർട്ടി നേതാവായ അൻവർ ഇബ്രാഹിം. 1993 മുതൽ മഹാതിർ മുഹമ്മദ് മന്ത്രിസഭയിൽ ഉപപ്രധാനമന്ത്രിയായിരുന്ന അൻവറിനെ 1998ൽ പുറത്താക്കുകയും ലൈംഗികാപവാദ, അഴിമതി കേസുകളിൽ ജയിലിടയ്ക്കുകയും ചെയ്തു.

അന്ന് രാജ്യത്ത് ഏ​റ്റവും ജനപ്രീതിയുള്ള നേതാക്കളിൽ ഒരാളായിരുന്നു അൻവർ. മഹാതിർ മുഹമ്മദിന്റെ പിൻഗാമിയാകുമെന്ന് കരുതിയിരുന്ന ഘട്ടത്തിലാണ് പദവിയിൽ നിന്ന് പുറത്താക്കപ്പെട്ടത്. 2004ൽ ജയിൽ മോചിതനായ അൻവറിനെ ഇതേ കുറ്റങ്ങൾക്ക് 2014ൽ അന്നത്തെ പ്രധാനമന്ത്രിയും യു.എം.എൻ.ഒ നേതാവുമായ നജീബ് റസാക്ക് വീണ്ടും ജയിലിലടച്ചു. 2018ലാണ് അൻവർ പിന്നീട് ജയിൽ മോചിതനായത്.

അൻവറിനെതിരെയുള്ള ആരോപണങ്ങൾ രാഷ്ട്രീയ പകപോക്കലാണെന്നും കെട്ടിച്ചമച്ചതാണെന്നും ആരോപണമുയർന്നിരുന്നു. മഹാതിർ മുഹമ്മദുമായി കൈകോർത്താണ് അൻവർ തിരിച്ചുവരവ് നടത്തിയത്. അൻവറിന്റെ ഭാര്യ വാൻ അസീസ വാൻ ഇസ്മയിലും മുൻ ഉപപ്രധാനമന്ത്രിയാണ്. 2020 മേയ് മുതൽ പ്രതിപക്ഷ നേതാവായിരുന്ന അൻവർ 2008 - 2015 കാലയളവിലും ഇതേ പദവി വഹിച്ചിരുന്നു.

Advertisement
Advertisement