യുക്രെയിൻ ഇരുട്ടിൽ

Friday 25 November 2022 5:18 AM IST

കീവ് : യുക്രെയിനിൽ വൈദ്യുതി, കുടിവെള്ള പ്രതിസന്ധി രൂക്ഷം. രാജ്യത്തിന്റെ 80 ശതമാനം പ്രദേശങ്ങളിലും വൈദ്യുതി വിതരണം നിലച്ചു. ബുധനാഴ്ച യുക്രെയിനിലെ ഊർജ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി റഷ്യ മിസൈലാക്രമണങ്ങൾ നടത്തിയിരുന്നു. താപനില പൂജ്യത്തിന് താഴെയാകുന്നതിനിടെ വൈദ്യുതി ലഭ്യത താറുമാറായത് ജനജീവിതം ദുഃസ്സഹമാക്കി. വീടുകളിൽ താപനില നിലനിറുത്താൻ ആവശ്യമായ ഉപകരണങ്ങളുടെ പ്രവർത്തനത്തിന് വൈദ്യുതി അനിവാര്യമാണ്. അതേ സമയം, ഇന്നലെ ഖേഴ്സണിലുണ്ടായ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. ബുധനാഴ്ച കീവിൽ സാധാരണക്കാരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് ഉത്തരവാദി തങ്ങളല്ലെന്ന് റഷ്യ പറഞ്ഞു. കീവിനുള്ളിൽ എങ്ങും വ്യോമാക്രമണം നടത്തിയില്ലെന്നും റഷ്യൻ മിസൈലുകളെ തകർക്കാൻ ശ്രമിച്ച യുക്രെയിന്റെയും പാശ്ചാത്യ രാജ്യങ്ങളുടെയും വ്യോമപ്രതിരോധ സംവിധാനങ്ങൾ തന്നെയാണ് കീവിൽ നാശം വിതച്ചതെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം ആരോപിച്ചു.