ട്രെയിനിൽ ആകെ 30 യാത്രികർ ഇവരിൽ പകുതിയും വിദേശികൾ, മദ്യമുൾപ്പടെ വിളമ്പുന്ന റെയിൽവേയുടെ ആഡംബരം, ഗോൾഡൻ ചാരിയറ്റ് കൊച്ചിയിൽ
പള്ളുരുത്തി: ഇന്ത്യൻ റെയിൽവേയുടെ ആഡംബര ട്രെയിനായ ഗോൾഡൻ ചാരിയറ്റ് കൊച്ചി ഹാർബർ ടെർമിനസിലെത്തി. 20ന് ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് ഇന്നലെ രാവിലെയാണ് കൊച്ചിയിലെത്തിയത്. മട്ടാഞ്ചേരിയിലെയും ഫോർട്ടുകൊച്ചിയിലെയും സന്ദർശനം കഴിഞ്ഞ് സഞ്ചാരികൾ രാത്രി ട്രെയിനിലാണ് താമസം. ഇന്ന് പുലർച്ചെ ചേർത്തലയിലെത്തി ആനയൂട്ട് കാണും. തുടർന്ന് കുമരകത്തേക്ക് ഹൗസ് ബോട്ട് യാത്ര. ആലപ്പുഴയിൽ നിന്ന് വൈകിട്ട് 4.30ന് ബംഗളൂരുവിലേക്ക് മടങ്ങും.
ട്രെയിനിൽ 30 യാത്രക്കാരുണ്ട്. ഇതിൽ 15 പേർ മാത്രമാണ് ഇന്ത്യക്കാർ. ബാക്കിയുള്ളവർ സ്വിറ്റ്സർലൻഡ്, റഷ്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. ദക്ഷിണേന്ത്യൻ രാജവംശങ്ങളുടെ പേരിലാണ് ഗോൾഡൻ ചാരിയറ്റ് ട്രെയിനിലെ നാല് ഡീലക്സ് കാബിനുകളുടെ പേര്. 13 ഡബിൾ ബെഡ് കാബിനുകൾ, 30 ഇരട്ട ബെഡ് കാബിനുകൾ, പ്രത്യേക ആവശ്യങ്ങളുള്ളവർക്ക് ഒരു കാബിൻ എന്നിവ ട്രെയിനിലുണ്ട്.
രണ്ട് റെസ്റ്റോറന്റുകളിൽ വിദേശഭക്ഷണം ഉൾപ്പെടെ ലഭിക്കും. മദ്യവും ലഭിക്കും. ഫിറ്റ്നസ് സെന്റർ, ആയുർവേദ സ്പാ തെറാപ്പി എന്നിവയുണ്ട്. വർഷങ്ങൾക്ക് ശേഷമാണ് കൊച്ചി ഹാർബർ ടെർമിനസിൽ യാത്രാ ട്രെയിൻ എത്തുന്നത്.