ഓസ്‌ട്രേലിയൻ സർക്കാർ തലയ്‌ക്ക് കോടികൾ വിലയിട്ട കൊലയാളി ഇന്ത്യയിൽ നിന്നും പിടിയിൽ; അറസ്‌റ്റിലായത് പിടികിട്ടാപ്പുള‌ളിയായ നഴ്‌സ്

Friday 25 November 2022 12:52 PM IST

ന്യൂഡൽഹി: നാല് വർഷങ്ങൾക്ക് മുൻപ് ഓസ്‌ട്രേലിയയിൽ യുവതിയെ കൊലപ്പെടുത്തി നാടുവിട്ട മെയിൽ നഴ്‌സ് ‌ഡൽഹി പൊലീസിന്റെ പിടിയിലായി. പഞ്ചാബ് സ്വദേശിയായ രജ്‌വീന്ദർ സിംഗാണ് 2018 ഒക്‌ടോബറിൽ ക്വീൻസ്‌ലാൻഡിലെ ബീച്ചിൽ വച്ച് ടോയ കോർഡിംഗ്‌ലി എന്ന 24കാരിയെ കൊലപ്പെടുത്തിയത്. കൊലയ്‌ക്ക് ശേഷം പൊലീസ് പിടിയിലാകാതിരിക്കാൻ ഇയാൾ ഭാര്യയെയും മൂന്ന് മക്കളെയും ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് കടന്നു. ഓസ്‌ട്രേലിയയിലെ ഇന്നിസ്‌ഫാൾ ടൗണിലെ നഴ്‌സിംഗ് അസിസ്‌റ്റന്റായിരുന്നു രജ്‌വീന്ദർ. ഫാർമസി ജീവനക്കാരിയായ ടോയ തന്റെ വള‌‌ർത്തുനായയ്‌ക്കൊപ്പം നടക്കുമ്പോഴാണ് സംഭവം.

2018 ഒക്‌ടോബർ 23ന് ഇന്ത്യയിലേക്ക് കടന്ന ഇയാളുടെ തലയ്‌ക്ക് ക്വീൻസ്‌ലൻഡ് പൊലീസ് 10 ലക്ഷം ഡോളർ (ഏകദേശം 5,21,24,300 രൂപ) ആണ് വിലപറഞ്ഞിരുന്നത്. ഇന്ത്യയിലുണ്ടെന്ന അറിവിനെ തുടർന്ന് 2021 മാർച്ചിൽ ഇയാളെ പിടിച്ചേൽപ്പിക്കാൻ സഹായിക്കണമെന്ന് ഓസ്‌ട്രേലിയൻ സർക്കാർ ഇന്ത്യയോട് അഭ്യർത്ഥിച്ചിരുന്നു. ഇതിന് കേന്ദ്ര സർക്കാർ ഈ മാസം അംഗീകാരം നൽകി. തുടർന്നാണ് ഇയാളെ ഡൽഹി പൊലീസ് പിടികൂടിയത്.