അനുവാദമില്ലാതെബച്ചന്റെ ദൃശ്യങ്ങൾ ഉപയോഗിക്കരുത്; ഹെെക്കോടതി

Saturday 26 November 2022 1:45 AM IST

ന്യൂഡൽഹി: ബോളിവുഡ് നടൻ അമിതാഭ് ബച്ചന്റെ പേരോ,​ ചിത്രമോ,​ ശബ്ദമോ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് വിലക്കി ഡൽഹി ഹെെക്കോടതി.

തന്റെ പേരും ചിത്രവും ശബ്ദവും അനുവാദമില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് അമിതാഭ് ബച്ചൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് നവീൻ ചൗളയുടെ ഉത്തരവ്. ഒരു വ്യക്തി എന്ന നിലയിൽ ഇത് തന്റെ അവകാശമാണെന്നും അത് സംരക്ഷിക്കണമെന്നും നടൻ ഹർജിയിൽ പറയുന്നു.

ഹർജിക്കാരൻ അറിയപ്പെടുന്ന വ്യക്തിത്വമാണെന്നും വിവിധ പരസ്യങ്ങളിൽ വേഷമിട്ട ആളുമാണെന്നതിൽ തർക്കമില്ലെന്നും. എന്നാൽ അനുമതിയോ അംഗീകാരമോ ഇല്ലാതെ അദ്ദേഹത്തിന്റെ താരപദവി ഉപയോഗിച്ച് മറ്റുള്ളവർ അവരുടെ ബിസിനസ് വളർത്തുന്നതായും അവരുടെ ഉൽപ്പന്നങ്ങൾ വിൽക്കുന്നതും അവകാശങ്ങളുടെ ലംഘനമാണ്. ഇത് കേസെടുക്കവുന്ന കുറ്റമാണെന്നും ജസ്റ്റിസ് നവീൻ ചൗള പറഞ്ഞു. ഈ ഉത്തരവ് ഇറക്കിയിലെങ്കിൽ അത് അദ്ദേഹത്തെ ദോഷമായി ബാധിക്കുമെന്നും അപകീർത്തിപ്പെടുത്തുമെന്നും കോടതി ചൂണ്ടിക്കാട്ടി. പരാതിയിൽ പറഞ്ഞിട്ടുള്ള വെബ്‌സൈറ്റുകളും ഇതുമായി ബന്ധപ്പെട്ട ലിങ്കുകളും പിൻവലിക്കാനും ഡി.ഒ.ടി, മെയിറ്റ് വൈ തുടങ്ങിയ ഇന്റർനെറ്റ് സേവന ദാതാക്കളോട് കോടതി ആവശ്യപ്പെട്ടു. മാത്രമല്ല, സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്ന എല്ലാ ഫോൺ നമ്പരുകളും ആപ്പുകളും വാട്‌സ്‌ആപ്പുകളും ബ്ലോക്ക് ചെയ്യുവാനും കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തോടും ടെലികോം സേവനദാതാക്കളോടും അത്തരം കണ്ടന്റുകൾ നീക്കം ചെയ്യണമെന്നും കോടതി നിർദേശിച്ചു. മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവേയാണ് അമിതാഭ് ബച്ചന് വേണ്ടി കാടതിയിൽ ഹാജറായത്.

Advertisement
Advertisement