ഓഷ്യൻസാറ്റ്-3 ഉൾപ്പെടെ എട്ട് ഉപഗ്രഹങ്ങളുമായി പി എസ് എൽ വി-സി 54 വിജയകരമായി ബഹിരാകാശത്ത് എത്തി

Saturday 26 November 2022 1:28 PM IST

അമരാവതി: ഇന്ത്യൻ സ്‌പേസ് റിസേർച്ച് ഓർഗനൈസേഷൻ വികസിപ്പിച്ചെടുത്ത പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ- സി 54 (പി എസ് എൽ വി- സി 54) എട്ട് നാനോ സാറ്റലൈറ്റ് ഉൾപ്പെടെ ഒൻപത് ഉപഗ്രഹങ്ങൾ വിജയകരമായി ബഹിരാകാശത്ത് വിക്ഷേപിച്ചു. ആന്ധ്രാപ്രദേശ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ഇന്ന് രാവിലെ 11.56ന് ആണ് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്.

44.4 മീറ്റർ നീളമുള്ള റോക്കറ്റിൽ വിക്ഷേപിച്ച ഏറ്റവും പ്രധാനപ്പെട്ട സാറ്റലൈറ്റ് ഓഷ്യൻസാറ്റ്-3 എന്ന് പേര് നൽകിയിരിക്കുന്ന എർത്ത് ഒബ്‌സർവേഷൻ സാറ്റലൈറ്റ്-6 ആണ്. പി എസ് എൽ വി എക്‌സ് എൽ പതിപ്പിന്റെ 24ാമത് വിക്ഷേപണമാണ് നടന്നത്.

ഇന്ത്യയും ഭൂട്ടാനും ചില സ്വകാര്യ കമ്പനികളും സംയുക്തമായി ചേർന്നാണ് എട്ട് നാനോ ഉപഗ്രഹങ്ങൾ നിർമിച്ചത്. ഓഷ്യൻസാറ്റ് പരമ്പരയിലെ മൂന്നാം തലമുറ ഉപഗ്രഹമാണ് എർത്ത് ഒബ്‌സർവേഷൻ സാറ്റലൈറ്റ്-6. ഓഷ്യൻസാറ്റ്-2 വിന്റെ സേവനങ്ങൾക്ക് തുടർച്ച നൽകുന്നതിനായാണ് ഇത് വികസിപ്പിച്ചെടുത്തത്. സമുദ്രങ്ങളെക്കുറിച്ച് പഠിക്കുന്നതിനും കാലാവസ്ഥാ നിരീക്ഷണത്തിനും വേണ്ടിയാണ് ഓഷ്യൻസാറ്റ് ഉപഗ്രഹങ്ങൾ വികസിപ്പിച്ചിരിക്കുന്നത്. സൂര്യന്റെ ഭ്രമണപഥത്തോട് അനുബന്ധിച്ചായിരിക്കും ഉപഗ്രഹങ്ങൾ വിന്യസിക്കുക. സൂര്യനുമായി എല്ലായ്‌പ്പോഴും അനുപാതത്തിലായിരിക്കുന്ന രീതിയിലാണ് ഉപഗ്രങ്ങൾ സമന്വയിപ്പിക്കുന്നത്.

മിനിയേച്ചറൈസ്‌ഡ് ഭൗമ നിരീക്ഷണ ക്യാമറകളുടെ കഴിവുകളും വാണിജ്യ പ്രയോഗങ്ങളും പ്രകടമാക്കാൻ ലക്ഷ്യമിട്ടുള്ള ടെക്നോളജി ഡെമോൺസ്‌ട്രേറ്റർ നാനോ ഉപഗ്രഹമായ ആനന്ദും പി എസ് എൽ വി സി-54 വഹിക്കുന്നുണ്ട്. പി‌ എസ്‌ എൽ‌ വി-സി 54 വിക്ഷേപണ വാഹനത്തിൽ ഉപയോഗിക്കുന്ന ടു- ഓർബിറ്റ് ചേഞ്ച് ത്രസ്റ്ററുകൾ (ഒ‌ സി‌ ടി) ഉപയോഗിച്ച് ഭ്രമണപഥത്തിൽ മാറ്റം വരുത്തുന്നതിനായി റോക്കറ്റിനെ ഉപയോഗിക്കുന്ന ദൗത്യമാണിത്. ഇസ്‌റോ ശാസ്ത്രജ്ഞർ ഏറ്റെടുത്ത ഏറ്റവും ദൈർഘ്യമേറിയ ദൗത്യം കൂടിയാണിത്.