തരൂരിലൂടെ ലീഗ് നൽകുന്ന മുന്നറിയിപ്പ്

Sunday 27 November 2022 12:00 AM IST

കോൺഗ്രസ് നേതാവ് ശശി തരൂ‌ർ എം.പി പാണക്കാട്ടെത്തി മുസ്‌ലിം ലീഗ് നേതാക്കളെ സന്ദർശിച്ചതായിരുന്നു പോയവാരത്തെ പ്രധാന തലക്കെട്ടുകളിൽ ഒന്ന്. യു.‌ഡി.എഫിലെ രണ്ടാമത്തെ പ്രബല കക്ഷിയായ ലീഗിന്റെ നേതാക്കളെ മുന്നണിക്ക് നേതൃത്വമേകുന്ന കോൺഗ്രസ് നേതാവ് സന്ദർശിച്ചതിൽ അസ്വാഭാവികതയുണ്ടോ?. അത് അത്ര വലിയ വാർത്തയാകേണ്ടതുണ്ടോ?​ മാദ്ധ്യമപ്രവർത്തകരോട് ശശി തരൂരിന്റെ ചോദ്യവും ഇതായിരുന്നു. വാക്കുകളിൽ പലതും ഒളിപ്പിച്ചാണ് തരൂരിന്റെ ഈ ചോദ്യമെങ്കിലും ഈ പറഞ്ഞത് ശരിയല്ലേ എന്ന് കേൾവിക്കാർക്ക് പെട്ടെന്ന് തോന്നാം.

കോൺഗ്രസിന്റെ ദേശീയ അദ്ധ്യക്ഷ പദവിയിലേക്കുള്ള മത്സരത്തിലൂടെ ശശി തരൂരിന്റെ പ്രഭാവം പ്രവർത്തകർക്കിടയിൽ വർദ്ധിച്ചിട്ടുണ്ട്. യുവതലമുറയെയും സ്ത്രീകളെയും ആകർഷിക്കാനുള്ള കഴിവിനൊപ്പം വർഗീയതയ്ക്കെതിരായ ശക്തമായ നിലപാടുകൾ ന്യൂനപക്ഷങ്ങൾക്കിടയിലും തരൂരിന്റെ സ്വീകാര്യത വർദ്ധിപ്പിച്ചു. നിലപാടുകളിലെ വ്യക്തതയും പറയുന്ന കാര്യങ്ങളിൽ നിന്ന് ചാഞ്ചാടാത്ത പ്രകൃതവും പാർട്ടിയിൽ എതിർശബ്ദമുയർത്തുമ്പോഴും വിമതനെന്ന തോന്നൽ സൃഷ്ടിക്കാതെ മുന്നോട്ടുപോവുന്നതും വിമർശനങ്ങളോടുള്ള പ്രതികരണങ്ങളിലെ നിലവാരവുമെല്ലാം ശശി തരൂരിനെ പൊതുസമൂഹത്തിലും കോൺഗ്രസ് പ്രവർത്തകർക്കിടയിലും കൂടുതൽ സ്വീകാര്യനാക്കിയിട്ടുണ്ട്. തരൂരിന്റെ മതേതര നിലപാടിൽ വിശ്വസിക്കാം. പറയുന്നത് ഒരു നിലപാടും മനസിൽ മറ്റൊരു നിലപാടും സ്വീകരിക്കുന്ന നേതാവല്ല തരൂർ എന്നാണ് ലീഗിന് അദ്ദേഹത്തോടുള്ള അടുപ്പത്തിന്റെ കാരണം അന്വേഷിച്ചപ്പോൾ ഒരു സംസ്ഥാന ഭാരവാഹി പറഞ്ഞത്.

കെ.പി.സി.സി പ്രസി‌ഡന്റ് കെ.സുധാകരന്റെ ആർ.എസ്.എസ് അനുകൂല പ്രസ്താവനകളിൽ മുസ്‌ലിം ലീഗ് നേതൃത്വം കടുത്ത അതൃപ്തിയിലാണ്. കോൺഗ്രസിന്റെ നേതാവിനെതിരെ പരസ്യമായി പ്രതികരിക്കുന്ന ശൈലി മുസ്‌‌ലിം ലീഗ് പുലർത്താറില്ല. എന്നാൽ സുധാരകരന്റെ കാര്യത്തിൽ കടുത്ത വിമർശനങ്ങളാണ് ലീഗ് നേതൃത്വം തുടർച്ചയായി ഉന്നയിച്ചത്. ലീഗിന്റെ അതൃപ്തിയുടെ ആഴം തിരിച്ചറിഞ്ഞ ഹൈക്കമാൻ‌ഡും പ്രധാന നേതാക്കളും ഇടപെട്ട് രംഗം പുറമേക്ക് ശാന്തമാക്കിയെങ്കിലും കാറ്റ് ഏത് നിമിഷവും ആഞ്ഞടിക്കാമെന്ന സ്ഥിതിയാണ്. പരസ്യപ്രതികരണം നടത്തേണ്ടെന്ന് തീരുമാനിച്ച ലീഗ് നേതൃത്വം യു.ഡി.എഫിൽ ഇക്കാര്യം ചർച്ച ചെയ്യണമെന്ന നിലപാടിൽ നിന്ന് അയഞ്ഞിട്ടില്ല.

അധികാരം തന്നെ

വിഷയം

കേരള രൂപീകരണ ശേഷം ഇത്രയും കാലും തുടർച്ചയായി അധികാരത്തിന് പുറത്തിരിക്കുന്നത് മുസ്‌ലിം ലീഗിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. 1957ലെ ആദ്യ തിരഞ്ഞെടുപ്പിൽ സ്വതന്ത്രരായാണ് മത്സരിച്ചതെങ്കിലും 1960ൽ കോൺഗ്രസിനും പി.എസ്.പിക്കും ഒപ്പമുള്ള മുന്നണിയിലായി. 12 സീറ്റിൽ മത്സരിച്ച് 11ലും വിജയിച്ച മുസ്‌ലിം ലീഗ് കേരള രാഷ്ട്രീയ ഭൂപടത്തിൽ തങ്ങളുടെ സ്ഥാനവും കുറിച്ചിട്ടു. സാമുദായിക കക്ഷിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയാൽ പ്രതിച്ഛായ നഷ്ടപ്പെടുത്തുമെന്ന നിലപാടിൽ മന്ത്രിസഭയിലേക്ക് ലീഗിനെ കോൺഗ്രസിൽ ഉൾപ്പെടുത്തിയില്ല. പകരം സ്പീക്കർ പദവി നൽകി. സ്പീക്കറായ കെ.എം.സീതിയുടെ മരണത്തോടെ ഈ പദവി കോൺഗ്രസ് തന്നെ തിരിച്ചെടുത്തു. ലീഗിന് സ്പീക്കർ പദവി വീണ്ടും നൽകുന്നതിൽ കെ.പി.സി.സി നേതൃത്വം ഉടക്കിട്ടു. ലീഗ് അംഗത്വം രാജിവച്ച് വരുന്നയാളെ സ്പീക്കറാക്കാമെന്ന കോൺഗ്രസിന്റെ നിലപാടിൽ സി.എച്ച്.മുഹമ്മദ് കോയ ലീഗിന്റെ പ്രാഥമികാംഗത്വം രാജിവച്ച് സ്പീക്കറായി. തങ്ങളുടെ ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ടെന്ന വികാരമായിരുന്നു മുസ്‌ലിം ലീഗ് നേതൃത്വത്തിനും പ്രവർത്തകർക്കും. 1962ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റ് ചോദിച്ച ലീഗിന് കോൺഗ്രസ് ഒരുസീറ്റും നൽകിയില്ല. ഇതോടെ മുന്നണി വിട്ട മുസ്‌ലിം ലീഗ് രണ്ട് സീറ്റിലും മത്സരിച്ച് വിജയിച്ച് ശക്തി തെളിയിച്ചു. 1965ൽ ചിലയിടത്ത് സി.പി.എമ്മുമായി ധാരണയോടെ മത്സരിച്ചു. ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ നിയമസഭ ചേർന്നില്ല. 1967 സി.പി.എമ്മുമായി സഖ്യത്തിലേർപ്പെട്ട് മത്സരിച്ച് മികച്ച വിജയം നേടിയ ലീഗിന് ഇ.എം.എസ് മന്ത്രിസഭയിൽ രണ്ട് മന്ത്രി സ്ഥാനങ്ങളേകി. ലീഗ് ആദ്യമായി കിട്ടിയ വലിയ അംഗീകാരമായിരുന്നു ഇത്. 1967 മുതൽ 1987 വരെയുള്ള കാലയളവിൽ വിവിധ മന്ത്രിസഭകളിൽ ലീഗ് ഭാഗവാക്കായി. ഇതിനിടയിൽ നായനാർ സർക്കാർ വന്ന ഒരുവർഷക്കാലം മാത്രമാണ് അധികാരത്തിൽനിന്ന് വിട്ടുനിൽക്കേണ്ടി വന്നത്. അന്നത്തെ കുഴഞ്ഞുമറിഞ്ഞ രാഷ്ട്രീയ സാഹചര്യത്തിൽ ഏത് പാർട്ടി ഭരിച്ചാലും മന്ത്രിസഭയിൽ ലീഗ് ഉണ്ടാവുമെന്ന അവസ്ഥ. കാലം മുന്നോട്ടുനീങ്ങിപ്പോൾ ലീഗ് വീണ്ടും യു.ഡി.എഫിലെത്തി. 1991ൽ ലീഗ് യു.ഡി.എഫ് വിട്ടെങ്കിലും മറ്റൊരു മുന്നണിയിലേക്കും പോയില്ല. ഏതാനും മാസങ്ങൾക്ക് ശേഷം ലീഗ് യു.ഡി.എഫിൽ തിരിച്ചെത്തി. ഏതെങ്കിലും ഒരു മുന്നണിയുടെ ഭാഗമാവാതെ അധികാരത്തിലേറുക സാദ്ധ്യമല്ലെന്ന തിരിച്ചറിവ് ലീഗിനുണ്ടായിരുന്നു.

ഇങ്ങനെ പോവാൻ പറ്റില്ല

2016ൽ മികച്ച വിജയം നേടിയ മുസ്‌ലിം ലീഗ് 2021ലെ ഇടതുതംരഗത്തിനിടയിലും വലിയ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കോൺഗ്രസാണ് തകർന്നടിഞ്ഞത്. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് നേരത്തെതന്നെ ചിട്ടയായ പ്രവർത്തനങ്ങൾ തുടങ്ങുന്ന ശൈലിയാണ് മുസ്‌ലിം ലീഗ് സ്വീകരിക്കാറുള്ളത്. മന്ത്രിസഭയിലേക്ക് കുപ്പായം തയ്പ്പിച്ചുവച്ചവരുടെ ഗ്രൂപ്പ് ബഹളത്തിനിടയിൽ പലപ്പോഴും കോൺഗ്രസിന് ഇതിന് കഴിയാറില്ല. ലീഗിന് സ്വാധീനമുള്ള ജില്ലകളിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥിയുടെ വിജയം ഉറപ്പിക്കേണ്ട ബാദ്ധ്യത തങ്ങളിലേക്ക് ചുരുക്കപ്പെടുന്നതിൽ കുറച്ചുകാലമായി ലീഗിന് മുറുമുറുപ്പുണ്ട്. കോൺഗ്രസ് നേതൃത്വം തിരഞ്ഞെടുപ്പ് സമയത്ത് പോലും വ്യക്തമായ കാഴ്ചപ്പാടോടെ ഉണർന്നുപ്രവർത്തിക്കുന്നില്ലെന്ന അമർഷവും ലീഗ് നേതൃത്വത്തിനുണ്ട്. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും കോൺഗ്രസ് നേരിട്ട ദയനീയ പരാജയം ഇതിന്റെ തെളിവായി ചൂണ്ടിക്കാട്ടുന്നുണ്ട്.

അധികാരത്തിനൊപ്പം സഞ്ചരിച്ച ശീലമാണ് ലീഗിനുള്ളത്. തുടർച്ചയായി രണ്ടുവട്ടം അധികാരത്തിൽ നിന്ന് മാറിനിൽക്കേണ്ടി വന്നത് പാർട്ടിക്കുള്ളിൽ വലിയ അസ്വാരസ്യങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. സമസ്ത ഉയർത്തുന്ന വിമർശനങ്ങൾ പോലും ഇതിന്റെ ഉപോത്പ്പന്നമായാണ് ലീഗ് വിലയിരുത്തുന്നത്. അധികാരം ഉണ്ടായിരുന്നെങ്കിൽ പ്രധാന വോട്ടുബാങ്കായ സമസ്തയിൽ നിന്ന് ഇത്രത്തോളം വിമതശബ്ദം ഉയരില്ലായിരുന്നു. അണികളെയും അനുഭാവികളെയും കൂടെനി‌റുത്താനും വിമത ശബ്ദങ്ങളുടെ അലയടി ഇല്ലാതാക്കാനും ലീഗിന് അധികാരം കൂടിയേ തീരൂ. ന്യൂനപക്ഷ രാഷ്ട്രീയത്തിനപ്പുറം മറ്റ് അജൻഡകളൊന്നുമില്ലാത്ത മുസ്‌ലിം ലീഗിന് അധികാരമില്ലാതെ അധികകാലം സഞ്ചരിക്കാനാവില്ല.

ഒന്നാം പിണറായി സർക്കാരിന്റെ ജനസ്വാധീനം രണ്ടാം പിണറായി സർക്കാരിനില്ലെന്ന വിലയിരുത്തലിലാണ് ലീഗ്. കൊവിഡിന്റെ പ്രത്യേക സാഹചര്യം അനുകൂലമായി. തുടർച്ചയായ വിവാദങ്ങളും വിവിധ വകുപ്പുകളുടെ മോശം പ്രകടനവും യു.ഡി.എഫിന് അധികാരത്തിൽ തിരിച്ചുവരാൻ സഹായകമാവുമെന്ന പ്രതീക്ഷ ലീഗിനുണ്ട്. രമേശ് ചെന്നിത്തലയിൽ നിന്ന് പ്രതിപക്ഷ നേതൃപദവി വി.ഡി.സതീശനിലേക്കും പാർട്ടിയുടെ കടിഞ്ഞാൺ കെ.സുധാകരനിലേക്കും എത്തിയപ്പോൾ ഉണർവിന്റെ മുന്നോടിയായാണ് മുസ്‌ലിം ലീഗ് ഇതിനെ കണ്ടിരുന്നത്. ഇരുനേതാക്കളും പ്രതീക്ഷിച്ചതുപോലെ ഉയർന്നില്ലെന്ന വിലയിരുത്തൽ ലീഗിനുണ്ട്. ആർ.എസ്.എസ് അനുകൂല പ്രസ്താവന കൂടിയായതോടെ സുധാകരനുമായി ലീഗ് നേതൃത്വം തീർത്തും അകന്നിട്ടുണ്ട്. പല വിഷയങ്ങളിലും പ്രതിപക്ഷ നേതാവിന്റെ നിലപാടുകൾക്കൊപ്പം ലീഗില്ല. ഗവർണർ -സർക്കാർ പോരിൽ പ്രതിപക്ഷ നേതാവും കോൺഗ്രസും അനാവശ്യമായി ഗവർണറെ പിന്തുണയ്ക്കുന്നെന്ന വികാരം ലീഗിനുണ്ട്. ഗവർണറെ സർവകലാശാലകളുടെ ചാൻസില‌ർ പദവിൽ നിന്ന് പുറത്താക്കാനുള്ള ഓർഡിനൻസിനെ എതിർക്കുമെന്ന് പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചപ്പോൾ യു.ഡി.എഫ് അത്തരത്തിലൊരു തീരുമാനം എടുത്തിട്ടില്ലെന്നും ഇതല്ലാതെ പിന്തുണയ്ക്കാനാവില്ലെന്നും ലീഗ് നേതൃത്വം നിലപാടെടുത്തു. പ്രതിപക്ഷ നേതാവിനെ പരസ്യമായി തിരുത്തുന്ന ശീലം മുസ്‌ലിം ലീഗിനില്ല.

നിലവിലെ സാഹചര്യങ്ങൾ മുൻനിറുത്തി ഇരുനേതാക്കളുമായും അകലം പാലിക്കുന്ന ലീഗ് നേതൃത്വത്തിന് മുന്നിലേക്കാണ് മലബാർ പര്യടനവുമായി ശശി തരൂർ എത്തിയത്. തരൂരിനോട് ലീഗിന് മമതയുമുണ്ട്. യു.ഡി.എഫിനെ ശക്തിപ്പെടുത്താൻ ശശി തരൂരിന്റെ സാന്നിദ്ധ്യം ഗുണകരമാവുമെന്ന വിലയിരുത്തലും ലീഗിനുണ്ട്. ഇക്കാര്യം പരസ്യമായി അഭിപ്രായപ്പെട്ട ലീഗ് നേതൃത്വം യു.ഡി.എഫ് മീറ്റിംഗിൽ ഇതുയർത്തും. നിയമസഭ തിരഞ്ഞെടുപ്പിലെ മുന്നണി പോരാളിയായി തരൂരിനെ ലീഗ് പിന്തുണച്ചാൽ പോലും അത്ഭുതപ്പെടാനില്ല. മുന്നണിയിലെ രണ്ടാമത്തെ പ്രബലകക്ഷിയുടെ അഭിപ്രായം ഹൈക്കമാൻഡും ഗൗരവത്തോടെ കാണും. വിഴുപ്പലക്കലും ഗ്രൂപ്പ് പോരുമായി മുന്നോട്ടുപോയാൽ അതിന്റെ പരിണിതഫലം അനുഭവിക്കേണ്ടി വരുമെന്ന് പറയാതെ പറയുന്നുണ്ട് മുസ്‌ലിം ലീഗ്. ഇനിയും ഒരുതവണ കൂടി അധികാരത്തിന് പുറത്തിരിക്കാൻ ലീഗിനാവില്ല. സ്വന്തം നിലനിൽപ്പിനേക്കാൾ വലുതല്ല മുന്നണി സംവിധാനമെന്നത് ലീഗിന് നന്നായിട്ടറിയാം. സുധാകരന്റെ നാക്കുപിഴയിൽ കോൺഗ്രസ് ദേശീയ നേതൃത്വമടക്കം ഉണർന്ന് പ്രവർത്തിച്ചതും ലീഗിനെ തണുപ്പിക്കാൻ ശ്രമിച്ചതും ഈ കാലാവസ്ഥ കൂടി അറിയുന്നത് കൊണ്ടാണ്. യു.ഡി.എഫിൽ ലീഗില്ലെങ്കിൽ അത് ചത്ത കുതിരയാവുമെന്ന് കോൺഗ്രസിനും നന്നായിട്ടറിയാം.

Advertisement
Advertisement