വന്ദേ ഭാരത് ട്രെയിനുകൾ കയറ്റുമതി ചെയ്യാനും പദ്ധതി, അടുത്ത കേന്ദ്ര ബഡ്ജറ്റിലുണ്ടാവുക വമ്പൻ പ്രഖ്യാപനങ്ങൾ 

Sunday 27 November 2022 7:43 AM IST

ന്യൂഡൽഹി : അടുത്ത കേന്ദ്ര ബഡ്ജറ്റിൽ ഇന്ത്യൻ റെയിൽവേയ്ക്കായി വമ്പൻ പദ്ധതികൾ പ്രഖ്യാപിക്കുമെന്ന് സൂചന. കേന്ദ്ര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ സൂചന ഏകദേശം 300 മുതൽ 400 വരെ പുതിയ വന്ദേ ഭാരത് ട്രെയിനുകൾ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിക്കും എന്നാണ്. ഇന്ത്യൻ റെയിൽവേയ്ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ ബഡ്ജറ്റ് വിഹിതമാവും നീക്കി വയ്ക്കുക.

2024ൻെറ ആദ്യ പാദത്തിൽ സ്ലീപ്പർ കോച്ചുകളുള്ള വന്ദേ ഭാരത് ട്രെയിൻ പുറത്തിറക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വെളിപ്പെടുത്തിയിരുന്നു. ഇത് റെയിൽവേയുടെ സമഗ്രമായ മാറ്റത്തിന്റെ സൂചനയാണ്. 475 വന്ദേ ഭാരത് ട്രെയിനുകൾ നിർമ്മിക്കാനുള്ള പദ്ധതിയുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഈ ട്രെയിനുകൾ രാജ്യത്ത് തലങ്ങും വിലങ്ങും സർവീസ് നടത്തും. അതേസമയം ഡൽഹി - മുംബയ്, ഡൽഹി - ഹൗറ തുടങ്ങിയ റൂട്ടുകളിലും മറ്റ് പ്രധാന റൂട്ടുകളിലും നിലവിലുള്ള രാജധാനി, തുരന്തോ ട്രെയിനുകൾക്ക് പകരമായി വന്ദേ ഭാരത് വരുമോ എന്നും അഭ്യൂഹമുണ്ട്.

വന്ദേ ഭാരത് ട്രെയിനുകൾ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും ഇന്ത്യയ്ക്ക് പദ്ധതിയുണ്ട്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അതിവേഗ ട്രെയിൻ യൂറോപ്പ്, തെക്കേ അമേരിക്ക, കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനാണ് റെയിൽവേ പദ്ധതിയിടുന്നത്. റെയിൽവേയിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യം വാർത്താ ഏജൻസിയോട് വെളിപ്പെടുത്തിയത്. വരുന്ന കേന്ദ്ര ബഡ്ജറ്റിൽ ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത കൈവരും.

Advertisement
Advertisement