തരൂരിന്റെ ഇന്നത്തെ പരിപാടി കൊച്ചിയിൽ, നേരിൽ കാണില്ലെങ്കിലും സമ്മേളനത്തിന് വി ഡി സതീശനും, ഓൺലൈനായി എത്താമെന്ന് കെ സുധാകരൻ

Sunday 27 November 2022 8:31 AM IST

കൊച്ചി: കേരളത്തിൽ ശശി തരൂർ പങ്കെടുക്കുന്ന പരിപാടികൾക്ക് മാദ്ധ്യമ ശ്രദ്ധ വർദ്ധിക്കവേ, ഇന്ന് അദ്ദേഹം കൊച്ചിയിൽ ഓൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കും. പ്രസിഡൻസി ഹോട്ടലിൽ രാവിലെ 10നാണ് ചടങ്ങ്. പ്രൊഫഷണൽസ് കോൺഗ്രസ് പ്രസിഡന്റ് കൂടിയായ തരൂരാണ് മുഖ്യപ്രഭാഷകൻ. ഈ പരിപാടിയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനും, കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരനും അതിഥികളാണ്. എന്നാൽ നേരിട്ട് പങ്കെടുക്കാതെ കെ.സുധാകരൻ ഓൺലൈനിലൂടെയാവും ചടങ്ങ് ഉദ്ഘാടനം ചെയ്യുക. അതേസമയം സമ്മേളന വേദിയിൽ വി ഡി സതീശനെത്തും.

കെ. സുധാകരൻ കണ്ണൂരിൽ ചികിത്സയിലായതിനാലാണ് ഉദ്ഘാടന ചടങ്ങ് ഓൺലൈനിലാക്കിയതെന്ന് സംഘാടകർ പറഞ്ഞു. മലബാറിൽ തരൂർ നടത്തിയ പര്യടനം കോൺഗ്രസ് നേതൃത്വത്തിൽ ഭിന്നതയും ആശയക്കുഴപ്പവും സൃഷ്ടിച്ച ശേഷം ഇരുനേതാക്കളും ഒരു വേദിയിൽ എത്തുന്നത് രാഷ്ട്രീയ കൗതുകം സൃഷ്ടിച്ചിരുന്നു. വൈകിട്ട് അഞ്ചിന് സമാപന സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ഉദ്ഘാടകൻ. പക്ഷേ ഈ ചടങ്ങിന് മുമ്പ് തരൂർ മടങ്ങും. മുംബയിൽ നിന്നെത്തുന്ന തരൂർ ഇന്ന് ഉച്ചവരെ മാത്രമേ വേദിയിലുണ്ടാകുകയുള്ളു. തുടർന്ന് വിവിധ വ്യക്തികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഡൽഹിയിലേക്ക് മടങ്ങും. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

Advertisement
Advertisement