വീട്ടമ്മയെ കൊലപ്പെടുത്തിയവരെ പിടികൂടാൻ പൊലീസിനൊപ്പം നിന്ന തോമസിന്  പൊലീസ് നായ സ്റ്റെഫിയെത്തിയതോടെ വിറയൽ തുടങ്ങി

Sunday 27 November 2022 9:55 AM IST

കട്ടപ്പന: വീട്ടമ്മയെ തലയ്ക്കടിച്ച് ബോധംകെടുത്തി സ്വർണാഭാരണങ്ങൾ കവർന്ന ശേഷം പാചകവാതക സിലിണ്ടറിൽ നിന്ന് ഗ്യാസ് തുറന്നു വിട്ട് തീകൊളുത്തി കൊന്ന അയൽവാസി അറസ്റ്റിൽ. ഇടുക്കി നാരകക്കാനം വെട്ടിയാങ്കൽ തോമസ് വർഗീസാണ് (54) പിടിയിലായത്. 23നാണ് ഇടുക്കി നാരകക്കാനം കുമ്പിടിയാങ്കൽ ചിന്നമ്മയുടെ (67) മൃതദേഹം വീട്ടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്തിയത്. ചിന്നമ്മയുടെ ദേഹത്തുണ്ടായിരുന്ന മാലയും വളയുമടക്കം നാല് പവനോളം സ്വർണവും നഷ്ടമായിരുന്നു. മോഷണശ്രമത്തിനിടെയുള്ള കൊലപാതകമാണെന്ന സംശയത്തെ തുടർന്ന് കട്ടപ്പന ഡിവൈ.എസ്.പി നിഷാദ്‌മോന്റെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.

ചിന്നമ്മയുടെ വീടിന് 500 മീറ്റർ അകലെ താമസിക്കുന്ന പൊതുപ്രവർത്തകനാണ് വെട്ടിയാങ്കൽ സജി എന്നറിയപ്പെടുന്ന തോമസ് വർഗീസ്. സംഭവദിവസം ഉച്ചയ്ക്ക് 12.30ന് ആരുമില്ലാതിരുന്നപ്പോൾ ചിന്നമ്മയുടെ വീട്ടിലെത്തിയ പ്രതി കുടിക്കാൻ വെള്ളം ചോദിച്ചു. തുണി അലക്കുകയായിരുന്ന ചിന്നമ്മ പ്രതിയോട് കയറിയിരിക്കാൻ പറഞ്ഞ ശേഷം അടുക്കളയിലേക്ക് വെള്ളമെടുക്കാൻ പോയി. ഈ സമയം പിന്നിലൂടെയെത്തിയ പ്രതി അടുക്കളവാതിക്കൽ കിടന്ന പലകയെടുത്ത് ചിന്നമ്മയുടെ തലയ്ക്കടിക്കുകയായിരുന്നു. മേശപ്പുറത്തിരുന്ന കറിക്കത്തിയെടുത്ത് ചിന്നമ്മ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും കരാട്ടെ ബ്ലാക്ക് ബെൽറ്റായ പ്രതി നിലത്തുകിടന്ന അരിവാളെടുത്ത് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു.

വെട്ടേറ്റ് ബോധരഹിതയായി വീണ ചിന്നമ്മയുടെ ദേഹത്ത് പ്രതി അടുത്ത മുറിയിൽ നിന്ന് പുതപ്പും തുണികളും ബുക്കുകളും എടുത്തുകൊണ്ടുവന്നിട്ടു. ഇതിന് ശേഷം പാചകവാതക സിലിണ്ടറിന്റെ ഹോസ് മുറിച്ചിട്ട ശേഷം തുണിക്ക് തീകൊളുത്തുകയായിരുന്നു. ഗ്യാസ് സ്റ്റൗ മെക്കാനിക്ക് കൂടിയായ പ്രതി തനിക്ക് പൊള്ളലേൽക്കാതിരിക്കാനായി പാചകവാതക സിലിണ്ടർ റഗുലേറ്റർ സിം മോഡിൽ പാതി മാത്രമാണ് തുറന്നു വിട്ടത്. തീ കൊളുത്തും മുമ്പ് ചിന്നമ്മയുടെ മാലകളും വളകളും പ്രതി കൈക്കലാക്കിയിരുന്നു.

പിന്നീട് പൊലീസ് അന്വേഷണത്തെ സഹായിക്കാനെന്ന വേണം രാഷ്ട്രീക്കാരനായ പ്രതിയും ഒപ്പമുണ്ടായിരുന്നു. സംഭവസ്ഥലത്തെത്തിയ പൊലീസ് നായ സ്റ്റെഫി മണം പിടിച്ച് തോമസിന്റെ വീടിന്റെ മുന്നിലെത്തിയതാണ് കേസിൽ നിർണായകമായത്. ഇതോടെ സ്വർണം പണയം വച്ചുകിട്ടിയ 1,25,000 രൂപയുമായി ഇയാൾ നാടുവിട്ടു. തുടർന്ന് നെടുങ്കണ്ടം, കട്ടപ്പന, വന്മേട് സി.ഐമാരുടെ നേതൃത്വത്തിൽ അന്വേഷണം വ്യാപിപ്പിച്ചു. ഇന്നലെ തമിഴ്നാട്ടിലെ കമ്പത്തുള്ള ബസ് സ്റ്റാൻഡിൽ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പീഡനശ്രമം തള്ളാതെ പൊലീസ്

ചിന്നമ്മയെ കൊലപ്പെടുത്തിയത് പീഡനശ്രമത്തിനിടെയാണോയെന്നും അന്വേഷിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി വി.യു. കുര്യാക്കോസ് പറഞ്ഞു. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ ഇതേക്കുറിച്ചു പറയാനാവൂ. ഭാര്യയും മക്കളും ഉപേക്ഷിച്ച പ്രതി സ്ത്രീകൾക്ക് സ്ഥിരം ശല്യക്കാരനായിരുന്നു. കൊല്ലപ്പെട്ട ചിന്നമ്മയെയും മുമ്പ് പ്രതി ശല്യം ചെയ്തിരുന്നതായി അവർ അയൽവാസികളോട് പറഞ്ഞിട്ടുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മിക്കവാറും മദ്യലഹരിയിലായ ഇയാൾ ചെറിയ മോഷണങ്ങളും നടത്താറുള്ളതായി പറയുന്നു. ഇയാൾ വിവിധ സ്ഥലങ്ങളിൽ ഹോം നഴ്സായി ജോലി നോക്കിയിട്ടുണ്ട്.

Advertisement
Advertisement