ചീറ്റകളെ കുറിച്ച് പഠിക്കാൻ ലക്ഷങ്ങൾ പൊടിച്ച്  മദ്ധ്യപ്രദേശ് വനം മന്ത്രിയുടെ ആഫ്രിക്കൻ സഫാരി, തുക പുറത്ത് വന്നതോടെ വിവാദം  

Sunday 27 November 2022 12:04 PM IST

പൂനെ : മദ്ധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ ചീറ്റകൾ അതിഥികളായി എത്തിയിട്ട് മാസങ്ങളായി. എന്നാൽ ഇപ്പോൾ വിവാദമാവുന്നത് ചീറ്റകളെ കാണാനും, അവയെ കുറിച്ച് പഠിക്കുന്നതിനുമായി 35ലക്ഷം പൊടിച്ച് മദ്ധ്യപ്രദേശ് വനം മന്ത്രിയുടെ ആഫ്രിക്കൻ സഫാരിയാണ്. ഓഗസ്റ്റിലാണ് കുൻവർ വിജയ് ഷായും രണ്ട് മുതിർന്ന ഉദ്യോഗസ്ഥരും ടാൻസാനിയയിലേക്കും ദക്ഷിണാഫ്രിക്കയിലേക്കും ടൂർ പോയത്.

കേന്ദ്രത്തിന്റെ മേൽനോട്ടത്തിലാണ് ചീറ്റകളെ കുനോയിൽ എത്തിച്ചത്. എന്നാൽ ചീറ്റപ്പുലികളുടെ സ്ഥലംമാറ്റ പദ്ധതിയെ കുറിച്ച് വിശദമായി ആഫ്രിക്കയിലെത്തി നേരിൽ കണ്ട് പഠിക്കാനാണ് വനം മന്ത്രി കുൻവർ വിജയ് ഷായും രണ്ട് മുതിർന്ന ഉദ്യോഗസ്ഥരും പദ്ധതിയിട്ടത്. ഫോറസ്റ്റ് മേധാവി ആർ കെ ഗുപ്ത, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ശുഭ്രഞ്ജൻ സെൻ എന്നിവരാണ് മന്ത്രിയെ ടൂറിൽ അനുഗമിച്ചത്.

പത്തു ദിവസം നീണ്ട വിദേശ പര്യടനത്തിനായി സർക്കാർ 15 ലക്ഷം രൂപയാണ് വകയിരുത്തിയത്. എന്നാൽ മൂവർ സംഘം തിരിച്ചെത്തിയപ്പോൾ ചെലവ് 35 ലക്ഷമായി ഉയർന്നു. ഇതിൽ 31,71,500 രൂപ വിമാന ടിക്കറ്റുകൾക്കും താമസത്തിനും പ്രാദേശിക സന്ദർശനത്തിനുമായി മാത്രം ചെലവഴിച്ചു. വിവരാവകാശ പ്രകാരമാണ് ഈ വിവരങ്ങൾ ലഭിച്ചത്.

ചീറ്റകളെ പരിപാലിക്കുന്നതിൽ ആഫ്രിക്കൻ രാജ്യങ്ങളിൽ സ്വീകരിക്കുന്ന വ്യത്യസ്ത രീതികൾ എന്താണെന്ന് പഠിക്കാനാണത്രേ പ്രധാനമായും മന്ത്രി പര്യടനം നടത്തിയത്. എന്നാൽ കുനോയിൽ ചീറ്റപ്പുലികളെ പാർപ്പിക്കുന്നതിൽ മദ്ധ്യപ്രദേശ് സർക്കാരിന് പ്രത്യേകിച്ച് പങ്കൊന്നുമില്ലെന്നും, പിന്നെ വനം മന്ത്രിയും ഉദ്യോഗസ്ഥരും എന്തിനാണ് ആഫ്രിക്കയിൽ പഠന പര്യടനം നടത്തിയതെന്നും വിമർശകർ ചോദിക്കുന്നു. എന്നാൽ തങ്ങളുടെ സന്ദർശനത്തിൽ ലഭിച്ച വിവരങ്ങൾ റിപ്പോർട്ടാക്കി മദ്ധ്യപ്രദേശ് വൈൽഡ് ലൈഫ് സൊസൈറ്റിക്ക് സമർപ്പിച്ചിട്ടുണ്ടെന്നാണ് പര്യടന സംഘത്തിലുണ്ടായിരുന്ന ആർ കെ ഗുപ്ത പ്രതികരിച്ചത്.

Advertisement
Advertisement