ആരിഫ് മുഹമ്മദ് ഖാനടക്കം ഗവർണർമാർ അതിരുവിടുന്നു; രൂക്ഷവിമർശനവുമായി പി ചിദംബരം

Sunday 27 November 2022 3:19 PM IST

ചെന്നൈ: ചാൻസില‌ർ വിഷയത്തിലും സർവകലാശാലയിലെ പ്രശ്‌നത്തിന്റെ പേരിലും സംസ്ഥാനത്ത് ഗവർണർ- സർക്കാർ പോര് അറുതിയാകാതിരിക്കുന്നതിനിടെ ഈ വിഷയങ്ങളിലടക്കം ഗവർണർമാരെ നിശിതമായി വിമർശിച്ച് മുൻകേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ചിദംബരം. ബ്രിട്ടണിലെ വെസ്‌റ്റ്‌മിൻസ്‌റ്റർ മോഡൽ ഭരണഘടന രാജ്യത്ത് കടമെടുത്തതാണ് ഗവർണറുടെ അധികാരമെന്നും സർക്കാർ ഗവർണറുടെ പേരിലാണ് ഭരിക്കപ്പെടുന്നത് എന്നതിന് നിയന്ത്രണങ്ങളുണ്ടെന്നും ചിദംബരം ഒരു ദേശീയ മാദ്ധ്യമത്തിലെഴുതിയ ലേഖനത്തിൽ ഓർമ്മിപ്പിക്കുന്നു.

മഹാരാഷ്‌ട്ര ഗവർണർ ഭഗത്‌സിംഗ് കോഷിയാരിയെയും സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെയും പരോക്ഷമായി ചിദംബരം തന്റെ ലേഖനത്തിൽ വിമർശിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ബന്ധുനിയമനത്തിന് നിർദ്ദേശം പോകുന്നത് അറിയാത്തത് മുഖ്യമന്ത്രിയുടെ കഴിവുകേടാണെന്ന് പറഞ്ഞ ഗവർണറുടെ അഭിപ്രായത്തെ തന്റെ ലേഖനത്തിൽ ചിദംബരം പരാമർശിക്കുന്നുണ്ട്. മുഖ്യമന്ത്രിയെ പരിഹസിച്ച് ഗവർണർ ആരിഫ്‌മുഹമ്മദ് ഖാൻ പറഞ്ഞതും ലേഖനത്തിലുണ്ട്. ഇത് ഗവർണർ സ്ഥാനത്തേക്ക് അദ്ദേഹം യോഗ്യതയില്ലാത്തയാളാണെന്ന് തെളിയിക്കുന്നതെന്നാണ് ചിദംബരം ലേഖനത്തിൽ പറയുന്നത്. കേരളത്തിൽ മാത്രമല്ല തമിഴ്‌നാട്ടിലെയും മഹാരാഷ്‌ട്രയിലെയും ഗവർണർമാർ അതിരുവിടുകയാണെന്നും മുഖ്യമന്ത്രിയാകാൻ ഗവർണർമാർ ആഗ്രഹിക്കുകയാണെന്നും വിവിധ വിഷയങ്ങൾ ചൂണ്ടിക്കാട്ടി ചിദംബരം പരിഹസിക്കുന്നു.