സംഘർഷഭൂമിയായി വിഴിഞ്ഞം

Monday 28 November 2022 3:58 AM IST

 സമരക്കാർ അഴി‌ഞ്ഞാടി, കലാപസമാന അന്തരീക്ഷം

തിരുവനന്തപുരം: ഇന്നലെ വൈകിട്ടും രാത്രിയുമായി വിഴിഞ്ഞത്ത് നടന്ന ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലുള്ള സമരസമിതിയുടെ ആക്രമണത്തിൽ വിറങ്ങലിച്ച് പ്രദേശവാസികൾ. പൊലീസ് സ്റ്റേഷനടക്കം വളഞ്ഞും കല്ലെറിഞ്ഞും സമരസമിതിക്കാർ നടത്തിയ പ്രതിഷേധത്തിൽ യാത്രക്കാർ ഉൾപ്പെടെ വലഞ്ഞു.

റോഡ് ഉപരോധത്തെ തുടർന്ന് പ്രദേശത്ത് വൻ ഗതാഗതകുരുക്കും രൂപപ്പെട്ടു. വൈകിട്ട് 6.30ഓടെയാണ് കഴിഞ്ഞദിവസത്തെ സംഘർഷത്തിൽ അറസ്റ്രിലായ അഞ്ചുപേരെ വിട്ടയ‌യ്‌ക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനു മുന്നിൽ സമരക്കാർ തടിച്ചുകൂടിയത്. വിഴിഞ്ഞം ബസ് സ്റ്റാൻഡ് പരിസരത്തടക്കം ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച സമരസമിതി പ്രവർത്തകർ പലവട്ടം പൊലീസിനെയും പ്രദേശവാസികളെയും പ്രകോപിപ്പിക്കാൻ ശ്രമിച്ചു.

ശനിയാഴ്‌ച നടന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിഴിഞ്ഞത്ത് ഇന്നലെ രാവിലെ മുതൽ പൊലീസ് നടപടികൾ കടുപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ആർച്ച് ബിഷപ്പിനെതിരെയടക്കം മുഖം നോക്കാതെ നടപടി സ്വീകരിച്ചത്. സംഘർഷം അരങ്ങേറുമ്പോൾ പൊലീസ് നോക്കുകുത്തായിരുന്നുവെന്നായിരുന്നു വിമർശനം. പൊലീസ് നോക്കിനിൽക്കെയാണ് ഇരുവിഭാഗം സമരക്കാരും പദ്ധതി പ്രദേശത്ത് ഏറ്റുമുട്ടിയത്. വൈദികർ ഉൾപ്പെടെയുള്ളവർക്ക് മേൽ ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. കൂടുതൽ അറസ്റ്രുകൾ ഉണ്ടായേക്കുമെന്ന വിവരം പരന്നതോടെയാണ് സമരക്കാർ സ്റ്റേഷനിലേക്ക് സംഘടിച്ചെത്തിയത്.

രാത്രി വൈകിയും മെഡിക്കൽ കോളേജിലേക്കും സ്വകാര്യ ആശുപത്രികളിലേക്കും വിഴിഞ്ഞം കമ്മ്യൂണിറ്റി സെന്ററിലേക്കും പരിക്കേറ്റ പൊലീസുകാരെ പ്രവേശിപ്പിച്ചു. ഇതിൽ വിഴി‌ഞ്ഞത്തെ പ്രൊബേഷൻ എസ്.ഐ ലിജു.പി.മണിയുടെ കാലൊടിഞ്ഞു. പൊലീസുകാരായ ജിന്റോ,​ ആകാശ്,​ അനു,​ ബിനീഷ്. രാഹുൽ,​ അജ്മൽ എന്നിവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭൂരിപക്ഷം പൊലീസുകാരുടെയും മുഖത്തിനും മൂക്കിനുമാണ് പരിക്ക്.

വൈകിട്ട് 6.30

വിഴിഞ്ഞം സ്റ്റേഷന് നേരെ കല്ലേറ്

6.35

സ്റ്രേഷൻ വളഞ്ഞ് സമരസമിതി പ്രവർത്തകർ

6.50

പൊലീസ് സ്റ്റേഷനകത്ത് കയറി പൊലീസിനെ ആക്രമിക്കുന്നു

7

കമ്പ്യൂട്ടറുകൾ അടിച്ചുതകർത്തു. സ്റ്റേഷനകത്ത് നിറുത്തിയിട്ടിരുന്ന പൊലീസ് ജീപ്പുകൾ മറിച്ചിട്ടു.

7.15

സ്റ്റേഷന് പുറത്ത് പാർക്ക് ചെയ്‌തിരുന്ന പൊലീസ്

വാഹനങ്ങളുടെ ചില്ലുകൾ അടിച്ചു തകർത്തു

7.35

പരിക്കേറ്റവരെ കൊണ്ടുപോകാനെത്തിയ ആംബുലൻസുകൾ തടയുന്നു

7.55

കൂടുതലായെത്തിയ പൊലീസുകാരുടെ വാഹനങ്ങളും തടഞ്ഞു

8.20

റാപ്പിഡ് ആക്ഷൻ ഫോഴ്‌സും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും വിഴിഞ്ഞത്തെത്തി.

8.35

ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ശ്രമിച്ച പ്രാദേശിക മാദ്ധ്യമപ്രവർത്തകൻ ഷെഫീക്ക് എം.ജോർജിന് മർദ്ദനം

8.50

കോവളം എം.എൽ.എ എം. വിൻസെന്റ് സംഭവസ്ഥലത്ത്.

9

സമരക്കാരും പൊലീസും എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ സമവായ ചർച്ച

9.10

വീണ്ടും സംഘർഷം. പൊലീസ് ടിയർ ഗ്യാസ് പ്രയോഗിക്കുന്നു

9.25

സമരക്കാർക്ക് നേരെ ലാത്തിവീശി,​ കണ്ണീർവാതകം പ്രയോഗിച്ചു

9.45

ജില്ലാ കളക്ടർ ജെറോമിക് ജോർജും സംഘവും സ്ഥലത്തെത്തി. സമരക്കാർ

പിരിഞ്ഞുപോകാതെ വിഴിഞ്ഞം ബസ് സ്റ്റാൻഡ് പരിസരത്ത് തടിച്ചുകൂടി

10

കൂടുതൽ പൊലീസുകാർ വിഴിഞ്ഞത്തേയ്‌ക്ക്. ടിയർ ഗ്യാസ് പ്രയോഗിക്കുന്നത് തുടരുന്നു.

ജില്ലാ കളക്ടറും പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച

10.15 വള്ളങ്ങൾ റോഡിലിറക്കി മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം

സുരക്ഷ ശക്തമാക്കി

ജില്ലയിലെ പരമാവധി പൊലീസുകാരെ വിഴിഞ്ഞത്തേയ്‌ക്ക് ഇന്നലെ രാത്രിയോടെ വിന്യസിച്ചു. വിവിധ സ്ഥലങ്ങളിൽ പൊലീസ് പിക്കറ്റും ഏർപ്പെടുത്തി. അറുന്നൂറിലധികം പൊലീസുകാരാണ് വിഴിഞ്ഞത്ത് നിലയുറപ്പിച്ചിരിക്കുന്നത്. വിഷയം വഷളാകാൻ കാരണം സർക്കാരിന്റെ ഉദാസീനതയാണെന്നാണ് ജനകീയ കൂട്ടായ്‌മയിലെ അംഗങ്ങൾ ആരോപിക്കുന്നത്. സർക്കാർ കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിൽ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ കാര്യങ്ങൾ വഷളാകില്ലെന്നായിരുന്നു ഇവർ പറയുന്നത്.

സമരസമിതിക്കുള്ളിലും വാക്കേറ്റം

ഇന്നലെ തുറമുഖ നിർമ്മാണ സ്ഥലത്ത് ഐസ്ക്രീം വിൽക്കുന്നത് സംബന്ധിച്ച് സമരസമിതി പ്രവർത്തകർ തമ്മിൽ നടന്ന വാക്കേറ്റം സംഘർഷത്തിന്റെ വക്കിലെത്തി. ഇന്നലെ രാവിലെ സമരസ്ഥലത്ത് ഐസ്ക്രീം വില്പന നടത്തുന്നതിനിടെ ഒരു വിഭാഗം സമരക്കാർ ഐസ്ക്രീം വാങ്ങികഴിച്ചത് മറുവിഭാഗം തടയുകയായിരുന്നു. ഇതോടെയാണ് വാക്കേറ്റമായത്. ഒടുവിൽ പൊലീസെത്തി ഐസ്ക്രീം വില്പനക്കാരനെ പറഞ്ഞുവിട്ടതോടെയാണ് രംഗം ശാന്തമായത്.

ജനകീയ കൂട്ടായ്മയുടെ ശക്തി പ്രകടനം

ഇന്നലെ വൈകിട്ട് പ്രാദേശിക ജനകീയ കൂട്ടായ്മ നേതൃത്വത്തിൽ നടത്തിയ പ്രകടനം പൊലീസ് തടഞ്ഞത് ആശങ്കയുണ്ടാക്കി. പിന്നീട് തുറമുഖ വിരുദ്ധ സമര പ്രദേശത്തേയ്‌ക്ക് പോകില്ലെന്ന ഉറപ്പിൽ പ്രകടനം തുടരാൻ പൊലീസ് അനുവദിക്കുകയായിരുന്നു. ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തിലങ്കേരി ജനകീയ സമര സമിതി കൂട്ടായ്മയുടെ സമരപന്തൽ സന്ദർശിച്ച് മടങ്ങിയ ശേഷമാണ് മുന്നറിയിപ്പില്ലാതെ പ്രകടനം നടന്നത്. പ്രാദേശിക കൂട്ടായ്മ കൺവീനർ വെങ്ങാനൂർ ഗോപകുമാർ, സഞ്ചുലാൽ, മുക്കോല സന്തോഷ്, പ്രദീപ് ചന്ദ്, മോഹന ചന്ദ്രൻ നായർ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി. മുല്ലൂരിൽ നിന്ന് ആരംഭിച്ച പ്രകടനം മുക്കോലയിലെത്തി തിരികെ സമരപ്പന്തലിലെത്തി.

നാടാർ സർവീസ് ഫോറം പ്രകടനം നടത്തി

തുറമുഖം നിർമ്മാണം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നാടാർ സർവീസ് ഫോറത്തിന്റെ (എൻ.എസ്.എഫ്) നേതൃത്വത്തിൽ പ്രകടനം നടത്തി. ഉച്ചക്കട ജംഗ്ഷനിൽ നിന്ന് മുക്കോല വരെ നടന്ന പ്രകടനത്തിന് എൻ.എസ്.എഫ് ജനറൽ സെക്രട്ടറി ചൊവ്വര സുനിൽ നാടാർ നേതൃത്വം നൽകി.

ഫോട്ടോ: ജനകീയ കൂട്ടായ്മ നടത്തിയ പ്രകടനം പൊലീസ് തടഞ്ഞപ്പോൾ.

ഫോട്ടോ: ജനകീയ കൂട്ടായ്മ നടത്തിയ പ്രകടനം

Advertisement
Advertisement