ജി 20- അദ്ധ്യക്ഷപദത്തില്‍ ഇന്ത്യ എത്തുമ്പോൾ

Monday 28 November 2022 3:13 PM IST

ഇന്തോനേഷ്യയിലെ ബാലിയില്‍ 2022 നവംബറില്‍ നടന്ന ജി - 20 ഉച്ചകോടി അംഗരാജ്യങ്ങള്‍ക്കിടയില്‍ ഏറെ ഭിന്നതകള്‍ നിലനിന്ന ഒരു പശ്ചാത്തലത്തിലാണ് അരങ്ങേറിയത്. റഷ്യ- യുക്രെയിൻ യുദ്ധം തന്നെയായിരുന്നു രാഷ്ട്രങ്ങള്‍ തമ്മിലുള്ള ഭിന്നതകള്‍ക്ക് പ്രധാന കാരണം. യുക്രെയിനിൽ റഷ്യ നടത്തുന്ന അധിനിവേശത്തെ അപലപിക്കണമെന്ന നിലപാടാണ് പാശ്ചാത്യരാജ്യങ്ങള്‍ കൈക്കൊണ്ടിരുന്നത്.

എന്നാല്‍ ചൈനയെപ്പോലുള്ള രാഷ്ട്രങ്ങള്‍ക്ക് മറിച്ചൊരു നിലപാടായിരുന്നു. ഉച്ചകോടിയുടെ തീരുമാനങ്ങള്‍ സംബന്ധിച്ച് ഒരു സംയുക്ത പ്രസ്താവനയുണ്ടാകുമോ എന്ന കാര്യത്തില്‍ വരെ സംശയമുണര്‍ന്നു. കാരണം ഇന്ത്യയും ചൈനയും അമേരിക്കയും ബ്രിട്ടനുമുള്‍പ്പെടെ 19 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ചേര്‍ന്ന് രൂപീകൃതമായിട്ടുള്ള ജി-20 യിലെ എല്ലാ അംഗങ്ങളും അഭിപ്രായ ഐക്യത്തിലെത്തിയാലെ ജി-20 പ്രഖ്യാപനത്തിന് സാധുതയുള്ളൂ.

എന്നാല്‍ അഭിപ്രായ സംഘര്‍ഷങ്ങള്‍ക്കിടയിലും വികസിതമെന്നോ വികസ്വരമെന്നോ വ്യത്യാസമില്ലാതെ എല്ലാ രാഷ്ട്രങ്ങളും നേരിടുന്ന ദുഷ്‌കരമായ സാമ്പത്തിക പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്ന സമഗ്രമായ ഒരു പ്രമേയമാണ് ഉച്ചകോടി പുറപ്പെടുവിച്ചത്. ലോകം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഒന്നിച്ചുനില്‍ക്കുമെന്ന പ്രഖ്യാപനമാണ് ഇന്‍ഡൊനേഷ്യയിലെ ഉച്ചകോടിയില്‍ നിന്നുണ്ടായത്.

സാമ്പത്തിക പ്രതിസന്ധി ഭക്ഷ്യവസ്തുക്കളുടെ ക്ഷാമവും വിലക്കയറ്റവും ദാരിദ്ര്യവും വര്‍ദ്ധിപ്പിക്കുമെന്ന് മാത്രമല്ല, പട്ടിണിയിലേക്കെത്താവുന്ന സ്ഥിതിയുമുണ്ടെന്ന് ഉച്ചകോടി വിലയിരുത്തുകയും ചെയ്തു. യുദ്ധം ലോകത്തെ പാപ്പരാക്കുകയും വളര്‍ച്ച മുരടിപ്പിക്കുകയും പണപ്പെരുപ്പം രൂക്ഷമാക്കുകയും ചെയ്യുന്നുണ്ടെന്ന ആക്ഷേപം അംഗരാഷ്ട്രങ്ങളില്‍ നിന്നുയര്‍ന്നത് ആശാവഹമാണ്. 17-ാം ജി-20 ഉച്ചകോടി ഏറെക്കുറെ ക്രിയാത്മകമായിരുന്നു എന്നത് ലോകത്തിന് പുതിയ ദിശാബോധം നല്‍കുന്നുമുണ്ട്.


17-ാം ഉച്ചകോടി കഴിഞ്ഞതോടെ ഇന്ത്യ ജി-20 രാഷ്ട്രങ്ങളുടെ അദ്ധ്യക്ഷസ്ഥാനത്തേക്ക് എത്തിയത് നമുക്ക് അഭിമാനകരമാണ്. ലോകത്തെ പ്രധാന സാമ്പത്തിക ശക്തികളുടെ കൂട്ടായ്മയില്‍ അദ്ധ്യക്ഷസ്ഥാനം വഹിക്കാന്‍ ലഭിച്ച അവസരം ഇന്ത്യയ്ക്ക് മുന്നില്‍ അവസരങ്ങളുടെ വാതായനങ്ങളാണ് തുറന്നുതരുന്നത്.


2023 സെപ്റ്റംബര്‍ ഒമ്പത്, പത്ത് തീയതികളില്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന 18-ാം ഉച്ചകോടിയില്‍ ഇന്ത്യ കേന്ദ്ര സ്ഥാനത്തേക്ക് വരുന്നതോടെ രാജ്യത്തിന്റെ യശസിനും അഭിവൃദ്ധിക്കും അത് പുതിയ മാനങ്ങള്‍ നല്‍കും. ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നതാണ് 18-ാം ഉച്ചകോടിയുടെ ആപ്തവാക്യം. ഇന്ത്യയുടെ വസുധൈവകുടുംബക സങ്കല്പം തന്നെയാണ് ആപ്തവാക്യം മുന്നോട്ടുവയ്ക്കുന്നത്. ഉന്നതമായ ലക്ഷ്യത്തിനായി എല്ലാവരെയും ഉള്‍ക്കൊണ്ട് ഇച്ഛാശക്തിയോടെ കര്‍മ്മനിരതമായി മുന്നേറുകയെന്ന ലക്ഷ്യത്തിലൂന്നിയാണ് ഇന്ത്യ അദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി സ്ഥാന കൈമാറ്റച്ചടങ്ങില്‍ പറഞ്ഞത്.

പുരോഗതിക്കായി ഡേറ്റ എന്ന തത്ത്വമാകും അടുത്ത ജി-20 യുടെ ആശയമെന്നും എല്ലാ മനുഷ്യരുടെയും ജീവിതത്തില്‍ അടുത്ത പത്ത് വര്‍ഷം കൊണ്ട് ഡിജിറ്റലിലേക്ക് മാറ്റം കൊണ്ടുവരാനും പ്രധാനമന്ത്രി സമ്മേളനവേദിയില്‍ ആഹ്വാനം ചെയ്തു. ലോകം ഹരിതവാതക ബഹിര്‍ഗമനത്തിന്റെ തോത് കുറയ്ക്കാന്‍ മാര്‍ഗങ്ങള്‍ ആരാഞ്ഞും നടപ്പിലാക്കിയും കൊണ്ടിരിക്കുന്ന വേളയില്‍ ഇന്ത്യ നല്‍കുന്ന ആഹ്വാനം വളരെ കാലികവും സര്‍ഗാത്മകവുമാണ്.


ജി-20 അദ്ധ്യക്ഷ പദവിയും 18-ാം ഉച്ചകോടിയും രാജ്യത്തിന്റെ വികസനത്തിനും അതുപോലെ അന്തര്‍ദേശീയ ബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കുന്നതിനും ധാരാളം സാദ്ധ്യതകളായിരിക്കും ലഭ്യമാക്കുക എന്ന കാര്യത്തില്‍ സംശയം വേണ്ട. അവസരങ്ങള്‍ പരമാവധി ഉപയോഗപ്രദവും പ്രയോജനകരവുമാക്കുവാനുള്ള ഗൃഹപാഠങ്ങളിലാണ് കക്ഷി രാഷ്ട്രീയ ഭേദമന്യേ ഇന്ത്യയുടെ നേതൃത്വം ഇനി മുഴുകേണ്ടത്.

* (വേൾഡ് ഹിന്ദു പാർലമെന്റ് ചെയർമാനും ഫൊക്കാന മുൻ പ്രസിഡന്റുമാണ് ലേഖകൻ)

Advertisement
Advertisement