നൽകിയ ഉറപ്പുകൾ പാലിച്ചില്ല, സ്ഥലത്തില്ലാത്ത ബിഷപ്പിനെതിരെ പോലും കേസെടുത്തു, സർക്കാരിനെതിരെ വിമർശനവുമായി ജോസ് കെ മാണി
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരസമിതിയെ പിന്തുണച്ച് എൽ.ഡി.എഫ് ഘടകകക്ഷിയായ കേരള കോൺഗ്രസ് എം . സമരക്കാർക്ക് സർക്കാർ നൽകിയ ഉറപ്പുകൾ പൂർണമായി പാലിക്കപ്പെട്ടില്ലെന്ന് പാർട്ടി ചെയർമാൻ ജോസ് കെ. മാണി പറഞ്ഞു. കഴിഞ്ഞ ദിവസമുണ്ടായ അക്രമസംഭവങ്ങൾ ആസൂത്രിതമാണെന്ന് കരുതാനാവില്ലെന്നും ജോസ് കെ. മാണി വ്യക്തമാക്കി.
എടുത്ത അഞ്ച് തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ വേഗതയുണ്ടായില്ല. സ്ഥലത്തില്ലാത്ത ബിഷപ്പിനെതിരേ പോലും കേസെടുത്തത് നിർഭാഗ്യകരമായി പോയെന്നും ജോസ് കെ. മാണി പറഞ്ഞു.
സമരത്തിന്റെ മറവിൽ കലാപമുണ്ടാക്കാനാണ് ശ്രമമെന്ന് സി,.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവിച്ചതിന് പിന്നാലെയാണ് എൽ.ഡി.എഫ് ഘടകകക്ഷി തന്നെ ഭിന്നസ്വരവുമായി രംഗത്തെത്തിയത്. ആ സ്ഥലത്ത് പോലും ഇല്ലാതിരുന്ന പിതാവിനെതിരെ ഉദ്യോഗസ്ഥർ ഇങ്ങനെ ഒരു കേസ് ചാർജ് ചെയ്തത് നിർഭാഗ്യകരമായി പോയി. അതിലേക്ക് പോകാൻ പാടില്ലായിരുന്നു. ആക്രമണം ആസൂത്രിതമല്ല. അതൊക്കെ ഒരു വികാരത്തിന്റെ പുറത്ത് ഉണ്ടാകുന്നതാണ്. ഒരു പ്രത്യേക സാഹചര്യവും പ്രത്യേക മേഖലയുമാണ് . അവിടെ ചർച്ചകൾ നീണ്ടുപോകാതെ പ്രശ്നത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് ജോസ് കെ.മാണി പറഞ്ഞു.
അതേസമയം സമരത്തിന്റെ പേരിൽ ജനങ്ങൾക്കിടയിലെ സൗഹാർദ്ദം ഇല്ലാതാക്കി അക്രമം അഴിച്ചുവിടുന്നതിന്റെ ഭാഗമായാണ് സ്റ്റേഷൻ ആക്രമണമെന്ന് സി.പി.എം ആരോപിച്ചു. സ്ഥാപിത ലക്ഷ്യങ്ങളോടെയുള്ള ചില ശക്തികളുടെ ഗൂഢശ്രമങ്ങൾ സർക്കാർ അവസാനിപ്പിക്കണമെന്നും സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടു.