ഭക്തർക്ക് സൗകര്യമൊരുക്കി ദേവസ്വം ഇടത്താവളങ്ങൾ.

Tuesday 29 November 2022 12:00 AM IST

കോട്ടയം. സുഗമമായ ശബരിമല തീർത്ഥാടനത്തിന് ഭക്തർക്ക് വിപുലമായ സൗകര്യമൊരുക്കി ജില്ലയിലെ ഇടത്താവളങ്ങൾ. തിരുനക്കര, ഏറ്റുമാനൂർ, കടുത്തുരുത്തി, വൈക്കം, എരുമേലി, ചിറക്കടവ്, കൊടുങ്ങൂർ എന്നിവയാണ് ജില്ലയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള പ്രധാന ഇടത്താവളങ്ങൾ.

ഏറ്റുമാനൂർ.

വെർച്വൽ ക്യൂ ബുക്കിംഗിന് സൗകര്യം. പടിഞ്ഞാറേ മൈതാനം, ശ്രീകൈലാസ് ഓഡിറ്റോറിയം എന്നിവിടങ്ങളിൽ വിരിവയ്ക്കാനും കെട്ടുനിറയ്ക്കാനുമുള്ള സൗകര്യമുണ്ട്. ഉച്ചയ്ക്ക് അന്നദാനവും വൈകിട്ട് അത്താഴക്കഞ്ഞിയും നൽകും. ചുക്കുവെള്ള വിതരണവുമുണ്ട്. ക്ഷേത്ര മൈതാനത്ത് വാഹനം പാർക്കു ചെയ്യാം. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആയുർവേദം, ഹോമിയോ, അലോപ്പതി വിഭാഗങ്ങളുടെ ഹെൽത്ത് ഡെസ്‌കുകൾ പ്രവർത്തിക്കുന്നു. സുരക്ഷയ്ക്കായി 24 മണിക്കൂറും പൊലീസ് എയ്ഡ് പോസ്റ്റും അഗ്‌നിരക്ഷാ സേനയുടെ യൂണിറ്റുമുണ്ട്. വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ റവന്യൂ കൺട്രോൾ റൂമും പ്രവർത്തിക്കുന്നു. ദിവസവും വൈകിട്ട് 7.30 ന് ഇവിടെനിന്ന് പമ്പയിലേക്ക് കെ.എസ്. ആർ.ടി.സി. പ്രത്യേക ബസ് സർവീസുമുണ്ട്. ബസ് ബുക്കിംഗിനുള്ള സഹായവും ലഭിക്കും.

തിരുനക്കര.

തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ വിരിവയ്ക്കാൻ ശിവശക്തി ഓഡിറ്റോറിയത്തിൽ ഷെൽട്ടർ തുറന്നിട്ടുണ്ട്. അയ്യപ്പനടയിൽ കെട്ടുനിറയ്ക്കാൻ സൗകര്യം. അത്താഴക്കഞ്ഞിയും കുടിവെള്ളവും ചുക്കു കാപ്പിയും ലഭിക്കും. മൈതാനത്ത് പാർക്കിംഗിന് ക്രമീകരണം. ടോയ്‌ലറ്റ് സൗകര്യവുമുണ്ട്. സുരക്ഷ ഉറപ്പാക്കാൻ 24 മണിക്കൂറും പൊലീസ് എയ്ഡ് പോസ്റ്റ്.

വൈക്കം.

വൈക്കം മഹാദേവ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ ബുക്കിംഗിനും ഊട്ടുപുരയിൽ വിരിവയ്ക്കാനും സൗകര്യമുണ്ട്. ഉച്ചയ്ക്കും വൈകിട്ടും ഭക്ഷണം ലഭിക്കും. കുടിവെള്ള വിതരണവുമുണ്ട്. കെട്ടുനിറയ്ക്കാൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ ഹെൽത്ത് ഡെസ്‌ക് പ്രവർത്തിക്കുന്നു. അമ്പല മൈതാനത്തും ദേവസ്വം സ്ഥലത്തുമായി വാഹനപാർക്കിംഗ് . ടോയ്‌ലറ്റ് സൗകര്യവുമുണ്ട്.

എരുമേലി.

വിവിധ വകുപ്പുകളും ദേവസ്വം ബോർഡും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുളളത്. വെൽച്വൽ ക്യൂ സ്‌പോട് ബുക്കിംഗ് സൗകര്യമുണ്ട്. കുടിവെള്ളം, ചുക്കുവെള്ളം, ഉച്ചയ്ക്ക് ഔഷധ കഞ്ഞി, അത്താഴക്കഞ്ഞി എന്നിവയുണ്ട്. ഒരേ സമയം 300 പേർക്ക് വിരിവയ്ക്കാൻ പൊലീസ് എയ്ഡ് പോസ്റ്റിനു സമീപമുള്ള ഷോപ്പിംഗ് കോംപ്ലക്‌സിൽ സൗകര്യമുണ്ട്. പ്രസാദ വിതരണത്തിന് കൂടുതൽ കൗണ്ടറുകൾ പ്രവർത്തിക്കുന്നു. കൂടുതൽ ശൗചാലയങ്ങൾ തുറന്നിട്ടുണ്ട്. തീർത്ഥാടകർക്കു വിവരങ്ങൾ നൽകാൻ ഇൻഫർമേഷൻ കേന്ദ്രം പ്രവർത്തിക്കുന്നു. ഹോമിയോ, ആയുർവേദം, അലോപ്പതി വിഭാഗങ്ങളുടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽത്ത് ഡെസ്‌ക്കുണ്ട്. പൊലീസിന്റെയും ഫയർഫോഴ്‌സിന്റെയും 24 മണിക്കൂർ സേവനം. വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ റവന്യൂ കൺട്രോൾ റൂം പ്രവർത്തിക്കുന്നു. ഡ്യൂട്ടി മജിസ്‌ട്രേറ്റിനെയും നിയോഗിച്ചിട്ടുണ്ട്.

കടുത്തുരുത്തി.

കടുത്തുരുത്തി ക്ഷേത്രത്തിൽ വിരിപന്തലിൽ സൗകര്യമുണ്ട്. പ്രഭാത ഭക്ഷണവും ചുക്കു വെള്ളവും നൽകും. ഗോപുരത്തിനു താഴ്ഭാഗത്തായി പാർക്കിംഗ് സൗകര്യമുണ്ട്. ടോയ്‌ലറ്റ് സൗകര്യവും ലഭ്യമാണ്. ആരോഗ്യ വകുപ്പിന്റെ ഹെൽത്ത് ഡെസ്‌ക് പ്രവർത്തിക്കുന്നു.

കടപ്പാട്ടൂർ.

അന്നദാനമുണ്ട്. പൊലീസ് സേവനം 24 മണിക്കൂറും ലഭ്യമാണ്. ആയുർവേദം , ഹോമിയോ, അലോപ്പതി വിഭാഗങ്ങളുടെ ഹെൽത്ത് ഡസ്‌ക്കുകൾ പ്രവർത്തിക്കുന്നു. കുളിക്കടവിൽ സുരക്ഷയ്ക്കായി ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

Advertisement
Advertisement