മുസ്ലീം വിദ്യാർത്ഥിയെ തീവ്രവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ചു; അദ്ധ്യാപകന് സസ്‌പെൻഷൻ

Monday 28 November 2022 7:01 PM IST

ബംഗളൂരു: ക്ളാസെടുക്കുന്നതിനിടെ തന്റെ വിദ്യാർത്ഥിയെ തീവ്രവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ച കോളേജ് അദ്ധ്യാപകന് സസ്‌പെൻഷൻ. കർണാടകയിലെ ഉടുപ്പിയിലുള‌ള മണിപ്പാൽ ഇൻസ്‌റ്റി‌റ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ കഴിഞ്ഞ വെള‌ളിയാഴ്‌ചയാണ് സംഭവമുണ്ടായത്. ക്ളാസിലിരുന്ന യുവാവിനോട് അദ്ധ്യാപകൻ പേര് ചോദിച്ചു. മുസ്ളീം മതവിശ്വാസിയായ യുവാവ് പേര് പറഞ്ഞതോടെ 'ഓ അപ്പോൾ നീ അജ്‌മൽ കസബിനെ പോലെയാണ്' എന്ന് അദ്ധ്യാപകൻ പറയുകയായിരുന്നു. മുംബയ് ഭീകരാക്രമണക്കേസിൽ പിടിയിലായ തീവ്രവാദി അജ്‌മലുമായി തന്നെ താരതമ്യം ചെയ്‌തതോടെ യുവാവ് ക്ഷുഭിതനായി.

മുംബയ് ഭീകരാക്രമണം തമാശയായിരുന്നില്ലെന്നും ഒരു മുസ്ളീമായതിനാൽ രാജ്യത്ത് ഇത്തരം തരംതാഴ്‌ന്ന രീതിയിൽ തമാശ പറയാൻ പറ്റില്ലെന്നും യുവാവ് മറുപടി നൽകി. തുടർന്ന് അദ്ധ്യാപകൻ തന്റെ മകനെപ്പോലെയാണ് കുട്ടിയെന്ന് പറഞ്ഞെങ്കിലും യുവാവ് അതിൽ തൃപ്‌തനായിരുന്നില്ല. അദ്ധ്യാപകൻ ഉടൻ തന്നെ ക്ഷമ പറഞ്ഞതായാണ് വിവരം.

സംഭവത്തിൽ അന്വേഷണം നടത്തുന്നതായും ക്യാമ്പസിൽ വൈവിദ്ധ്യമായ വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾ ഉള‌ളതിൽ തങ്ങൾ അഭിമാനിക്കുന്നതായും മണിപ്പാൽ ഇൻസ്‌റ്റി‌റ്റ്യൂട്ട് ഓഫ് ടെക്‌നോളജി അധികൃതർ വാർത്താകുറിപ്പിലൂടെ അറിയിച്ചു.