കേരള കടൽതീരത്തെ സംഘർഷഭരിതമാക്കാനുള‌ള ഗൂഢശ്രമങ്ങൾ നടക്കുന്നുണ്ട്, വിഴിഞ്ഞം സമരക്കാർ അടിയന്തരമായി പിൻമാറണമെന്ന് ഇ പി ജയരാജൻ

Monday 28 November 2022 8:02 PM IST

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായി സമരസമിതി നടത്തി വന്ന പ്രതിഷേധം അക്രമത്തിലേക്കും പൊലീസ് സ്‌റ്റേഷൻ തകർക്കുന്നതിലേക്കും എത്തിയതിനെതിരെ പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. പശ്ചാത്തല മേഖലാ വികസനം സംസ്ഥാന വികസനത്തിന് അത്യാവശ്യമാണെന്നും അതിൽ പ്രധാനമാണ് വിഴിഞ്ഞം തുറമുഖത്തിനെന്നും ജയരാജൻ അഭിപ്രായപ്പെട്ടു. ലോക തുറമുഖ ഭൂപടത്തിൽ പ്രധാന സ്ഥാനമാണ് വിഴിഞ്ഞം തുറമുഖത്തിനുള‌ളത് അതിനാൽ ഇടത് മുന്നണി ശ്രദ്ധേയമായ പദ്ധതിയായാണ് വിഴിഞ്ഞം തുറമുഖത്തെ കണ്ടിരിക്കുന്നതെന്നും ഇ.പി ജയരാജൻ പറഞ്ഞു.

കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം നടപ്പിലാക്കുന്നതിന്റെ അവസാന ഘട്ടത്തിൽ നിൽക്കുകയാണെന്നും ഈ അവസരത്തിലാണ് അംഗീകരിക്കാനാവാത്ത മുദ്രാവാക്യങ്ങളുമായി ചിലർ പ്രക്ഷോഭവുമായെത്തുന്നതെന്നും ജയരാജൻ അഭിപ്രായപ്പെട്ടു. സമാധാനപരമായ ജീവിതവും സൗഹൃദാന്തരീക്ഷവും നിലനിൽക്കുന്ന കേരള കടൽതീരത്തെ സംഘർഷഭരിതമാക്കാനുള‌ള ഗൂഢശ്രമങ്ങൾ അനുവദിക്കില്ലെന്നും സമരക്കാർ അടിയന്തരമായി പിൻമാറണമെന്നും എൽഡിഎഫ് കൺവീനർ ആവശ്യപ്പെടുന്നു.