സ്പിക് മാകേ ശില്പശാലയ്ക്ക് തുടക്കം : വിദ്യാർത്ഥി സമേതം കലയിലേക്ക്

Monday 28 November 2022 8:25 PM IST

തൃശൂർ: കാൽച്ചിലങ്കയുടെ താളത്തിനൊപ്പം പാരമ്പര്യ കലകളെയും സംസ്‌കാരത്തെയും അറിയാനും പഠിക്കാനും വിദ്യാർത്ഥികൾക്ക് അവസരമൊരുക്കി സ്പിക് മാകേ സമേതം പരിപാടിക്ക് തുടക്കം. കലാരൂപങ്ങളുടെ തനിമ നിലനിറുത്തി വരും തലമുറയ്ക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടവും പൊതുവിദ്യാഭ്യാസ വകുപ്പും സ്പിക് മാകേയും (സൊസൈറ്റി ഫോർ ദ പ്രമോഷൻ ഒഫ് ഇന്ത്യൻ ക്ലാസിക്കൽ മ്യൂസിക് ആൻഡ് കൾച്ചർ എമംഗ് യൂത്ത്) ചേർന്ന് സംഘടിപ്പിക്കുന്ന ക്ലാസിക്കൽ കലാ ശിൽപ്പശാലയ്ക്കാണ് ഹോളി ഫാമിലി ഗേൾസ് ഹൈസ്‌കൂളിൽ തുടക്കമായത്.
കഥക് നർത്തകി ഷിപ്ര ജോഷിയുടെ കഥക് നൃത്താവിഷ്‌കാരത്തിലൂടെയാണ് ശില്പശാലയ്ക്ക് തുടക്കമിട്ടത്. ഗുരുവന്ദനത്തോടെ ആരംഭിച്ച കഥക് അവതരണത്തിലൂടെ നൃത്തത്തിന്റെ ശാസ്ത്രീയ സ്വഭാവം, ഷിപ്ര ജോഷി വിദ്യാർത്ഥികൾക്കായി പരിചയപ്പെടുത്തി. വടക്കേ ഇന്ത്യയുടെ ക്ലാസിക്കൽ കലാരൂപമായ കഥകിന്റെ ചലന സൗന്ദര്യം ഒരു കഥ പോലെ ഷിപ്ര അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്തിന്റെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും നേതൃത്വത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന സമേതം പരിപാടിയുടെ ഭാഗമായാണ് പരിപാടി. തെരഞ്ഞെടുക്കപ്പെട്ട 60 സ്‌കൂളുകളിലാണ് നൃത്താവതരണം. ഇന്ത്യൻ സംസ്‌കാരത്തിലെ സുപ്രധാന ക്ലാസിക്കൽ കലാരൂപങ്ങളായ ഒഡീസി, ഭരതനാട്യം, കഥക്, മോഹിനിയാട്ടം തുടങ്ങിയവ ഡിസംബർ രണ്ട് വരെ അവതരിപ്പിക്കും. അടിസ്ഥാന പാഠങ്ങൾ പകർന്നു നൽകും. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് നിർവഹിച്ചു. ഡിവിഷൻ കൗൺസിലർ റെജി ജോയ് അദ്ധ്യക്ഷത വഹിച്ചു. കളക്ടർ ഹരിത വി.കുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി.പി അബ്ദുൽ കരീം, സ്പിക്മാകേ കോർഡിനേറ്റർ ഉണ്ണി വാര്യർ, തൃശൂർ ഡി.ഇ.ഒ വിജയകുമാരി പി, പി.എം ബാലകൃഷ്ണൻ, സ്‌കൂൾ ഹെഡ്മിസ്ട്രസ് സി. ജോസഫൈൻ എന്നിവർ പങ്കെടുത്തു.

കലയും സംസ്‌കാരവും പകർന്നു നൽകുന്നതിലൂടെ വിദ്യാഭ്യാസത്തിന്റെ പുതിയ അനുഭവമാണ് വിദ്യാർത്ഥികൾക്ക് ലഭിക്കുക.

പി.കെ ഡേവിസ്
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

Advertisement
Advertisement