ജീവൻ കാക്കുന്നവരെ ചവിട്ടി വീഴ്‌ത്തരുത്

Tuesday 29 November 2022 12:00 AM IST

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ബ്രെയിൻ ട്യൂമർ രോഗി മരിച്ചു. വിവരമറിയിച്ച വനിതാ ഡോക്ടറെ രോഗിയുടെ ഭർത്താവ് ചവിട്ടി വീഴ്ത്തി. മദ്ധ്യപ്രദേശിൽ 27 സ്ത്രീകൾ പ്രസവം നിറുത്താനുള്ള ഓപ്പറേഷനെ തുടർന്ന് മരിച്ചു. അന്വേഷണത്തിനു മുമ്പ് തന്നെ ഡോക്ടറെ അറസ്റ്റുചെയ്ത് ഏഴു ദിവസം ജയിലിലടച്ചു. പിന്നീട് ഇൻവെസ്റ്റിഗേഷനിൽ തെളിഞ്ഞത് ആന്റി ബയോട്ടിക് ഇഞ്ചക്‌ഷനിലുള്ള വിഷാംശമാണ് മരണകാരണമെന്ന്. എന്നാൽ ഇഞ്ചക്‌ഷൻ നിർമ്മിച്ച കമ്പനിക്കോ ആ ബാച്ച് മരുന്നിന് നിയമ സാധുത കൊടുത്ത ഉദ്യോഗസ്ഥർക്കോ എതിരെ യാതൊരു നടപടിയും ഉണ്ടായില്ല!

വടക്കേ ഇന്ത്യയിൽ ഡോക്ടറുടേതല്ലാത്ത കാരണത്താൽ രോഗി മരിച്ചതിൽ ഗൈനക്കോളജിസ്റ്റിനെ ആക്രമിച്ചു. മനംനൊന്ത് വളരെ കഴിവുള്ള, പേരുകേട്ട ആ ഡോക്ടർ ആത്മഹത്യ ചെയ്തു. കൊല്ലത്തും ഇതേ കാരണത്താൽ വളരെ പ്രാഗല്‌ഭ്യമുള്ള ഇ.എൻ.ടി. സർജൻ ആത്മഹത്യ ചെയ്തു.

മന്ത്രവാദം ചെയ്ത് ആളെക്കൊല്ലുന്നു. പാലം പൊട്ടിവീണ് ആളുകൾ മരിക്കുന്നു, ബസിടിച്ച് ആളുകൾ കൊല്ലപ്പെടുന്നു. ഇവയിലേതിലെങ്കിലും ഉത്തരവാദികളായ ആളുകളെ ജനം ആക്രമിക്കുന്നുണ്ടോ? നിയമം കാക്കേണ്ട പൊലീസുകാരിൽ ചിലർ (നല്ലവരായ പൊലീസുകാർ ക്ഷമിക്കുക) പീഡകരാകുന്നു, കവർച്ച നടത്തുന്നു. എന്നാൽ പലപ്പോഴും തെളിവില്ലെന്നു പറഞ്ഞ് അറസ്റ്റ് പോലും നടക്കുന്നില്ല.

ഓരോ രോഗിയേയും രോഗത്തിൽ നിന്ന് രക്ഷിക്കാനാണ് ഡോക്ടർമാർ സ്വന്തം ജീവനും ജീവിതവും കണക്കിലെടുക്കാതെ പരിശ്രമിക്കുന്നത്. ഓർക്കുക, ഡോക്ടർമാർ ദൈവങ്ങളല്ല. ജീവൻ രക്ഷിക്കാനല്ലാതെ ജീവൻ നഷ്ടപ്പെടുത്താൻ ഒരു ഡോക്ടറും ആഗ്രഹിക്കുകയോ പരിശ്രമിക്കുകയോ ചെയ്യില്ല.

വിദേശരാജ്യങ്ങളിൽ ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള ആക്രമണങ്ങൾക്കെതിരെ ശക്തവും സത്വരവുമായ നിയമനടപടികളുണ്ട്. ആക്രമിക്കപ്പെട്ട ആരോഗ്യ പ്രവർത്തകർക്ക് വളരെ ഉയർന്ന നഷ്‌ടപരിഹാരം നല്‌കാനും അക്രമികൾ ബാദ്ധ്യസ്ഥരാണ്. എന്നാൽ ഇവിടെ അതിനുള്ള നിയമമുണ്ടായിട്ടും സ്വമേധയാ കേസെടുക്കേണ്ട പൊലീസ് സംവിധാനം പോലും രാഷ്ട്രീയ ഇടപെടലുകളെ ഭയന്ന് മൗനം പാലിക്കുന്നതാണ് പലപ്പോഴും കാണാറുള്ളത്. നിയമ നടപടികൾക്കായി ആരോഗ്യ പ്രവർത്തകർ പണിമുടക്കും സമരവും ചെയ്യേണ്ട സ്ഥിതിവിശേഷമാണ്. എന്നിട്ടും നടപടികൾ ഉണ്ടാവുന്നുമില്ല!

ആശുപത്രി സംരക്ഷണനിയമം ശക്തമാക്കുകയും പൊലീസ് സ്വമേധയാ കേസെടുക്കുകയും വേണം. ഈ നിയമമനുസരിച്ച് ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങൾ (ആശുപത്രി, നഴ്‌സിംഗ് ഹോം, ക്ലിനിക്, പരിശോധനാമുറി, ആരോഗ്യപ്രവർത്തകരുടെ വീട്), ആരോഗ്യപ്രവർത്തകർ (ഡോക്ടർമാർ, നഴ്‌സുമാർ, മെഡിക്കൽ നഴ്‌സിംഗ് വിദ്യാർത്ഥികൾ, പാരാമെഡിക്കൽ ജീവനക്കാർ, ആശുപത്രി ജീവനക്കാർ) എന്നിവർക്കെതിരായി ഒറ്റയ്‌ക്കോ, ഒരു സംഘമോ സംഘടനകളുടെ നേതാവോ അക്രമം ചെയ്യുകയോ അക്രമത്തിന് പ്രേരിപ്പിക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്. ആരോഗ്യരക്ഷാപ്രവർത്തകർക്ക് എന്തെങ്കിലും തരത്തിൽ ഹാനി, പരിക്ക് , വധഭീഷണി, ജോലിയിൽ തടസം സൃഷ്‌ടിക്കൽ എന്നിവയുണ്ടായാൽ കുറ്റക്കാർ ശിക്ഷിക്കപ്പെടും. ഈ ആക്ടിലെ മൂന്നാം വകുപ്പ് പ്രകാരം ഇത്തരം ഏതൊരു കുറ്റവും പ്രതിരോധിക്കപ്പെടേണ്ടതാണെന്നും നാലാം വകുപ്പ് പ്രകാരം മൂന്ന് വർഷം തടവും 50,000 രൂപ പിഴയും വരെ ജാമ്യമില്ലാ വകുപ്പിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും പറയുന്നുണ്ട്. മാത്രമല്ല, ആരോഗ്യസ്ഥാപനത്തിൽ വരുത്തിയ നാശനഷ്ടത്തിന്റെ ഇരട്ടിത്തുക നഷ്ടപരിഹാരം നൽകേണ്ടതുമാണ്. ഒരു ആരോഗ്യപ്രവർത്തകനോ ആരോഗ്യസ്ഥാപനമോ ആക്രമിക്കപ്പെടുമ്പോൾ ഈ നിയമങ്ങൾ അറിയുന്നവരും പാലിക്കേണ്ടവരും അതിനെ ഗൗരവമായി കണ്ടാലേ അതിനൊക്കെ അർത്ഥമുണ്ടാവൂ എന്ന് മാത്രം.

വർദ്ധിച്ചുവരുന്ന ആശുപത്രി ആക്രമണങ്ങളും ആരോഗ്യപ്രവർത്തകർക്കു നേരെയുള്ള ആക്രമണങ്ങളും ഡോക്ടർമാരുടെ മനോധൈര്യവും ആത്മാർത്ഥതയും നശിപ്പിക്കാൻ മാത്രമേ ഉതകൂ. നിയമപാലകരും ജനങ്ങളും ഇത് മനസിലാക്കി ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ ഇതിന്റെ തിക്തഫലങ്ങൾ അനുഭവിക്കേണ്ടി വരുന്നത് വരുംതലമുറകളായിരിക്കും.

----------------------------------------------------------------------------------------------

(ലേഖിക കേരള അസോസിയേഷൻ ഒഫ് സ്മാൾ ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക്‌സ് സംസ്ഥാന സെക്രട്ടറിയാണ് )

Advertisement
Advertisement