വിഴിഞ്ഞം സംഘർഷം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ തിരക്കഥപ്രകാരം, സമരക്കാരെ സർക്കാ‌ർ അക്രമകാരികളായി ചിത്രീകരിക്കുന്നുവെന്ന് സമരസമിതി

Monday 28 November 2022 10:59 PM IST

തിരുവനന്തപുരം: വിഴി‌ഞ്ഞം പൊലീസ് സ്റ്റേഷൻ തുറമുഖ വിരുദ്ധ സമരക്കാർ അടിച്ചുതകർത്ത സംഭവത്തിൽ സർക്കാരിനെതിരെ വിമർശനമുന്നയിച്ച് സമരസമിതി. സംഘർഷം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള തിരക്കഥയാണെന്നായിരുന്നു ഫാ. തിയോഡോഷ്യസ് ഡിക്രൂസിന്റെ ആരോപണം . സമാധാനപരമായി സമരം നയിക്കുന്നവരെ സർക്കാർ അക്രമകാരികളായി ചിത്രീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നടന്ന സർവകക്ഷി യോഗത്തിൽ പൊലീസിന്റെ നടപടികൾക്കെതിരെ കനത്ത വിമർശനം ലത്തീൻ സഭ ഉന്നയിച്ചിരുന്നു. പ്രശ്‌നം ചർച്ച ചെയ്യുന്നതിന് മന്ത്രി ജി.ആർ അനിലിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം കളക്‌ടറേറ്റിൽ നടന്ന യോഗം തീരുമാനം എടുക്കാനാകാതെ പിരിയുകയായിരുന്നു. പദ്ധതി വേഗം നടപ്പിലാക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത രാഷ്‌ട്രീയ പാർട്ടി പ്രതിനിധികൾ ഒന്നടങ്കം ആവശ്യപ്പെട്ടതായി മന്ത്രി ജി.ആർ അനിൽ അറിയിച്ചു. അതേ സമയം സമരസമിതി ഇതിനോട് അനുകൂലമായി പ്രതികരിച്ചില്ല. ഇന്നലെ നടന്ന സംഭവങ്ങൾ എല്ലാ പാർട്ടികളും അപലപിച്ചപ്പോൾ സമരസമിതി ഇത് പൊലീസ് നടപടിയോടുള‌ള സ്വാഭാവിക പ്രതികരണമാണെന്നാണ് പ്രതികരിച്ചത്.

ആക്രമണം അനുവദിക്കാനാവില്ലെന്ന് സർക്കാർ സമരസമിതിയെ അറിയിച്ചു. സർവകക്ഷിയോഗത്തിന്റെ സ്‌പിരിറ്റ് സമരസമിതി ഉൾക്കൊള‌ളുമെന്നാണ് പ്രതീക്ഷയെന്ന് യോഗശേഷം മന്ത്രി പ്രതികരിച്ചു. എന്നാൽ പൊലീസ് നടപടിയിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. സർവകക്ഷിയോഗത്തിന്റെ ഫലം എന്താണെന്ന് അറിയില്ലെന്നാണ് മോൺ. യൂജീൻ പെരേര പ്രതികരിച്ചത്. സംഭവത്തെ യോഗത്തിൽ പങ്കെടുത്തവരെല്ലാം അപലപിച്ചെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും പ്രതികരിച്ചു. സമരം അവസാനിക്കുമോ എന്ന കാര്യം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement