കഞ്ചാവ് മാഫിയ തലവന്മാരെ ഒഡിഷയിലെ വനത്തിൽ നിന്ന് പിടികൂടി തടിയിട്ടപറമ്പ് പൊലീസ്

Tuesday 29 November 2022 1:45 AM IST

കിഴക്കമ്പലം: സംസ്ഥാനത്തെ മയക്കുമരുന്ന് ശൃംഖലകളെ നിയന്ത്രിക്കുന്ന മാഫിയ തലവന്മാരെ ഒഡിഷയിലെ ഉൾവനത്തിൽ നിന്ന് തടയിട്ടപറമ്പ് പൊലീസ് സാഹസികമായി പിടികൂടി. സാംസൺ ഗന്ധ (34), കൂട്ടാളി ഇസ്മയിൽ ഗന്ധ (27) എന്നിവരെയാണ് ഒറീസയിലെ ശ്രീപള്ളി ആദിവാസി കുടിയിൽ നിന്ന് വലയിലാക്കിയത്. കേരള, കർണ്ണാടക, തമിഴ് നാട് സംസ്ഥാനങ്ങളിൽ വിപണനം ചെയ്യുന്ന കഞ്ചാവിൽ ഭൂരിഭാഗവും ഇവരാണ് ഉത്പാദിപ്പിക്കുന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം. വനത്തിനുള്ളിലാണ് ഇവരുടെ കഞ്ചാവ് കൃഷി.

കഴിഞ്ഞ മാർച്ചിൽ തടിയിട്ടപറമ്പ് സ്​റ്റേഷൻ പരിധിയിൽ രണ്ടുകിലോ കഞ്ചാവുമായി ചെറിയാൻ ജോസഫ് എന്നയാളെ അറസ്​റ്റ് ചെയ്തിരുന്നു. ഈ കേസിന്റെ അന്വേഷണം നടക്കുന്നതിനിടെ വാഴക്കുളത്ത് നിന്ന് 70 കിലോ കഞ്ചാവും കുറുപ്പംപടിയിൽ വാഹനത്തിൽ കടത്തുകയായിരുന്ന 250 കിലോ കഞ്ചാവും പിടികൂടി. തുടർന്നുള്ള അന്വേഷണമാണ് പ്രതികളിലേക്കെത്തിയത്.

ഗോയിബന്ധാർ ഗ്രാമത്തിൽ നിന്ന് 38 കിലോമീ​റ്റർ അകലെയുള്ള ഉൾവനത്തിലാണ് ഇവരുടെ താമസം. റോഡുകളോ മൊബൈൽ ടവറുകളോ ഇല്ലാത്ത പ്രദേശത്തേയ്ക്ക് തടയിട്ട പറമ്പ് എസ്.എച്ച്.ഒ വി.എം. കേഴ്‌സണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംലം സാഹസികമായെത്തിയാണ് പ്രതികളെ ബലപ്രയോഗത്തിലൂടെ കീഴടക്കിയത്. പ്രതികളെ രക്ഷപ്പെടുത്താൻ ആദിവാസികളുടെ ശ്രമവുമുണ്ടായി. മൊബൈൽ ഫോണുകളോ ബാങ്ക് അക്കൗണ്ടോ ഉപയോഗിക്കാത്തവരാണ് പ്രതികൾ. ട്രാൻസിറ്റ് വാറണ്ടിൽ കേരളത്തിലെത്തിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സീനിയർ സി.പി.ഒ കെ.കെ. ഷിബു സി.പി.ഒമാരായ അരുൺ കെ. കരുണൻ, പി.എ. ഷെമീർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Advertisement
Advertisement