ആഘോഷമായി കൊടി​യേറ്റം​ ഇനി​ കലയാലപ്പുഴ

Tuesday 29 November 2022 12:48 AM IST
t

# എണ്ണായി​രത്തോളം പ്രതി​ഭകൾ വേദി​യി​ലേക്ക്

ആലപ്പുഴ: കലാപ്രതിഭകൾ തങ്ങളുടെ കലാസപര്യയുടെ മാറ്റളക്കുന്ന റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന് കൊടിയേറി. ഗവ മോഡൽ ഗേൾസ് എച്ച്.എസ്.എസിലെ പ്രധാനവേദിയിൽ സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം നിർവഹിച്ചു. ഡി​സംബർ ഒന്നു വരെ നീളുന്ന മത്സരങ്ങളി​ൽ എണ്ണായിരത്തോളം കൗമാര പ്രതി​ഭകൾ പങ്കെടുക്കും.

പിണറായി സർക്കാർ പൊതുവിദ്യാഭ്യാസ മേഖലയുടെ സംരക്ഷണത്തിന് വലിയ ഊന്നലാണ് നൽകുന്നതെന്നും ആറുവർഷത്തിനിടെ വിദ്യാലയങ്ങളുടെ അക്കാഡമിക നിലവാരം ഉയർത്താനായെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ വിദ്യാലയങ്ങളിൽ നിന്ന് സർക്കാർ വിദ്യാലയങ്ങളിലേക്ക് കുട്ടികളുടെ ഒഴുക്കാണുണ്ടാവുന്നത്. കുട്ടികളിലെ സർഗാത്മക വാസന പരിപോഷിപ്പിക്കാൻ സർക്കാർ കോടികൾ ചെലവഴിച്ചാണ് മേള നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

എച്ച്. സലാം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എ.എം.ആരിഫ് എം.പി, പി.പി.ചിത്തരഞ്ജൻ എം.എൽ.എ, നഗരസഭാദ്ധ്യക്ഷ സൗമ്യ രാജ്, വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.വി.പ്രിയ, നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ആർ.വിനീത, ബീനാ രമേശ്, എ. ഷാനവാസ്, എം.ആർ.പ്രേം, ബി.നസീർ, എ.എസ്. കവിത, ഡയറ്റ് പ്രിൻസിപ്പൽ ഡോ.കെ.ജെ. ബിന്ദു, ലിറ്റിൽ തോമസ്, റൂബി ഫാത്തിമ തുടങ്ങിയവർ സംസാരിച്ചു. ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടർ പി.സുജാത സ്വാഗതവും ടി.എ.അഷ്റഫ് കുഞ്ഞാശാൻ നന്ദിയും പറഞ്ഞു.
നടിയും നൃത്ത സംവിധായികയുമായ അമൃതം ഗോപിനാഥ് ചിട്ടപ്പെടുത്തിയ സംഘനൃത്തശില്പവും സ്വാഗത ഗാനവും വേറിട്ടതായി. ലോഗോ മത്സരത്തിൽ വിജയിച്ച പട്ടണക്കാട് കാവിൽ സെന്റ് മൈക്കിൾ എച്ച്.എസ്.എസിലെ വർഗീസ് ടി.ജോഷിക്ക് സ്പീക്കർ എ.എൻ. ഷംസീർ മൊമന്റോയും നഗരസഭാദ്ധ്യക്ഷ സൗമ്യരാജ് പൊന്നാടയും നൽകി ആദരിച്ചു.

# ഭക്ഷണം കഴിക്കാൻ പെടാപ്പാട്

ഭക്ഷണശാലയുടെ ക്രമീകരണം കലോത്സവത്തിന്റെ ആദ്യ ദിനത്തിൽ തന്നെ കല്ലുകടിയായി. നഗരത്തിലെ 12 വേദികളിൽ നിന്നുള്ള മത്സരാർത്ഥികൾക്കും അദ്ധ്യാപകർക്കും സംഘാടകർക്കും ഭക്ഷണം ഒരുക്കിയിരിക്കുന്നത് വേദികളൊന്നുമില്ലാത്ത സെന്റ് ജോസഫ്സ് ഗേൾസ് സ്കൂളിന്റെ ഓഡിറ്റോറിയത്തിലാണ്. വിവിധ വേദികളിൽ നിന്ന് മത്സരത്തിനിടെ മൂന്ന് കിലോമീറ്ററിലധികം സഞ്ചരിച്ചു വേണം ഭക്ഷണശാലയിലെത്താൻ. നഗരത്തിൽ പ്രധാനവേദിക്ക് സമീപമുള്ള ടൗൺഹാളിൽ ഭക്ഷണശാല ക്രമീകരിക്കാൻ ആലോചനകൾ നടന്നിരുന്നെങ്കിലും 30, ഡിസംബർ ഒന്ന് തീയതികളിൽ ഇവിടെ വിവാഹമുള്ള കാരണത്താൽ തീരുമാനം മാറ്റുകയായിരുന്നു. ഈ ദിവസങ്ങളിൽ മാത്രം ജവഹർ ബാലഭവനിലേക്ക് ഭക്ഷണശാല ക്രമീകരിക്കാമെന്ന നിർദ്ദേശം നഗരസഭ അധികൃതർ മുന്നോട്ട് വച്ചിരുന്നു. എന്നാൽ പിന്നീട് കൂടിയാലോചനകളൊന്നും ഉണ്ടായില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതർ തന്നെ സെന്റ് ജോസഫ്സ് ഗേൾസ് സ്കൂളിലെ ഓഡിറ്റോറിയം നിശ്ചയിക്കുകയായിരുന്നെന്നും നഗരസഭാധികൃതർ പറയുന്നു. മത്സരാർത്ഥികൾക്ക് ഭക്ഷണശാലയിൽ വന്നു പോകുന്നതിന് ആറ് മിനി ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടർ പി.സുജാത പറഞ്ഞു.

Advertisement
Advertisement