സ്വർണ നാവുകളുള്ള മമ്മികൾ

Tuesday 29 November 2022 5:02 AM IST

കെയ്റോ : ഈജിപ്റ്റിലെ മദ്ധ്യ നൈൽ ഡെൽറ്റാ മേഖലയിലുള്ള ക്വെസ്‌ന സെമിത്തേരിയിൽ നടത്തിയ പര്യവേക്ഷണത്തിനിടെ സ്വർണ നാവോട് കൂടിയ നിരവധി മമ്മികൾ കണ്ടെത്തിയെന്ന് റിപ്പോർട്ട്. പുരാതന കാലം മുതലുള്ള മൃതദേഹങ്ങൾ അടക്കം ചെയ്തിരിക്കുന്ന ഇടമാണിവിടം. ഇവിടെ കണ്ടെടുത്ത മറ്റ് ചില മമ്മികളിൽ സ്വർണത്തിൽ പൊതിഞ്ഞ എല്ലുകളും കണ്ടെത്തി. സ്വർണത്തിൽ തീർത്ത വണ്ടിന്റെയും താമരപ്പൂവിന്റെയും ഒക്കെ കൂടെയും ചില മമ്മികളും കണ്ടെത്തി.

നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും ഏതാനും മമ്മികൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ല. 1989ലാണ് ഈ ശ്മശാനഭൂമി ആദ്യമായി കണ്ടെത്തിയത്. ബി.സി.ഇ 300നും സി.ഇ 640നും ഇടയിലുള്ള ടോളമിക്, റോമൻ കാലഘട്ടങ്ങളിലാണ് ഈ ശ്മശാനം സജീവമായിരുന്നതെന്ന് കരുതുന്നു.

2021ൽ അലക്സാൻഡ്രിയയിൽ സ്വർണ ഏലസ് ഘടിപ്പിച്ച നാവോട് കൂടിയ 2,000 വർഷം പഴക്കമുള്ള തലയോട്ടി കണ്ടെത്തിയിരുന്നു. പിന്നാലെ ഏതാനും മാസങ്ങൾക്കുള്ളിൽ സ്വർണ നാവോട് കൂടിയ 2,500 വർഷം പഴക്കമുള്ള മൂന്ന് മൃതദേഹാവശിഷ്ടങ്ങൾ കൂടി കണ്ടെത്തിയിരുന്നു. നാവിൽ സ്വർണ ഏലസ് ഘടിപ്പിക്കുന്നതിലൂടെ മരിച്ചയാൾക്ക് അയാളുടെ മരണാനന്തര ജീവിതത്തിൽ സംസാരശേഷി ലഭിക്കുമെന്നായിരുന്നത്രെ പുരാതന ഈജിപ്ഷ്യൻ വിശ്വാസം.

Advertisement
Advertisement