ഇന്ത്യൻ മഹാസമുദ്രം: ഇന്ത്യയെ ഒഴിവാക്കി ചൈനീസ് യോഗം

Tuesday 29 November 2022 5:02 AM IST

ബീജിംഗ്: ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ സ്വാധീനം വ്യാപിപ്പിക്കുക എന്ന ലക്ഷ്യവുമായി നവംബർ 21ന് ചൈനയുടെ അദ്ധ്യക്ഷതയിൽ ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ രാജ്യങ്ങളെ പങ്കെടുപ്പിച്ച് 'ഇന്ത്യൻ ഓഷൻ റീജിയൻ ഫോറം ഓൺ ഡെവല്പമെന്റ് കോ - ഓപറേഷൻ" യോഗം നടന്നു.

യുനാൻ പ്രവിശ്യയിലെ കുൻമിംഗ് നഗരത്തിലാണ് യോഗം നടന്നതെന്ന് സംഘാടകരായ ചൈന ഇന്റർനാഷണൽ ഡെവല്പമെന്റ് കോ - ഓപ്പറേഷൻ ഏജൻസി അറിയിച്ചു. ചൈനീസ് വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട സംഘടനയാണിത്. യോഗത്തിൽ പങ്കെടുത്ത 19 രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയുടെ പേരില്ലായിരുന്നു.

ഇൻഡോനേഷ്യ, പാകിസ്ഥാൻ, മ്യാൻമർ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, അഫ്ഗാനിസ്ഥാൻ, ഇറാൻ, ഒമാൻ, ദക്ഷിണാഫ്രിക്ക, കെനിയ, മൊസാംബീക്, ടാൻസാനിയ, സെയ്ഷെൽസ്, മഡഗാസ്‌കർ, മൗറീഷ്യസ്, ജിബൂട്ടി, ഓസ്‌ട്രേലിയ, മാലിദ്വീപ് എന്നീ രാജ്യങ്ങളുടെ പ്രതിനിധികളും മൂന്ന് അന്താരാഷ്ട്ര സംഘടനാ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തെന്നാണ് ചൈന അറിയിച്ചത്.

അതേസമയം, തങ്ങളുടെ ഔദ്യോഗിക പ്രതിനിധികളാരും യോഗത്തിൽ പങ്കെടുത്തില്ലെന്ന് ഓസ്ട്രേലിയയും മാലിദ്വീപും ഇന്നലെ വ്യക്തമാക്കി. ഇൻഡോ - പസഫിക് സുരക്ഷയ്ക്കായുള്ള ക്വാഡ് കൂട്ടായ്മയിലെ അംഗങ്ങളാണ് ഓസ്ട്രേലിയയും ഇന്ത്യയും.

എന്നാൽ, മാലിദ്വീപ് മുൻ പ്രസി‌ന്റ് മുഹമ്മദ് വഹീദ് ഹസനും ഓസ്ട്രേലിയൻ മുൻ പ്രധാനമന്ത്രി കെവിൻ റൂഡും യോഗത്തിൽ വെർച്വലായി പങ്കെടുത്തെങ്കിലും ഇരുരാജ്യങ്ങളുടെ ഔദ്യോഗിക പ്രതിനിധികളായിട്ടല്ലായിരുന്നു.

ഇന്ത്യയെ യോഗത്തിൽ നിന്ന് ഒഴിവാക്കിയതിന് ചൈനയുടെ ഭാഗത്ത് നിന്ന് വിശദീകരണമില്ല. കഴിഞ്ഞ വർഷം കൊവിഡ് 19 വാക്സിൻ സഹകരണവുമായി ബന്ധപ്പെട്ട് ദക്ഷിണേഷ്യൻ രാജ്യങ്ങളുമായി നടത്തിയ സംയുക്ത യോഗത്തിൽ നിന്നും ചൈന ഇന്ത്യയെ ഒഴിവാക്കിയിരുന്നു.

Advertisement
Advertisement