'കാശ്മീർ ഫയൽസി'നെക്കുറിച്ചുള്ള ജൂറി ചെയർമാന്റെ വിമർശനം ലജ്ജാകരം, ദൈവം അദ്ദേഹത്തിന് അറിവ് നൽകട്ടെ; പ്രതികരണവുമായി അനുപം ഖേർ

Tuesday 29 November 2022 10:46 AM IST

വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്‌ത 'കാശ്മീർ ഫയൽസ്' 53ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (ഐഎഫ്എഫ്‌ഐ) ഉൾപ്പെടുത്തിയതിനെ ജൂറി ചെയർമാൻ നാദവ് ലാപിഡ് വിമർശിച്ചത് ചർച്ചയായിരുന്നു. അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇത്തരത്തിലൊരു 'അപരിഷ്‌കൃതമായ സിനിമ' ഉൾപ്പെടുത്തിയത് ഞെട്ടിച്ചെന്നായിരുന്നു ഇസ്രായേൽ ചലച്ചിത്ര നിർമ്മാതാവായ ലാപിഡിന്റെ വിമർശനം.


"മേളയിലെ 15ാമത്തെ ചിത്രമായ 'ദി കാശ്മീർ ഫയൽസ്' ഞങ്ങളെയെല്ലാം അസ്വസ്ഥരാക്കുകയും ഞെട്ടിക്കുകയും ചെയ്തു. ഇത്തരമൊരു അഭിമാനകരമായ ഫിലിം ഫെസ്റ്റിവലിലെ, കലാപരമായ മത്സര വിഭാഗത്തിൽ അപരിഷ്‌കൃതമായ സിനിമ എങ്ങനെ വന്നെന്ന് ഞങ്ങൾ ചിന്തിച്ചു. തിരഞ്ഞെടുക്കപ്പെട്ട 15 സിനിമകളിൽ ബാക്കി 14 സിനിമകളും നല്ല നിലവാരമുള്ളവയാണ്." - എന്നായിരുന്നു ഫിലിം ഫെസ്റ്റിവലിന്റെ സമാപന ചടങ്ങിൽ ലാപിഡ് വിമർശിച്ചത്.

ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടൻ അനുപം ഖേർ.ചലച്ചിത്ര മേളയിലെ വിമർശനം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് അദ്ദേഹം പ്രതികരിച്ചു. കാശ്മീരി പണ്ഡിറ്റുകളുടെ കഷ്ടപ്പാടുകളോട് ലാപിഡ് നിസ്സംഗനാണെന്നും അദ്ദേഹം ആരോപിച്ചു.

'വിമർശനം മുൻകൂട്ടി ആസൂത്രണം ചെയ്തതായി തോന്നുന്നു. അദ്ദേഹത്തിന്റെ പരാമർശങ്ങൾക്ക് തൊട്ടുപിന്നാലെ ടൂൾകിറ്റ് സംഘം സജീവമായി. കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ ആസ്പദമാക്കി ഒരു സിനിമയെ കുറിച്ച് ആക്ഷേപകരമായ പരാമർശങ്ങൾ നടത്തുന്നത്,​ ഹോളോകോസ്റ്റിന്റെ ഭീകരത അനുഭവിച്ച (ജൂത) സമുദായത്തിൽ നിന്നുള്ള ഒരു വ്യക്തിക്ക് ലജ്ജാകരമാണ്. ദൈവം അദ്ദേഹത്തിന് അറിവ് നൽകട്ടെ, ഹോളോകോസ്റ്റ് ശരിയാണെങ്കിൽ, കാശ്മീരി പണ്ഡിറ്റുകളുടെ പലായനവും ശരിയാണ്,' - താരം പറഞ്ഞു. കാശ്മീരി പണ്ഡിറ്റുകളുടെ കൂട്ടപ്പാലയനം ആസ്പദമാക്കിയൊരുക്കിയ ചിത്രത്തിൽ അനുപം ഖേർ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.

Advertisement
Advertisement