കോടാലി കൊണ്ട്  ആദ്യം തലയിൽ വെട്ടി നിലവിളിച്ചപ്പോൾ വായിലും,  ഉറങ്ങിക്കിടന്ന ബിസിനസുകാരനെ ഭാര്യ കൊലപ്പെടുത്തിയതിന് പിന്നിൽ സമ്പന്ന കുടുംബത്തിലുണ്ടായ അസ്വസ്ഥതകൾ

Tuesday 29 November 2022 10:53 AM IST

ഉദിയൻകുളങ്ങര: കരിപ്പെട്ടി ബിസിനസുമായി ബന്ധപ്പെട്ട സാമ്പത്തിക ബാദ്ധ്യതയെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഉറങ്ങിക്കിടന്ന ഭർത്താവിനെ അർദ്ധരാത്രി വീട്ടമ്മ കോടാലികൊണ്ട് വെട്ടിക്കൊന്നു. ഉദിയൻകുളങ്ങര പുതുക്കുളങ്ങര ബ്രബിൻ കോട്ടേജിൽ കരിപ്പെട്ടി ബിസിനസുകാരൻ ചെല്ലപ്പനാണ് (56) മരിച്ചത്. ഭാര്യ ലൂർദ്ദ് മേരിയെ (53) പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച പുലർച്ചെ ഒന്നിനായിരുന്നു സംഭവം.

തലയിലും മുഖത്തും ആഴത്തിൽ വെട്ടേറ്റ നിലയിലായിരുന്നു മൃതദേഹം. മൂന്ന് വെട്ടുകളാണ് ശരീരത്തിലുള്ളത്. ആദ്യം തലയിലാണ് വെട്ടിയത്. നിലവിളിച്ചതോടെ വായിലും വെട്ടിയെന്ന് ലൂർദ്ദ് മേരി പൊലീസിന് മൊഴി നൽകി. വെട്ടാനുപയോഗിച്ച കോടാലി കട്ടിലിന് സമീപത്തുനിന്ന് കണ്ടെത്തി.

സംഭവസമയം ഇരുവരേയും കൂടാതെ മൂന്നാമത്തെ മകൾ ഏയ്ഞ്ചൽ മേരിയുമാണ് വീട്ടിലുണ്ടായിരുന്നത്. അച്ഛനമ്മമാരുടെ കിടപ്പുമുറിയിൽ നിന്ന് നിലവിളി കേട്ട് ഏയ്ഞ്ചൽ ഉണർന്നപ്പോൾ മുറിയിൽ നിന്ന് പുറത്തുവന്ന അമ്മയെയാണ് കണ്ടത്. ചോദിച്ചപ്പോൾ ഞാൻ നിന്റെ അച്ഛനെ കൊന്നുവെന്നായിരുന്നു മറുപടി. ഏയ്ഞ്ചലിന്റെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികൾ ലൂർദ്ദ് മേരിയെ അടുത്ത മുറിയിൽ പൂട്ടിയിട്ടു. തുടർന്ന് പൊലീസിൽ അറിയിച്ചതിനെ തുടർന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

വീടിന് സമീപം വർഷങ്ങളായി കരിപ്പെട്ടി നിർമ്മാണ യൂണിറ്റ് നടത്തി വരികയായിരുന്ന ചെല്ലപ്പന് മൂത്തമകളുടെ വിവാഹം നടത്തിയതുൾപ്പെടെ ഒരു കോടിയോളം രൂപയുടെ സാമ്പത്തിക ബാദ്ധ്യതയുണ്ടായിരുന്നു. പലിശക്കാർ വീട്ടിലെത്തി ബഹളം വച്ചിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.

പലിശക്കാരെ കൊണ്ട് പൊറുതിമുട്ടിയാണ് കൃത്യം നടത്തിയതെന്നും ഭർത്താവിനെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നതെന്നും ലൂർദ്ദ് മേരി മൊഴി നൽകി. നാലഞ്ചു മാസമായി ലൂർദ്ദ് മേരി മാനസിക രോഗത്തിന് ചികിത്സയിലാണെന്ന് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

തമിഴ്നാട് വള്ളിയൂർ സ്വദേശിയാണ് ചെല്ലപ്പൻ. ഉദിയൻകുളങ്ങര സ്വദേശിയായ ലൂർദ്ദ് മേരിയെ വിവാഹം കഴിച്ചതോടെയാണ് ഇവിടെ താമസമാക്കിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഉദിയൻകുളങ്ങര ആനക്കുന്ന് ആർ.സി ചർച്ച് സെമിത്തേരിയിൽ സംസ്‌കരിച്ചു. ബ്രബിൻ (അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ), സുമി എന്നിവരാണ് മറ്റുമക്കൾ. മരുമക്കൾ: വർഷ, റോബിൻരാജ്.

Advertisement
Advertisement