കാത്തിരുന്ന വാർത്ത മോഹൻലാൽ തന്നെ പ്രഖ്യാപിച്ചു, ആടുതോമ വരുന്നു

Tuesday 29 November 2022 11:39 AM IST

മലയാളി പ്രേക്ഷകർ എക്കാലവും ഹൃദയത്തോട് ചേർത്തുവച്ച 'സ്ഫടികം' വീണ്ടും തീയേറ്ററുകളിലെത്തുന്നു. പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക മികവോടും കൂടെ ചിത്രം തീയേറ്ററുകളിൽ എത്തുമെന്ന് മോഹൻലാലാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ 2023 ഫെബ്രുവരി ഒമ്പതിനാണ് ചിത്രം എത്തുന്നത്. 28 വർഷങ്ങൾക്ക് മുമ്പ് ഇതുപോലൊരു വ്യാഴാഴ്ചയാണ് ആടുതോമയെ നിങ്ങൾ ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയതെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

എക്കാലവും നിങ്ങൾ ഹൃദയത്തോട് ചേർത്തുവച്ച എൻ്റെ ആടുതോമ നിങ്ങൾ ആഗ്രഹിച്ചത് പോലെ പുതിയ കാലത്തിൻ്റെ എല്ലാ സാങ്കേതിക മികവോടെയും വീണ്ടും റിലീസാവുന്നു.

ലോകം എമ്പാടുമുള്ള തിയേറ്റുകളിൽ 2023 ഫെബ്രുവരി മാസം 9 - ന് സ്ഫടികം 4k Atmos എത്തുന്നു.

ഓർക്കുക. 28 വർഷങ്ങൾക്കു മുമ്പ് ഇതുപോലൊരു വ്യാഴാഴ്‌ചയാണ് ആടുതോമയെ നിങ്ങൾ അന്നും ഹൃദയം കൊണ്ട് ഏറ്റുവാങ്ങിയത്...

'അപ്പോൾ എങ്ങനാ... ഉറപ്പിക്കാവോ?.'

#Spadikam