രഹസ്യായുധം ആദ്യമായി പ്രദർശിപ്പിച്ച് ഇന്ത്യൻ സൈന്യം, ശത്രു ഡ്രോണുകളെ ഇരയാക്കും ഈ അർജുൻ, വീഡിയോ 

Tuesday 29 November 2022 4:36 PM IST

ഡെറാഡൂൺ : ശത്രു ഡ്രോണുകളുടെ ഭീഷണി ഗണ്യമായി അതിർത്തിയിൽ ഉയർന്നിരിക്കവേ ഉത്തരാഖണ്ഡിലെ ഔലിയിൽ പുതിയ ആയുധത്തെ പ്രദർശിപ്പിച്ച് ഇന്ത്യൻ സൈന്യം. പരിശീലനം നൽകിയ പരുന്തുകളെയാണ് ഇന്ത്യ ശത്രു ഡ്രോണുകളെ ഒഴിവാക്കാനായി ഉപയോഗിക്കുന്നത്. ഔലിയിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യയുടെയും യു എസിന്റെയും സംയുക്ത പരിശീലന അഭ്യാസത്തിനിടെയാണ് അർജുൻ എന്ന് പേരിട്ട പരുന്തിനെ പ്രദർശിപ്പിച്ചത്.

ഇന്ത്യൻ ആർമി ദൗത്യങ്ങളിൽ പരിശീലനം സിദ്ധിച്ച നായകളെ ഉപയോഗിക്കാറുണ്ട്. പ്രധാനമായും സ്‌ഫോടക വസ്തുക്കളുടെ സാന്നിദ്ധ്യം മണത്ത് അറിയുന്നതിനാണ് നായകളെ ഉപയോഗിക്കുന്നത്. ശത്രുവിന്റെ താവളത്തിൽ നേരിട്ട് ആക്രമണം നടത്താനും, ട്രാക്ക് ചെയ്യാനും നായകൾക്കാവും. എന്നാൽ പരിശീലനം സിദ്ധിച്ച പരുന്തുകളെയും സൈന്യം ഉപയോഗിക്കുന്നതായി ഇപ്പോഴാണ് വിവരങ്ങൾ പുറത്ത വന്നത്.

ജമ്മു കാശ്മീരിലും പഞ്ചാബിലും പാകിസ്ഥാൻ ഭാഗത്ത് നിന്നും ചെറു ഡ്രോണുകൾ ഇന്ത്യയുടെ ഭാഗത്തേയ്ക്ക് പതിവായി എത്താറുണ്ട്. തീവ്രവാദികൾക്കായി മയക്കുമരുന്നുകളും തോക്കുകളും പണവും ഇത്തരത്തിൽ അതിർത്തിക്ക് പുറത്ത് നിന്നും എത്തിക്കുവാനാണ് പാക് ശ്രമം.

ഇന്ത്യ- യുഎസ് സംയുക്ത പരിശീലന അഭ്യാസത്തിന്റെ 18ാം പതിപ്പ് 'യുദ്ധ് അഭ്യാസ് 22' ഉത്തരാഖണ്ഡിലെ ഔലിയിൽ ശനിയാഴ്ചയാണ് ആരംഭിച്ചത്.