'അവതാർ 2'  കേരളത്തിൽ  റിലീസ്  ചെയ്യില്ല; വിലക്കേർപ്പെടുത്തി ഫിയോക്ക്

Tuesday 29 November 2022 4:42 PM IST

'അവതാർ- ദ വേ ഒഫ് വാട്ടർ' കേരളത്തിൽ റിലീസ് ചെയ്യില്ലെന്ന് തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്. വിതരണക്കാ‌ർ കൂടുതൽ തുക ചോദിക്കുന്നതാണ് വിലക്കിന് കാരണം. ഡിസംബർ 16നാണ് ചിത്രത്തിന്റെ റിലീസ്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ആറ് ഭാഷകളിലാണ് ചിത്രത്തിന് ഇന്ത്യയിൽ റിലീസ് ഉണ്ടായിരുന്നത്. 1832 കോടി രൂപയാണ് ചിത്രത്തിന്റെ നിർമാണ ചെലവ്.

2009ലാണ് അവതാർ ആദ്യഭാഗം റിലീസ് ചെയ്തത്. ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രമെന്ന പേര് അവതാർ സ്വന്തമാക്കിയിരുന്നു. 2012ലാണ് ചിത്രത്തിന്റെ തുടർഭാഗങ്ങൾ ഉണ്ടാകുമെന്ന് സംവിധായകൻ ജെയിം കാമറൂൺ പ്രഖ്യാപിച്ചത്. പിന്നീട് കൊവിഡ് വന്നതോടെ ചിത്രീകരണം വൈകുകയായിരുന്നു. സാം വർത്തിംഗ്ടൻ, സോ സൽദാന, സ്റ്റീഫൻ ലാങ്, മാട്ട് ജെറാൾഡ്, കേറ്റ് വിൻസ്‌ലെറ്റ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.

മെറ്റ്കയിന എന്ന പാറകളിൽ വസിക്കുന്ന നവിയുടെ പുതിയ വംശത്തെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ അവതരിപ്പിക്കുന്നുണ്ട്. ജയ്ക് സുള്ളിയുടെയും കുടുംബത്തിന്റെയും കഥയാണ് പ്രധാനമായും രണ്ടാം ഭാഗം പറയുക. വർഷങ്ങളായുള്ള കാത്തിരിപ്പിൽ അവതാർ രണ്ടാം ഭാഗത്തിൽ സംവിധായകൻ ജെയിംസ് കാമറൂൺ എന്തൊക്കെ ദൃശ്യ വിസ്മയങ്ങളാകും ഒരുക്കിയിരിക്കുക എന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ.

Advertisement
Advertisement