കെടിയു വി സി നിയമനം ചോദ്യം ചെയ്തുള്ള ഹർജി; തിരിച്ചടി നേരിട്ട മുഖ്യമന്ത്രി രാജി വെച്ചൊഴിയുന്നതാണ് നല്ലതെന്ന് കെ സുരേന്ദ്രൻ

Tuesday 29 November 2022 6:42 PM IST

തിരുവനന്തപുരം: കെടിയു വി സി സിസാ തോമസിന്റെ നിയമനത്തെ ചോദ്യം ചെയ്തുള്ള വിധി കോടതി തള്ളിയതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഹർജി തള്ളിയ സ്ഥിതിയ്ക്ക് മുഖ്യമന്ത്രി രാജി വെച്ച് ഒഴിയുന്നതാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും സർക്കാർ സ്ഥിരമായി പരാജയം ഏറ്റുവാങ്ങുകയാണെന്നും ഇതുവഴി പൊതു സമൂഹത്തിന് മുന്നിൽ പരിഹാസ്യരാവുകയാണെന്നും കെ സുരേന്ദ്രൻ പ്രസ്താവിച്ചു.

"അത്യപൂർവ്വമായ ഹർജിയിലൂടെ ചാൻസലറുടെ ഉത്തരവിനെ ചോദ്യം ചെയ്ത നീക്കത്തിൽ കോടതിയിൽ വലിയ തിരിച്ചടിയാണ് ഏറ്റത്, ഇത് വഴി ഗവർണറുടെ നിലപാട് ശരി വെയ്ക്കുകയും സർക്കാരിന്റെ പൊള്ളത്തരങ്ങൾ തുറന്ന് കാണിക്കുകയും ചെയ്യുകയാണ്. അഴിമതിക്കും സ്വജനപക്ഷപാതത്തിനും വേണ്ടി ഖജനാവിലെ പണം ഉപയോഗിച്ച് നിയമപോരാട്ടം നടത്തി വീണ്ടും വീണ്ടും നാണംകെടുന്ന ഇടത് സർക്കാർ കേരളത്തിന് അപമാനമാണ്" കെ സുരേന്ദൻ പറഞ്ഞു . യുജിസി ചട്ടം ലംഘിച്ച് കൊണ്ടുള്ള സർക്കാരിന്റെ ശുപാർശകൾ തള്ളിയ ഗവർണറുടെ നിലപാട് കോടതി ശരിവെച്ചത് സർക്കാരിന്റെ എല്ലാ വാദങ്ങളും തള്ളുന്നതിന് സമമാണെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

അതേ സമയം സാങ്കേതിക സർവകലാശാല വി സിയായി ഡോ. സിസ തോമസിന്റെ നിയമനം ചോദ്യം ചെയ്‌തുള്ള ഹർജി തള്ളിയ കോടതി താത്ക്കാലിക വി സിയാകാൻ സർക്കാർ നൽകിയ ശുപാർശയെ വിമർശിച്ചു. അഡീഷണൽ പ്രിൻസിപ്പൽ സെക്രട്ടറിയെ ശുപാർശ ചെയ്ത സർക്കാർ നടപടി തെറ്റാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. യുജിസി മാനദണ്ഡപ്രകാരമുള്ള യോഗ്യത അഡീഷണൽ പ്രിൻസിപ്പൽ സെക്രട്ടറിക്കില്ല. സിസ തോമസിനെ പ്രവർത്തിക്കാൻ അനുവദിക്കാത്തത് ശരിയല്ലെന്ന് കോടതി അറിയിച്ചു.