മരിക്കുംമുമ്പ് മകളെ കാണാൻ മോഹിച്ച രാധ മകളുടെ മരണവാർത്തകേട്ട് മോഹാലസ്യപ്പെട്ടു

Wednesday 30 November 2022 3:44 AM IST

തിരുവനന്തപുരം: തന്റെ കണ്ണടയും മുമ്പ് മകളെയും ചെറുമകളെയും ജീവനോടെ കാണാനുള്ള മോഹവുമായി ഒരുപതിറ്റാണ്ടിലേറെയായി കഴിഞ്ഞ രാധ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ വച്ച് മോഹാലസ്യപ്പെട്ടുവീണു.

തമിഴ്നാട്ടിലെ കടൽത്തീരത്ത് 11വർഷം മുമ്പ് കരയ്ക്കടിഞ്ഞ മകൾ ദിവ്യയുടെ ചേതനയറ്റ ശരീരത്തിന്റെ വിവിധ ഫോട്ടോകൾ നേരിൽക്കണ്ടപ്പോഴാണ് വാവിട്ട് നിലവിളിച്ച രാധ മോഹാലസ്യപ്പെട്ടു വീണത്. വീട്ടിൽ നിന്ന് മാഹിൻകണ്ണിനൊപ്പം ബൈക്കിൽ കയറിപ്പോകുമ്പോൾ അണിഞ്ഞിരുന്ന വസ്ത്രങ്ങളുൾപ്പെടെ കൃത്യമായി ഓർത്തുവച്ചിരുന്ന രാധയെ വീട്ടുജോലിക്ക് നിൽക്കുന്ന നഗരത്തിലെ വീട്ടിൽ നിന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുവന്നത്.

ദിവ്യയുടെ മരണവാർത്ത അറിയിക്കാനാണ് പൊലീസ് ഇവരെ വിളിപ്പിച്ചത്. എന്നാൽ ഇതിനിടെ അവിടെയുണ്ടായിരുന്ന പരിചയക്കാരനായ പൊലീസ് ഉദ്യോഗസ്ഥനോട് സംസാരിക്കുന്നതിനിടെയാണ് മകളുടെ മൃതദേഹത്തിന്റെ ഫോട്ടോകൾ രാധ കാണാനിടയായത്. ഇളയമകൾ ശരണ്യയും ഈ സമയം രാധയ്‌ക്കൊപ്പമുണ്ടായിരുന്നു. എസ്.പിയുടെ ഓഫീസിന് മുൻവശത്ത് തളർന്നുവീണ രാധയെ ഉടൻ എസ്.പി ഡി. ശില്പയുടെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥർ താങ്ങിയെടുത്ത് എസ്.പി ഓഫീസിലെ ആംബുലൻസിൽ കയറ്റി ജനറൽ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വീട്ടിലെത്തിച്ചു.