സത്യം തെളിയാൻ 11 വർഷം നീണ്ടത് പൊലീസിന്റെ നിസംഗത കാരണം

Wednesday 30 November 2022 3:46 AM IST

തിരുവനന്തപുരം: മകളുടെയും ചെറുമകളുടെയും തിരോധാനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷൻ കയറിയിറങ്ങിയ വൃദ്ധദമ്പതിമാരെ അവഗണിച്ച മാറനല്ലൂർ, പൂവാർ പൊലീസിന്റെ നിസംഗതയാണ് വിദ്യ-ഗൗരി വധക്കേസ് പ്രതി മാഹിൻ കണ്ണിന് ഒരു പതിറ്റാണ്ട് രക്ഷയായത്. എന്നാൽ മകളെ കൂട്ടിക്കൊണ്ടുപോയ മാഹിൻകണ്ണിന്റെ വീട് പൂവാറായതിനാൽ അവിടെ പരാതി നൽകാനായിരുന്നു നിർദ്ദേശം.അന്നുമുതൽ ഇരു സ്റ്റേഷനുകളിലുമായി കയറിയിറങ്ങിയ വൃദ്ധമാതാപിതാക്കളിൽ നിന്ന് മകളുടെയും കുഞ്ഞിന്റെയും ചിത്രം പത്രത്തിൽ പ്രസിദ്ധീകരിക്കാനെന്ന പേരിൽ പൊലീസ് ഉദ്യോഗസ്ഥർ പണവും വാങ്ങി. പല ദിവസങ്ങളിലും രാവിലെ സ്റ്റേഷനിലെത്താൻ പറയുകയും രാത്രിവരെ പുറത്ത് ഇരുത്തിയശേഷം മടക്കിവിടുകയും ചെയ്യുന്നതായിരുന്നു പൊലീസിന്റെ ശൈലി. സ്വന്തമായി ഒരു സെന്റ് സ്ഥലം പോലുമില്ലാത്ത ജയചന്ദ്രനും രാധയും അഞ്ചു സെന്റ് സ്ഥലം വാങ്ങാനായി അദ്ധ്വാനിച്ചുണ്ടാക്കിയ പണം കേസിന്റെ ആവശ്യത്തിനായി പലപ്പോഴായി പൊലീസുകാർ വാങ്ങിയെന്ന് രാധ വെളിപ്പെടുത്തിയിരുന്നു.
ശാസ്ത്രീയതെളിവുകൾ ശേഖരിക്കാനും പൊലീസ് മെനക്കെട്ടില്ല. വിദ്യയും മകളുമായി വേളാങ്കണ്ണിയിൽ പോയെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞ മാഹിൻ കണ്ണിന്റെ മൊഴിയിൽ മാത്രം വിശ്വസിച്ച പൊലീസ് ഇയാളുടെ ഫോൺ ലൊക്കേഷൻ കണ്ടെത്താൻ ശ്രമിച്ചില്ല. പരാതി കിട്ടിയപ്പോൾത്തന്നെ ഇക്കാര്യം അന്വേഷിച്ചിരുന്നെങ്കിൽ നുണകൾ പൊളിയുമായിരുന്നു.

2019 ൽ മിസിംഗ് കേസുകളെക്കുറിച്ചുള്ള ഉന്നതതല പരിശോധനയിലാണ് മാറനല്ലൂർ സ്റ്റേഷനിലെ പെൻഡിംഗ് കേസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്.16 അംഗ സംഘത്തിന്റെ ശാസ്ത്രീയ അനേഷണത്തിലാണ് മാഹിന്റെ വാദങ്ങൾ തെറ്റാണെന്ന് തെളിഞ്ഞത്. 2011 ആഗസ്റ്റ് 18ന് വൈകിട്ട് 7.15 ഓടെ വിദ്യയുടെ ഫോൺ ചീനിവിള ടവർ ലൊക്കേഷനിൽ സ്വിച്ച് ഓഫ് ആയതായി അന്വേഷണസംഘം കണ്ടെത്തി. എന്നാൽ മാഹിന്റെ ഫോൺ ബാലരാമപുരം വഴി പൂവാറിലെത്തി. അന്ന് രാത്രിയിൽ പൂവാർ പരിധിയിലുണ്ടായിരുന്നു. 19നും 20നും ഇതേ ടവർ ലൊക്കേഷനിൽ നിന്നും പലരോടും മാഹിൻ സംസാരിച്ചു.പിന്നീട് സ്വിച്ച് ഓഫ് ചെയ്തു.തുടർന്ന് 36 മണിക്കൂറിന് ശേഷമാണ് ഫോൺ ഓൺ ചെയ്തത്. ഇതെല്ലാം പരിഗണിച്ചാണ് പ്രത്യേക അന്വേഷണ സംഘം മാഹിനിലേക്ക് എത്തിയത്.

Advertisement
Advertisement