നിയന്ത്രണങ്ങളിൽ ഇളവ് നൽകിയിട്ടും ചൈനയിൽ പ്രതിഷേധം ശക്തം

Wednesday 30 November 2022 5:01 AM IST

ബീജിംഗ്: രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചിട്ടും ചൈനയിൽ പ്രതിഷേധം ശക്തം. അതേസമയം പ്രതിഷേധം തടയാൻ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുകയാണ് ചൈനീസ് ഭരണകൂടം. ഇതേത്തുടർന്ന് ബീജിംഗ്, ഷാങ്ങ്‌ഹായി തുടങ്ങിയ പ്രമുഖ നഗരങ്ങളിൽ ഇന്നലെ ശക്തമായ പൊലീസ് സാന്നിദ്ധ്യമുണ്ടായിരുന്നു. ഷിൻജിയാംഗിലുൾപ്പെടെ അടച്ചുപൂട്ടലുകൾക്ക് നേരിയ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും സീറോ - കൊവിഡ് നയത്തിൽ വിട്ടുവീഴ്ചയില്ലെന്നാണ് ഭരണകൂടത്തിന്റെ നിലപാട്.

അതേസമയം, പ്രതിഷേധങ്ങൾ നടന്ന മേഖലകളിൽ ഇന്നലെ പൊലീസ് വ്യാപക തെരച്ചിൽ നടത്തി. അതേസമയം പ്രതിഷേധക്കാരുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. പ്രതിഷേധക്കാരുടെ ഫോണുകൾ പൊലീസ് പരിശോധിക്കുന്നതായും റിപ്പോർട്ടുണ്ട്. വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക്സ് (വി.പി.എൻ), ടെലിഗ്രാം എന്നിവ ഉപയോഗിക്കുന്നുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നതെന്നാണ് റിപ്പോർട്ട്. പ്രതിഷേധ വാർത്തകൾ രാജ്യത്തിന് പുറത്തുപോകാതിരിക്കാനാണിത്. വി.പി.എൻ രാജ്യത്ത് നിയമവിരുദ്ധമാണ്. ടെലിഗ്രാം ആപ്പിനെ ചൈനീസ് ഇന്റർനെറ്റിൽ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. കിഴക്കൻ ഷെജിയാംഗ് പ്രവിശ്യയുടെ തലസ്ഥാനമായ ഹാൻഷൂവിൽ തിങ്കളാഴ്ച രാത്രി പ്രതിഷേധക്കാർ ഒത്തുകൂടുന്നത് പൊലീസ് തടഞ്ഞിരുന്നു.

Advertisement
Advertisement