ആക്രമിക്കാൻ വളഞ്ഞ ആയുധധാരികളായ അഞ്ച് പേരെ വെറും കൈകൊണ്ട് ഇടിച്ചിട്ട് ഇന്ത്യൻ സൈനികൻ, വീഡിയോ

Wednesday 30 November 2022 11:25 AM IST

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഓലിയിൽ കടുത്ത സൈനികാഭ്യാസം നടക്കുകയാണ്. ഇന്ത്യയിലെയും അമേരിക്കയിലെയും സൈനികർ തമ്മിലുള്ള സംയുക്ത അഭ്യാസപ്രകടനമാണ് അവിടെ അരങ്ങേറുന്നത്. സാധാരണഗതിയിലെ അഭ്യാസമുറകളല്ല ഇവർ പരിശീലിക്കുന്നത് എന്നതാണ് പ്രത്യേകത. എന്തെന്നാൽ തോക്കോ, കഠാരയോ പോലുള്ള ആയുധങ്ങൾക്ക് പകരം കൈകൾ മാത്രം ഉപയോഗിച്ച് ശത്രുവിനെ എങ്ങനെ തറപറ്റിക്കാമെന്ന് സംയുക്ത സൈനികാഭ്യാസത്തിലൂടെ പരിശീലിക്കുകയാണ് ഇരുരാജ്യങ്ങളിലെയും സൈനികർ.

'യുദ്ധ് അഭ്യാസ് 22' എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ തങ്ങൾക്ക് മാത്രം സ്വായത്തമായ അറിവുകളാണ് ഇരുരാജ്യങ്ങളിലെയും സൈനികർ പരസ്‌‌പരം കൈമാറുന്നത്. ഇതിൽ കൈകൾ മാത്രം ഉപയോഗിച്ച് ആയുധധാരിയായ എതിരാളിയെ മലർത്തിയടിക്കുന്ന ഇന്ത്യൻ സൈനികന്റെ കഴിവ് വിസ്‌മയകരമാണ്.

യുഎസ് ആർമിയുടെ സെക്കന്റ് ബ്രിഗേഡും ഇന്ത്യൻ ആർമിയുടെ അസാം റെജിമെന്റുമാണ് സംയുക്ത സൈനികാഭ്യാസത്തിൽ പങ്കെടുക്കുന്നത്. അപ്രതീക്ഷിതമായുണ്ടാകുന്ന പ്രകൃതി ക്ഷോഭത്തിൽ എത്രയും പെട്ടെന്ന് എങ്ങനെ പ്രതികരിക്കണം എന്നതടക്കമുള്ള കാര്യങ്ങൾ പരിശീലനത്തിന്റെ ഭാഗമാകുന്നുണ്ട്.