ധാരാവി അഴിച്ചുപണിയാനൊരുങ്ങി അദാനി, ലേലം വിളിച്ചത് 5000 കോടിയ്ക്ക്, ലേലം ജയിക്കുന്നയാൾക്ക് കിട്ടുന്നത് വമ്പൻ ജാക്ക്‌പോട്ട്

Wednesday 30 November 2022 12:53 PM IST

മുംബയ്: ലോകത്തിലെ ഏറ്റവും വലിയ ചേരികളിലൊന്നായ മുംബയിലെ ധാരാവി പുനർവികസിപ്പിക്കാനൊരുങ്ങി ലോകസമ്പന്നരിൽ രണ്ടാമനായ ഗൗതം അദാനിയുടെ ബിസിനസ് സാമ്രാജ്യമായ അദാനി ഗ്രൂപ്പ്. 259 ഹെക്ടറിന്റെ ധാരാവി പുനർവികസന പദ്ധതിയോടനുബന്ധിച്ച് നടന്ന ലേലത്തിൽ ഏറ്റവും ഉയർന്ന തുക നൽകിയാണ് അദാനി ഗ്രൂപ്പ് പദ്ധതിയുടെ നടത്തിപ്പ് ചുമതല ഏറ്റെടുത്തത്.

ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡി എൽഎഫ് കമ്പനി ലേലത്തിൽ മുന്നോട്ടുവച്ച 2,025 കോടി രൂപ മറികടന്ന് 5,069 കോടി രൂപയ്ക്കാണ് അദാനി ഗ്രൂപ്പ് പദ്ധതി നടപ്പിലാക്കുന്നതെന്ന് പ്രോജക്ടിന്റെ സി ഇ ഒയായ എസ് വി ആർ ശ്രീനിവാസ് പറഞ്ഞു.സർക്കാരിന്റെ അനുമതിക്കായി പദ്ധതി വിവരങ്ങൾ ഉടൻ സമർപ്പിക്കുമെന്നും രണ്ടാഴ്ചയ്ക്കുള്ളിൽ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശ്രീനിവാസ് കൂട്ടിച്ചേർത്തു.

ലേലത്തിന് മുന്നോടിയായി ഒക്‌ടോബറിൽ നടന്ന യോഗത്തിൽ ദക്ഷിണ കൊറിയ, യു എ ഇ എന്നീ രാജ്യങ്ങളിൽ നിന്നുൾപ്പെടെ പ്രതിനിധികൾ പങ്കെടുത്തിരുന്നു. അദാനി ഗ്രൂപ്പ്, ഡി എൽ എഫ്, നമൻ ഗ്രൂപ്പ് എന്നിവർ മാത്രമായിരുന്നു പദ്ധതിയ്ക്കായി ലേലം വിളിച്ചത്.

2.5 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന 6.5 ലക്ഷം ചേരി നിവാസികളെ പുനരധിവസിപ്പിക്കുന്നതിന് ഏഴ് വർഷമാണ് പദ്ധതിയുടെ ആകെ സമയപരിധി. പുനരധിവാസം, പുതുക്കൽ, അടിസ്ഥാന സൗകര്യ വികസനം എന്നിവയാണ് പദ്ധതിയുടെ കീഴിൽ വരുന്ന പ്രവർത്തനങ്ങൾ.

വർഷങ്ങളായി അനിശ്ചിതത്വത്തിലായിരുന്ന പദ്ധതിയ്ക്കാണ് ഇപ്പോൾ ജീവൻ വച്ചിരിക്കുന്നത്. വിജയിക്കുന്ന ലേലക്കാരന് മുംബയ് നഗരത്തിന്റെ ഒത്തനടുവിലായി കോടികൾ വിലയുള്ള പാർപ്പിട- വാണിജ്യാവശ്യത്തിനുള്ള സ്ഥലം വിൽക്കാൻ കഴിയും.