സ്വന്തം രാജ്യം ലോകകപ്പിൽ നിന്ന് പുറത്ത്, തെരുവുകളിൽ നൃത്തം ചവിട്ടിയും പടക്കം പൊട്ടിച്ചും ആഘോഷിച്ച് ഇറാൻ ജനത, വീഡിയോ

Wednesday 30 November 2022 4:18 PM IST

ടെഹ്‌റാൻ: ഖത്തർ ലോകകപ്പിൽ പ്രഖ്യാപിത ശത്രുരാജ്യമായ അമേരിക്കയോട് തോറ്ര് സ്വന്തം രാജ്യം പുറത്തായത് ആഘോഷിച്ച് ഇറാൻ ജനത. കഴിഞ്ഞ സെപ്തംബർ മുതൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് രാജ്യത്തെ ജനങ്ങൾ ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങി സമരം ചെയ്യുകയാണ്. രാജ്യം പ്രതിസന്ധി നേരിടുമ്പോൾ ദേശീയ ഫുട്‌ബോൾ ടീം ലോകകപ്പിൽ പങ്കെടുത്തത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇംഗ്ളണ്ടിനെതിരെ നടന്ന ഓപ്പണിംഗ് മാച്ചിൽ ഇറാൻ ഫുട്‌ബോൾ ടീം അംഗങ്ങൾ ദേശീയ ഗാനമാലപിക്കാതെ സർക്കാരിനെതിരെ പ്രതിഷേധം അറിയിച്ചിരുന്നെങ്കിലും ടീം സർക്കാരിന്റെ പ്രതിനിധികളാണെന്നും രാജ്യത്തെ ജനങ്ങളുടെ ഒപ്പമല്ലെന്നുമാണ് കൂടുതൽ പ്രക്ഷോഭകരും ഇപ്പോഴും കരുതുന്നത്.

വാഹനങ്ങളിൽ ഹോൺ മുഴക്കിയും പടക്കം പൊട്ടിച്ചും തെരുവുകളിൽ നൃത്തം ചവിട്ടിയും ഇറാൻ ജനത ടീമിന്റെ തോൽവി ആഘോഷിക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.

ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ 22കാരിയായ മഹ്സ അമിനി സദാചാര പൊലീസിന്റെ കസ്റ്റഡിയിലിൽ മരിച്ചതോടെയാണ് ഇറാനിൽ പ്രക്ഷോഭം തുടങ്ങിയത്. പ്രക്ഷോഭത്തിൽ സുരക്ഷാ സേനാംഗങ്ങളും സ്ത്രീകളും കുട്ടികളുമടക്കം 300 ലേറെ പേർ കൊല്ലപ്പെട്ടെന്ന് ഇറാനിലെ ഉന്നത സൈനിക ഉദ്യോഗസ്ഥൻ പറയുന്നു. അതേ സമയം, പ്രക്ഷോഭങ്ങളിൽ കുറഞ്ഞത് 416 പേർ മരിച്ചെന്നാണ് ഇറാൻ ഹ്യൂമൻ റൈറ്റ്സ് സംഘടന പറയുന്നത്.