രാജ്യദ്രോഹ പ്രവർത്തനം,​ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്രസർക്കാർ നടപടി ശരിവച്ച് കർണാടക ഹൈക്കോടതി

Wednesday 30 November 2022 7:36 PM IST

ബംഗളുരു : പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്രസർക്കാർ നടപടി കർണാടക ഹൈക്കോടതി ശരിവച്ചു. കേന്ദ്രസർക്കാർ നടപടിയിൽ ഇടപെടാൻ കാരണം കാണുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. പോപ്പുലർ ഫ്രണ്ട് നേതാവ് നാസിർ പാഷ നൽകിയ ഹർജി കോടതി തള്ളി.

സെപ്തംബർ 28നാണ് പോപ്പുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും അഞ്ചുവർഷത്തേക്ക് നിരോധിച്ച് സർക്കാർ ഉത്തരവിട്ടത്. രാജ്യദ്രോഹ പ്രവ‌ർത്തനങ്ങളിൽ ഏർപ്പെടുന്നു,​ ഭീകരവാദ സംഘടനകളുമായി ബന്ധം പുലർത്തുന്നു തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി. വിലക്ക് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹർജിക്കാർ കോടതിയിൽ വാദിച്ചത്.

നിരോധനം പ്രഖ്യാപിക്കുന്നതിന് ആവശ്യമായ കാരണങ്ങൾ വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ടെന്നും ഇതിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. ഇത് അംഗീകരിച്ചു കൊണ്ട് ജസ്റ്റിസ് എം. നാഗപ്രസന്ന ഹർജി തള്ളുകയായിരുന്നു.