പണ്ഡിതശ്രേഷ്ഠന്റെ പെടാപ്പാടുകൾ

Thursday 01 December 2022 12:00 AM IST

ഇന്ത്യയിൽ ഇംഗ്ളീഷ് വിദ്യാഭ്യാസം നിർബന്ധിതമാക്കിയത് മെക്കാളെ പ്രഭുവാണെന്നത് ചരിത്രസത്യം. അതിന് അദ്ദേഹത്തോട് നമുക്ക് നന്ദിയും വേണം. പക്ഷേ മെക്കാളെ പ്രഭു നിർബന്ധിതമാക്കിയ ആംഗലേയഭാഷയെ അനുദിനം പരിപോഷിപ്പിക്കാൻ ഒറ്റയാൾ പോരാട്ടം നടത്തുന്ന ഒരു പണ്ഡിതശ്രേഷ്ഠനുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ അഹോരാത്ര ശ്രമങ്ങൾക്ക് ആരും വേണ്ടത്ര വില കൽപ്പിക്കുന്നില്ലെന്ന് മാത്രം. തൊണ്ണൂറും തൊണ്ണൂറ്റിയഞ്ചും അക്ഷരങ്ങളുള്ള വാക്കുകൾ പോലും ആ ചെറിയ വായിൽ നിന്ന് ഉരുട്ടിത്തള്ളാൻ അദ്ദേഹം എടുക്കുന്ന ക്ളേശങ്ങൾ ആരും അറിയുന്നില്ല. ശരാശരി മലയാളിക്ക് ഇംഗ്ളീഷ് പദാവലിയുമായുള്ള ബന്ധം ടി.രാമലിംഗംപിള്ളയുടെ നിഘണ്ടുവഴിക്കാണ്. പക്ഷേ അദ്ദേഹത്തിന് നിഘണ്ടുവിൽ ഉൾപ്പെടുത്താൻ കഴിയാതിരുന്ന എത്രയോ പുത്തൻ വാക്കുകളാണ് നമ്മുടെ പണ്ഡിത മഹാൻ കേരളീയരെ പരിചയപ്പെടുത്തിയത്. ഇത്രയും വിശേഷണങ്ങൾ മതിയല്ലോ ആ മഹാനെ മനസിലാക്കാൻ- സാക്ഷാൽ ശശിതരൂർ എം.പി.

വർത്തമാനകാല രാഷ്ട്രീയ നഭോമണ്ഡലത്തിൽ ശുക്രനക്ഷത്രം പോലെ തിളങ്ങി നിൽക്കുന്ന അപൂർവവ്യക്തിത്വം. ഐക്യരാഷ്ട്രസഭയുടെ അണ്ടർസെക്രട്ടറി പദവി വരെ എത്തിയ നയതന്ത്രവിദഗ്ദ്ധൻ. 'ഉണ്ടിരുന്ന നായർക്കൊരു വിളി തോന്നി ' എന്ന ചൊല്ല് പോലെയാണ് എല്ലാ സ്ഥാനമാനങ്ങളും പരിത്യജിച്ച് അദ്ദേഹം കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് നീളൻ കുർത്തയും ധരിച്ച് കാലെടുത്തു വച്ചത്. കോൺഗ്രസ് വേദികളിൽ സൂര്യതേജസാവാൻ പിന്നെ അധികകാലം വേണ്ടിവന്നില്ല. പണ്ടുകാലത്തെ രജനീകാന്ത് സിനിമകളെ അനുസ്മരിപ്പിക്കും പോലെ തലയുടെ മുൻവശത്ത് നീട്ടിവളർത്തിയ മുടി ഇടയ്ക്കിടെ മുകളിലേക്ക് വെട്ടിച്ചൊതുക്കി, രണ്ടായി പകുത്തുമാറ്രാവുന്ന കണ്ണട പരമശിവന്റെ തോളിലെ സർപ്പം കണക്കെ കഴുത്തിൽ ധരിച്ചും ചുണ്ടിൽ പവിഴം പോലുള്ള പുഞ്ചിരി വിടർത്തിയും അദ്ദേഹം നിറഞ്ഞാടിത്തുടങ്ങിയപ്പോൾ രാഷ്ട്രീയ പ്രവർത്തനത്തിലെ എക്സ്പയറി ഡേറ്റ് എത്താറായ പലനേതാക്കളും നെറ്റിചുളിച്ചു തുടങ്ങി. അതൊന്നും തരൂരിന്റെ മുന്നോട്ടുള്ള ഗമനത്തെ ബാധിച്ചില്ല. വീരവിരാജിത കർമോത്സുകനായി അദ്ദേഹം മുന്നേറി. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് ഒന്നല്ല, മൂന്ന് തവണ ജനങ്ങൾ അദ്ദേഹത്തെ ഡൽഹിക്ക് അയച്ചു. എവിടെയെങ്കിലും ഒരു വെയിറ്റിംഗ് ഷെഡ്ഡോ, ഏതെങ്കിലും സ്കൂളിന് ഒരു ക്ളാസ് മുറിയോ പണിതിട്ട് 'എം.പി വഹ' എന്ന ബോർഡ് വയ്ക്കാനൊന്നും അദ്ദേഹം തയ്യാറല്ല. മണ്ഡലത്തിൽ മലമറിച്ചെങ്കിലേ വീണ്ടും ജയിക്കൂ എന്ന അബദ്ധധാരണയും തരൂരിനില്ല. ആംഗലേയത്തെ പ്രണയിച്ചും ഉന്നതശ്രേഷ്ഠർ നിരക്കുന്ന വേദികളെ പ്രഭാഷണങ്ങളാൽ സമ്പന്നമാക്കിയും അദ്ദേഹം അങ്ങനെ മുന്നേറി.

ഫോണിൽ വിളിച്ചാൽ എടുക്കാത്ത എം.പി , മണ്ഡലത്തെ തിരിഞ്ഞു നോക്കാത്ത എം.പി എന്നൊക്കെ ദോഷൈകദൃക്കുകൾ പറഞ്ഞു പരത്തുന്നുണ്ട്. എന്തെല്ലാം ജനകീയപ്രശ്നങ്ങൾ ഉണ്ടായാലും അവിടേക്ക് എത്തിനോക്കില്ലെന്ന മറ്റൊരു ആക്ഷേപവും പരക്കുന്നുണ്ട്. വ്യത്യസ്ത മേഖലകളുമായി ബന്ധപ്പെട്ട് വൈജ്ഞാനികദാഹം തീർക്കാൻ സദാസമയം ജാഗരൂകനായിരിക്കുന്ന സാത്വികനെക്കുറിച്ചാണ് ഈ അപഖ്യാതികൾ പരത്തുന്നത്. എം.പിയുടെ ഓഫീസിലെ ചുമതലക്കാരും ഫോൺ വിളിച്ചാൽ എടുക്കാറില്ലെന്നതാണ് മറ്റൊരു ആക്ഷേപം. ആനപ്പിണ്ടം ആനയേക്കാൾ വലുതായാൽ എങ്ങനെയിരിക്കുമെന്ന് തിരിച്ചറിയാൻ പാടില്ലാത്ത വിഡ്ഢികൾക്ക് എന്ത് ആക്ഷേപവും പറഞ്ഞു പരത്താമല്ലോ. ഇതൊന്നും വകവയ്ക്കാതെ തന്റെ കർത്തവ്യങ്ങളിൽ മുഴുകി കഴിയുമ്പോഴാണ് അഖിലേന്ത്യാ കോൺഗ്രസിനെ ഒന്ന് ഉദ്ധരിച്ച് നവീനമുഖം നൽകണമെന്ന തോന്നൽ അദ്ദേഹത്തിനുണ്ടായത്. ചങ്കെടുത്തു കാണിച്ചാലും ചെമ്പരത്തിപ്പൂവെന്ന് തെറ്റിദ്ധരിക്കുന്നവരോട് തന്റെ ആത്മാർത്ഥത ബോദ്ധ്യപ്പെടുത്താനൊന്നും തരൂർ നിന്നില്ല. എ.ഐ.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ അദ്ദേഹം കച്ചകെട്ടിയിറങ്ങി. ഏതു കുഴമ്പിട്ട് എവിടെ തടവിയാൽ പച്ചപിടിക്കാമെന്ന് ആശങ്കപ്പെട്ടിരുന്ന കുറെ യുവതുർക്കികൾക്ക് തരൂരിന്റെ തീരുമാനം ആവേശമായി. മണ്ഡലകാലത്ത് ശരണം വിളിക്കുന്ന അയ്യപ്പന്മാരെ പോലെ അവർ തരൂരിന് ശരണം വിളിച്ചു. വാൽനക്ഷത്രങ്ങൾ കണക്കെ അവർ ഓരോ സ്ഥലത്തും അദ്ദേഹത്തെ അനുഗമിച്ചു. തരൂരിന്റെ സദ്ഗുണങ്ങളും മഹത്വവും വാഴ്ത്തിപ്പാടാൻ ഉറക്കമിളച്ചിരുന്ന് പ്രസംഗങ്ങൾ കാണാപാഠം പഠിച്ചു. ഇനി വരാനിരിക്കുന്നത് തരൂർ ദിനങ്ങൾ എന്ന് സ്വയം വിശ്വസിച്ചും മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ ശ്രമിച്ചും ഇക്കൂട്ടർ പെടാപ്പാടുപെട്ടു. മുരളീലോലനും രാഘവവീരനും തരൂർ സ്തുതികളുമായി കളത്തിൽ സജീവമായി.

അപ്പോഴാണ് നമ്മുടെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ഒരു അസ്‌കിത. തരൂരിന്റെ പ്രവർത്തനങ്ങൾ രാഷ്ട്രീയ മര്യാദയ്ക്കും സംഘടനാ ചട്ടങ്ങൾക്കും യോജിച്ചതല്ലെന്ന് നീതിമാനായ പ്രതിപക്ഷ നേതാവിന് ബോദ്ധ്യപ്പെട്ടു. അതുവരെ വി.ഡിക്കെതിരെ വാളോങ്ങിനിന്ന ചെന്നിത്തല ഗാന്ധിയും തരൂർനിഗ്രഹത്തിൽ പ്രതിപക്ഷനേതാവിനൊപ്പം കൈകോർത്തു. ഒരു കൈയിൽ ബലൂണും മറുകൈയിൽ മൊട്ടുസൂചിയുമായാണ് സതീശൻ തരൂർ നിഗ്രഹത്തിനിറങ്ങിയത്. ' ആറ്റിലേക്ക് അച്യുതാ ചാടല്ലേ ചാടല്ലേ' എന്ന മട്ടിൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനടക്കമുള്ള മുതിർന്ന നേതാക്കൾ പലരും അർത്ഥഗർഭമായ മൗനം പാലിച്ചു. ' കാലക്കേട് പിടിച്ചവൻ തലമുണ്‌ഡനം ചെയ്തപ്പോൾ കല്ലുമഴ പെയ്തു' എന്ന ചൊല്ലുപോലെയായി സതീശന്റെ അവസ്ഥ. കൈയിൽ ബലൂണൂം മൊട്ടുസൂചിയുമൊക്കെ കരുതിയെങ്കിലും ഒന്നു കുത്തിപ്പൊട്ടിക്കാൻ ആരും സഹായിച്ചില്ല. എന്ന് മാത്രമല്ല തരൂർപ്രഭ സംസ്ഥാനത്തെ പല ജില്ലകളിലേക്കും പരക്കാനും തുടങ്ങി. കിട്ടുന്ന സന്ദർഭങ്ങളിലെല്ലാം തന്നെ 'ആട്ടിക്കൊണ്ടി'രിക്കുന്ന ചങ്ങനാശ്ശേരി പ്രഭു തരൂരിനെ നേരിട്ട് ക്ഷണിക്കുകകൂടി ചെയ്തത് സതീശനെ വല്ലാതെ സങ്കടപ്പെടുത്തി.

തന്റെ ചുവടുകൾ പിഴച്ചുവെന്ന് ബോദ്ധ്യപ്പെട്ടതോടെ അദ്ദേഹവും മലക്കം മറിഞ്ഞു. തരൂരിനെ പുകഴ്ത്താനുള്ള പരമാവധി സന്നാഹങ്ങൾ അദ്ദേഹം പുറത്തെടുത്തു. തരൂരിനോട് ബഹുമാനമാണെന്നും അദ്ദേഹത്തിന്റെ വിശാല വിജ്ഞാനത്തിൽ തനിക്ക് അസൂയ ഉണ്ടെന്നും കൂടി പറഞ്ഞപ്പോൾ യഥാർത്ഥത്തിൽ നാണിച്ച് തലതാഴ്ത്തിയത് ഹൈബി ഈഡനാണ്. കാരണം തൊട്ടുതലേന്ന് തരൂർ സ്തുതിയുടെ പാരമ്യത്തിൽ എത്തിയെന്ന ചാരിതാർത്ഥ്യത്തോടെയാണ് അദ്ദേഹം വീട്ടിൽപോയത് . അപ്പോഴാണ് അതിനെ കടത്തി വെട്ടുംവിധം സതീശന്റെ പ്രവേശം. തന്നെ മാറിമാറി പുകഴ്ത്തുകയും തന്നെക്കുറിച്ച് ഓരോരുത്തരും സ്നേഹവാത്സല്യത്തോടെ പരാമർശിക്കുകയും ചെയ്യുന്നത് കണ്ട് അന്തംവിട്ട് നിൽക്കുകയാണ് ശശിതരൂരും.

ഇതുകൂടി കേൾക്കണേ

തരൂരിനെ ആദ്യം അവഗണിച്ച് വിടാനാണ് സംസ്ഥാന കോൺഗ്രസിലെ പലരും ശ്രദ്ധിച്ചത്. പക്ഷേ അദ്ദേഹത്തെ തോളിലേറ്റാനും കുറേപ്പേരുണ്ടെന്ന് തിരിച്ചറിയാൻ വൈകി. അതോടെയാണ് എതിർപ്പ് ലാളനയായത്. എങ്കിലും പാരവയ്പിന് പഞ്ഞമില്ലാത്ത കോൺഗ്രസിൽ തരൂരിന്റെ നാളത്തെ അവസ്ഥയെന്തെന്ന് പാഴൂർപടിക്കൽ പോയാലും കണ്ടെത്തുക പ്രയാസം.

Advertisement
Advertisement